08 August Saturday

ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുമെന്ന് ഇറാന്‍

അനസ് യാസിന്‍Updated: Friday Jul 26, 2019

മനാമ> ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുമെന്ന് ഇറാന്‍ ആവശ്യശപ്പട്ടു. തന്ത്ര പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം ശല്യമില്ലാതെ സുരക്ഷിതമാക്കുമെന്നും പിടികൂടിയ കപ്പലുകള്‍ പരസ്പരം വെച്ചുമാറുന്നതിനുള്ള സന്നദ്ധതയും ഇറാന്‍ മുന്നോട്ടുവെച്ചു.

ചില യൂറോപ്യന്‍ രാജ്യങ്ങളുമായി തുടര്‍ച്ചയായ സംഘര്‍ഷത്തിന് തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളോട് അവര്‍ പ്രതിബദ്ധത കാണിക്കുകയും ജിബ്രാള്‍ട്ടറില്‍ കാണിച്ചതുപോലുള്ള തെറ്റായ നടപടികള്‍ ഉപേക്ഷിക്കുകയും ചെയ്താല്‍ അവരുടെ അനുയോജ്യമായ പ്രവര്‍ത്തിക്ക് പകരമായി, ഇറാനില്‍നിന്നും അതുപോലുള്ള പ്രതികരണം അവര്‍ക്കും പ്രതീക്ഷിക്കാമെന്ന് റുഹാനിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അറേബ്യന്‍ ഗള്‍ഫില്‍ കപ്പല്‍ ഗതാഗത സംരക്ഷണത്തിന് യൂറോപ്യന്‍ യൂണിയന്‍ നേതൃത്വത്തില്‍ പ്രത്യേക സംരക്ഷണ സേന രൂപീകരിക്കാനുള്ള ബ്രിട്ടീഷ് പദ്ധതിയെ തള്ളിയ ഇറാന്‍ അത് അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുകയെന്നും കുറ്റപ്പെടുത്തി.

ബുധനാഴ്ചയാണ് ഇറാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയില്‍ സംഘര്‍ഷാന്തരീക്ഷത്തിന് അയവുവരുത്തുന്നതാണ് ഇറാന്‍ പ്രസ്താവന. ഇതിനു പിന്നാലെ ബ്രിട്ടീഷ് ചരക്ക് കപ്പല്‍ ബിഡബ്ല്യു എലം ഹോര്‍മുസ് കടലിടുക്ക് വഴി കടന്നു പോയി. വെള്ളിയാഴ്ച ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന എംപെേറാ ഇറാന്‍ പിടികൂടിയ ശേഷം ഇതുവഴി യാത്രചെയ്ത ആദ്യ ബ്രിട്ടീഷ് കപ്പലാണ് ബിഡബ്ല്യു എലം. ഈ കപ്പലിന് നേരിട്ട് സംരക്ഷണം നല്‍കാതെ ബ്രിട്ടീഷ് യുദ്ധകപ്പലായ എച്ച്എംഎസ് മോണ്ട്‌റോസ് പിന്‍തുടര്‍ന്നിരുന്നു.

അതിനിടെ, ഇറാന്‍ കസ്റ്റഡിയില്‍ കഴിയുന്ന ബ്രിട്ടീഷ് എണ്ണ കപ്പലായ സ്‌റ്റെന എംപെറോയിലെ ജീവനക്കാരുമായി ആശയ വിനിമയം നടത്തിയതായി കമ്പനി അറിയിച്ചു. ജീവനക്കാര്‍ എല്ലാവരും ആരോഗ്യവാന്‍മാരാണ്. പല ജീവനക്കാരും കുടുംബവുമായി ബന്ധപ്പെട്ടു. അഞ്ചു ദിവസത്തിനുഎ ശേഷമാണ് ആശയ വിനിമയം സാധ്യമായത്. ഇറാന്‍ ഭാഗത്തുനിന്നുള്ള ആദ്യ നുകൂല പ്രതികരണമാണിതെന്നും വരും ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമെന്നും കമ്പനി സിഇഒ എറിക് ഹാനെല്‍ അറിയിച്ചു.

ഇറാന്‍ പിടികൂടിയ കപ്പലിന്റെ മോചനത്തിനായി ബ്രിട്ടീഷ് ശ്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. കപ്പലില്‍ 18 ഇന്ത്യക്കാരാടക്കം 23 ജീവനക്കാരുണ്ട്. ഇവരുടെ മോചന ശ്രമങ്ങളും നീണ്ടു പോകുകയാണ്. ഈ മാസാദ്യം സിറിയിലേക്ക് ഉപരോധം ലംഘിച്ചു എണ്ണ കടത്തുന്നുവെന്നാരോപിച്ച് ജിബ്രാള്‍ട്ടര്‍ കടലില്‍ ഇറാനിയന്‍ കപ്പല്‍ ഗ്രേസ് 1 ബ്രിട്ടീഷ് നാവിക സേന പിടകൂടിയിരുന്നു. ഇതിലെ മലയാളികളുള്‍പ്പെടെയുള്ള ജീവനക്കാരുടെ മോചനവും എങ്ങുമെത്തിയിട്ടില്ല. കപ്പല്‍ പിടികൂടിയതിനെ കടല്‍ക്കൊള്ള എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ഈ കപ്പല്‍ വിട്ടു നല്‍കിയാല്‍ സ്‌റ്റെനാ എംപെറോ വിട്ടു നല്‍കുമെന്ന സൂചനയാണ് ബുധനാഴ്ച ഇറാന്‍ നല്‍കിയത്.

ഗള്‍ഫ് സമുദ്ര സംരക്ഷണ സേന എന്ന ബ്രിട്ടീഷ് പദ്ധതിയെ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ പിന്‍തുണച്ചിട്ടുണ്ട്. എന്നാല്‍, ഇതേ ലക്ഷ്യവുമായി അമേരിക്ക തയ്യാറാക്കിയ ഓപ്പറേഷന്‍ സെന്റിനല്‍ എന്ന പദ്ധതിയെ ബ്രിട്ടനോ, നാറ്റോ അംഗ രാജ്യങ്ങളായ മറ്റ് യൂറോപ്യന്‍ ശക്തികളോ പിന്‍തുണച്ചിട്ടില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top