20 September Friday

ഹൂതി മിസൈല്‍ ആക്രമണം; ഏദനിൽ 51 മരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

ഏദന്‍ > യമനിൽ ഹൂതി ആക്രമണത്തിൽ 51പേർ മരിച്ചു. തെക്കന്‍ തുറമുഖന​ഗരമായ ഏദന്‍ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ മിസൈല്‍ ആക്രമണത്തിലും പൊലീസ്‌ സ്റ്റേഷനിലുണ്ടായ  ചാവേര്‍ സ്ഫോടനത്തിലുമാണ്‌ മരണം. നിരവധിപേര്‍ക്ക് പരിക്കേറ്റു.

സൗദി നയിക്കുന്ന സംയുക്ത സൈനികസംഘത്തില്‍ അം​ഗമായ  യുഎഇയുടെ  പട്ടാളം  തമ്പടിച്ച ഏദനിലെ  ബ്രെയ്ഖ്വയില്‍ പരേഡ് നടക്കവേയാണ് മിസൈല്‍ വർഷിച്ചത്‌. അഭിവാദ്യം സ്വീകരിച്ച മുതിര്‍ന്ന സൈനിക കമാൻഡര്‍ മോനിയർ അൽ യാഫി അടക്കം 40 പേര്‍ കൊല്ലപ്പെട്ടു.
ഇതിന്‌ ഏതാനും നിമിഷങ്ങൾക്കു മുമ്പാണ് ന​ഗരത്തിന്റെ മറ്റൊരു മേഖലയായ ഒമർ അൽ മൊക്‌താറിൽ പൊലീസ്‌ സ്റ്റേഷന്‌ ലക്ഷ്യമിട്ട്‌ സംഘടിത ചാവേര്‍ ആക്രമണമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ കുത്തിനിറച്ച കാറും ബസും മൂന്ന് മോട്ടോര്‍ സൈക്കിളും പൊലീസ് സ്റ്റേഷന്‍ ലക്ഷ്യമായെത്തി പൊട്ടിത്തെറിക്കുകയായിരുന്നു.

നാലു ചാവേറുകളാണ് സ്ഫോടനം  നടത്തിയത‌്.11 പേര്‍ തല്‍ക്ഷണം മരിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹൂതി വിമതര്‍ 2014ല്‍ സനയുടെ നിയന്ത്രണം പിടിച്ചതോടെ യമന്‍ സംഘര്‍ഷഭരിതമായി. അയല്‍രാജ്യമായ സൗദി വിമതരെ തുരത്താനെന്ന പേരില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. യമനിലെ സൈനികസാന്നിധ്യം കുറയ്ക്കുമെന്ന് കഴിഞ്ഞദിവസം യുഎഇ പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top