06 December Friday

‘ഹോങ്കോങ്ങി’ൽ നിലപാട്‌ കടുപ്പിച്ചു; യുഎസ്‌ എൻജിഒകൾക്ക്‌ ചൈനയുടെ ഉപരോധം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

ഹോങ്കോങ്‌ > അമേരിക്കൻ പിന്തുണയോടെ ഹോങ്കോങ്ങിൽ വീണ്ടും ചൈന വിരുദ്ധ സമരം ശക്തമായതോടെ ചൈന നടപടി കടുപ്പിക്കുന്നു. ഞായറാഴ്‌ച സമരക്കാർ അമേരിക്കൻ  പതാകയുമായി  തെരുവിൽ ഇറങ്ങിയതോടെ നിരവധി അമേരിക്കൻ സർക്കാരിതര സംഘടനകൾക്ക്‌ ചൈന ഉപരോധമേർപ്പെടുത്തി. ഹോങ്കോങ്ങിൽ ‘വിശ്രമത്തിനായി’ യുദ്ധക്കപ്പലുകളും വിമാനങ്ങളും ഇറക്കാനുള്ള അമേരിക്കയുടെ അഭ്യർഥന ചൈന തള്ളി. ചൈനീസ്‌ ഉൽപ്പന്നങ്ങൾക്ക്‌ അമേരിക്ക ഏർപ്പെടുത്തിയ ഇറക്കുമതി തീരുവ പിൻവലിക്കണം. അമേരിക്ക തെറ്റുതിരുത്തിയില്ലെങ്കിൽ തുടർനടപടി ആലോചിക്കും.

ചൈനാവിരുദ്ധ സമരക്കാർക്ക്‌ പിന്തുണയേകി അമേരിക്കൻ കോൺഗ്രസ്‌ പാസാക്കിയ ബിൽ നിയമമാക്കി പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ കഴിഞ്ഞ ദിവസം ഒപ്പിട്ടതാണ്‌ ചൈനയെ കടുത്ത നിലപാടിലേക്ക്‌ എത്തിച്ചത്‌.  നിയമം തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടലാണെന്ന്‌ ചൈന പ്രതികരിച്ചു. അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും ഹോങ്കോങ്ങിൽ ഇറങ്ങാനുള്ള അമേരിക്കയുടെ അപേക്ഷ നിരസിച്ചതായി ചൈനീസ്‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഹോങ്കോങ്ങിലെ വിഷയങ്ങളിൽ ‘തെറ്റായി’ ഇടപെടുന്ന എൻജിഒകൾക്ക്‌ ഉപരോധം ഏർപ്പെടുത്തിയതായും വിദേശകാര്യ വക്താവ്‌ ഹുവ ചുൻയിങ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാഷണൽ എൻഡോവ്‌മെന്റ്‌ ഫോർ ഡമോക്രസി, ഹ്യുമൻ റൈറ്റ്‌സ്‌ വാച്ച്‌, ഫ്രീഡം ഹൗസ്‌ തുടങ്ങിയ നിരവധി സംഘടനകൾക്കാണ്‌ ഉപരോധം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top