12 December Thursday

പിന്നോട്ടില്ല ; യഹിയ സിൻവറിന്റെ മരണം പോരാട്ടങ്ങൾക്ക്‌ കരുത്തേകും : ഹമാസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024


ഗാസ സിറ്റി
യഹിയ സിൻവറിന്റെ മരണം പോരാട്ടങ്ങൾക്ക്‌ കരുത്തേകുമെന്നും ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്നും ഹമാസ്.  ഇസ്‌മയിൽ ഹനിയയുടെ പിൻഗാമിയായി ആഗസ്‌തിൽ ഹമാസ്‌ തലവനായ സിൻവർ ചുമതലയേറ്റെടുത്ത്‌ മൂന്നാംമാസമാണ് കൊല്ലപ്പെട്ടത്‌. 

കഴിഞ്ഞ വർഷം ഒക്‌ടോബർ 7ന്‌ ഇസ്രയേലിൽ ഹമാസ്‌ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനാണ് യഹിയ സിൻവർ എന്ന് കരുതപ്പെടുന്നു. 1962ൽ ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിലെ അഭയാർഥി ക്യാമ്പിലാണ്‌ യഹിയ സിൻവർ ജനിച്ചത്‌. 1980കളുടെ തുടക്കത്തിൽ മുസ്ലിം ബ്രദർഹുഡിൽ സജീവമായി.  ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ അൽമജ്‌ദിന്റെ സ്ഥാപകരിൽ പ്രധാനിയായിരുന്നു.1988ൽ രണ്ട്‌ ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിൻവറിന്‌ നാല്‌ ജീവപര്യന്തമാണ്‌ ഇസ്രയേൽ വിധിച്ചത്‌. 1988ൽ തന്റെ 26–-ാം വയസിൽ ജയിൽവാസം ആരംഭിച്ച സിൻവർ 22 വർഷത്തിനുശേഷം 2011ലാണ്‌ മോചിതനായത്‌. ഒരു ഇസ്രയേലി സൈനികന്‌ പകരമായി സിൻവർ ഉൾപ്പെടെ 1,027 തടവുകാരെ ഇസ്രയേൽ മോചിപ്പിക്കുകയായിരുന്നു.
ഇസ്രയേലിനായി ചാരപ്രവൃത്തി ചെയ്യുന്നെന്ന്‌ സംശയിക്കുന്ന പലസ്‌തീൻകാരെ സിൻവറിന്റെ നേതൃത്വത്തിൽ ദയാരഹിതമായി ശിക്ഷിച്ചിരുന്നു.

ചെറുത്തുനിൽപ്പ്
 ശക്തിപ്പെടുമെന്ന് ഇറാൻ
ഹമാസ്‌ തലവൻ യഹിയ സിൻവറിന്റെ രക്തസാക്ഷിത്വം ഇസ്രയേലിനെതിരായ ചെറുത്തുനിൽപ്‌ ശക്തിപ്പെടുത്തുമെന്ന് ഇറാൻ. പലസ്‌തീൻ വിമോചനത്തിനായി സിൻവർ നടത്തിയ പോരാട്ടം യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാണ്‌. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം പ്രതിരോധവും നിലനിൽക്കുമെന്നും ഇറാൻ സൈന്യം എക്‌സിൽ കുറിച്ചു.

55 ഇസ്രയേൽ സൈനികരെ വധിച്ചെന്ന് ഹിസ്‌ബുള്ള
ലെബനനിൽ ഇസ്രയേലുമായുള്ള പോരാട്ടം അടുത്ത ഘട്ടത്തിലേക്ക്‌ കടന്നെന്നും പോരാട്ടം ശക്തമാക്കുമെന്നും ഹിസ്‌ബുള്ള. ലെബനനിൽ ഇതുവരെ 55 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയെന്നും 500ലേറെ സൈനികർക്ക്‌ പരിക്കേറ്റതായും ഹിസ്‌ബുള്ള അറിയിച്ചു.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top