Deshabhimani

​ഗാസയിൽ പൊളിയോ വാക്സിൻ വിതരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 01, 2024, 04:07 PM | 0 min read

ഗാസ >  ഇസ്രയേലിന്റെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഗാസയിൽ ലോകാരോ​ഗ്യ സംഘടനയുടെ നേതൃത്വത്തിൽ പോളിയോ വാക്സിൻ വിതരണം പുരോ​ഗമിക്കുന്നു. 12 ലക്ഷത്തിലേറെ ഡോസ് വാക്സിൻ ഇതിനകം ​ഗാസയിൽ എത്തിച്ചെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പത്തുവയസിന്‌ താഴെയുള്ള  6,40,000 കുട്ടികൾക്ക്‌ വാക്സിൻ വിതരണം ചെയ്യാനാണ് നീക്കം. യുഎൻ ഉദ്യോഗസ്ഥർക്കും സന്നദ്ധ സംഘടനകൾക്കുമൊപ്പം ​ഗാസയിലെ ആരോഗ്യ പ്രവർത്തകരും പോളിയോ വാക്സിനേഷൻ കാമ്പെയിനിൽ പങ്കെടുക്കുമെന്ന് ഗാസ ആരോഗ്യ മന്ത്രാലയത്തിലെ പ്രാഥമിക ആരോഗ്യ പരിപാലന ഡയറക്ടർ മൂസ അബേദ് അറിയിച്ചു.

വാക്സിൻ വിതരണത്തിനായി പരിമിതമായി വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ട്. മധ്യഗാസയിലും തെക്കൻ ഗാസയിലും വടക്കൻ ഗാസയിലുമായി മൂന്നുദിവസം ഒമ്പതുമണിക്കൂർ വീതം വെടിനിർത്താനാണ്‌ ധാരണ. രാവിലെ ആറുമുതൽ പകൽ മൂന്നുവരെ ആക്രമണം നിർത്തിവയ്ക്കാനാണ്‌ ഇസ്രയേൽ സമ്മതിച്ചതെന്ന് ലോകാരോ​ഗ്യ സംഘടന അറിയിച്ചു. അതേസമയം പൂർണ വെടിനിർത്തലുണ്ടാവില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു.

ഗാസയിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചിരുന്നു. യുദ്ധത്തിൽ മേഖലയിലെ മാലിന്യ നിർമാർജന സംവിധാനങ്ങളെല്ലാം തകർന്ന നിലയിലാണ്. പലയിടത്തും വെള്ളത്തിൽ പോളിയോ വാക്സിന്റെ സാന്നിധ്യവും കണ്ടെത്തി. ഇതെതുടർന്നാണ് അടിയന്തരമായി വാക്സിനേഷൻ നടത്തണമെന്ന ആവശ്യവുമായി ലോകാരോ​ഗ്യ സംഘടന മുന്നോട്ട് വന്നത്.
 



deshabhimani section

Related News

View More
0 comments
Sort by

Home