18 September Wednesday

കൊടും ചൂടില്‍ വെന്തുരുകി ഗള്‍ഫ്; കുവൈറ്റില്‍ ഒരു മരണം

അനസ് യാസിന്‍Updated: Thursday Jun 13, 2019

മനാമ> കുവൈത്തും സൗദിയും ഉള്‍പ്പെടെ ഗള്‍ഫ് മേഖല ചുട്ടുപൊള്ളുന്നു. അസഹനീയമാം വിധം താപനില ഉയര്‍ന്നിരിക്കയാണ് മിക്ക രാജ്യങ്ങളിലും. താപാഘാതത്തില്‍ കുവൈത്തില്‍ ഒരാള്‍ മരിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ചൂടാണ് കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തുന്നത്. കുവൈത്തില്‍ കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയത് ലോകത്തെ ഏറ്റവും വലിയ ചൂട്- 52.2 ഡിഗ്രി സെല്‍ഷ്യസ്. ഉച്ചക്ക് താപനില 63 ഡിഗ്രി വരെ എത്തി. രണ്ടാം സ്ഥാനത്ത് ഇറാഖിലെ ബസ്രയാണ്. 49.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു അന്നത്തെ ബസ്രയിലെ ശരാശരി താപനില. അതേ ദിവസം ഉച്ച സമയം സൗദിയിലെ മജ്മയില്‍ 55 ഡിഗ്രി താപനില രേപ്പെടുത്തി.

യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവടങ്ങളില്‍ എല്ലാം കൊടും ചൂടാണ് അനുഭവപ്പെടുന്നത്.  ഉയര്‍ന്ന താപനിലയോടൊപ്പം പലപ്പോഴും ഹ്യുമിഡിറ്റിയും വര്‍ധിക്കുന്നത് യാത്രകളും പുറത്തെ ജോലികളും അസഹ്യമാക്കുന്നു.

വേനലില്‍ സാധാരണ ഉണ്ടാകാറുള്ള താപ തരംഗം ഇത്തവണ നേരത്തെ എത്തിയതാണ് വേനല്‍ തുടക്കത്തിലേ പൊള്ളാന്‍ കാരണമായത്. സാധാരണ താപതരംഗം ജൂണ്‍ 21 ന് ശേഷമാണ് ഉണ്ടാകാറ്.

കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫില്‍ വരും ദിവസങ്ങളിലും താപനില ഉയര്‍ന്നു നില്‍ക്കുമെന്ന് കാലവാസ്ഥാ വിഭാഗം അറിയിച്ചു. കുവൈത്തില്‍ അടുത്ത മാസം താപനില  68 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇറാഖിലെ തെക്കന്‍ പ്രവശ്യയായ മയ്‌സാനില്‍ 55.6ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തി. യുഎഇയിലെ അല്‍ ഐനിലും ദെല്‍മയിലും വരും ദിവസങ്ങളില്‍ താപനില 48 ഡിഗ്രിവരെയെത്തുമെന്നാണ് പ്രവചനം.

പലയിടത്തും തുറസായ സ്ഥലങ്ങളില്‍ ഉച്ചക്ക് ജോലി ചെയ്യതുന്നതു വിലക്കി. രാവിലെ ഒന്‍പതിനും വൈകിട്ട് നാലിനുമിടയിലുള്ള ചടങ്ങുകളും ഒഴിവാക്കുന്നുണ്ട്. ചൂട് കൂടുന്നത് സ്‌കൂള്‍ കുട്ടികളെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇതേതുടര്‍ന്ന്, ഇന്ത്യന്‍ സ്‌കൂളുകള്‍ മധ്യവേനല്‍ അവധിക്ക് നേരത്തെ അടക്കണമെന്ന ആവശ്യം പ്രവാസികളില്‍ ശക്തമായി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top