ഗാസ > ഇസ്രയേൽ സൈനിക സമ്മർദം തുടർന്നാൽ ബന്ദികൾ ജീവനോടെയുണ്ടാകില്ലെന്ന് ഹമാസിന്റെ ഭീഷണി. തങ്ങളുടെ തടങ്കൽ സ്ഥലങ്ങളിൽ ഇസ്രയേൽ സൈന്യം എത്തിയാൽ ബന്ദികളെ എന്തുചെയ്യണം എന്നത് സംബന്ധിച്ച് പുതിയ നിർദേശം നൽകിയിട്ടുണ്ടെന്നും ഹമാസ് സായുധ വിഭാഗം തിങ്കളാഴ്ച പറഞ്ഞു.
കഴിഞ്ഞദിവസം ഹമാസ് വധിച്ച ആറ് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതോടെ ഹമാസുമായി വെടിനിർത്തൽ കരാറിലെത്താത്തതിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. തിങ്കളാഴ്ച രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്‌റ്റഡ്രറ്റ് ആഹ്വാനം ചെയ്ത പണിമുടക്കിൽ വ്യാപാര–വ്യവസായ സ്ഥാനപങ്ങളുടെയടക്കം പ്രവർത്തനം നിലച്ചു. ബാങ്കുകളും ഷോപ്പിങ് മാളുകളും അടച്ചിട്ടു. വിമാന സർവീസുകളും നിലച്ചു. രാജ്യവ്യാപക പ്രതിഷേധത്തിൽ അഞ്ചുലക്ഷത്തോളം പേർ അണിചേർന്നു. ഹമാസുമായി കരാറിലെത്തി ശേഷിക്കുന്ന ബന്ദികളെയെങ്കിലും ജീവനോടെ രാജ്യത്തെത്തിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൊല്ലപ്പെട്ട ബന്ദികളുടെ കുടുംബാംഗങ്ങളോട് നെതന്യാഹു മാപ്പ് പറഞ്ഞിരുന്നു.
ബന്ദികളുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്തം നെതന്യാഹുവിനും ഇസ്രായേൽ സൈന്യത്തിനുമാണെന്നാണ് ഹമാസും ആരോപിക്കുന്നത്. നേരിട്ടുള്ള വ്യോമാക്രമണത്തിലൂടെ ഡസൻ കണക്കിന് പലസ്തീനികളെ ഇസ്രായേൽ ബോധപൂർവം കൊലപ്പെടുത്തി, തടവുകാരുടെ കൈമാറ്റ ഇടപാട് മനഃപൂർവം തടസ്സപ്പെടുത്തി. ഒരു കരാറിലൂടെ യുദ്ധമവസാനിപ്പിക്കുന്നതിനു പകരം സൈനിക സമ്മർദ്ദത്തിലൂടെ തടവുകാരെ മോചിപ്പിക്കണമെന്ന നെതന്യാഹുവിന്റെ നിർബന്ധം വ്യക്തമാക്കുന്നത് അവർ ശവപ്പെട്ടിക്കുള്ളിൽ മാത്രമെ കുടുംബങ്ങളിലേക്ക് മടങ്ങൂ എന്നാണെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ പ്രസ്താവനയിൽ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..