25 August Sunday

വീണ്ടും യുദ്ധകപ്പല്‍; ഗള്‍ഫില്‍ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ ബ്രിട്ടന്‍

അനസ് യാസിന്‍Updated: Thursday Jul 18, 2019

മനാമ> ഇറാന്‍-യുഎസ് സംഘര്‍ഷം തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലേക്ക് മൂന്നാമത്തെ യുദ്ധ കപ്പല്‍ അയക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടന്‍. സ്‌പെതംബര്‍ മധ്യത്തോടെ യുദ്ധകപ്പലായ എച്ച്എംഎസ് കെന്റിനെ മേഖലയിലേക്ക് അയക്കാനാണ്  ബ്രിട്ടന്‍ പദ്ധതി. ഗള്‍ഫ് മേഖലയിലെ ബ്രിട്ടീഷ് നാവിക സേനയുടെ സാന്നിധ്യം കരുത്തുറ്റതാക്കുകയാണ് ലക്ഷ്യം.

യുദ്ധക്കപ്പലിനു പുറമെ ഒരു നാവിക ടാങ്കറും മേഖലയിലേക്ക് അയക്കുന്നുണ്ട്. ഇവ ബഹ്‌റൈനിലെ റോയല്‍ നേവി ബേസിലായിരിക്കും ഉണ്ടാവുക. എന്നാല്‍, യുദ്ധ കപ്പല്‍ അയച്ചത് ഇറാനുമായി ഏറ്റുമുട്ടലിനല്ലെന്നും ഇറാന്‍ വിഷയവുമായി ബന്ധപ്പെട്ടല്ലെന്നും ബ്രിട്ടീഷ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ സമുദ്ര സുരക്ഷാ സാന്നിധ്യം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണു പുതിയ യുദ്ധ കപ്പല്‍ അയക്കുന്നത്. 
നിലവില്‍ ഗള്‍ഫ് മേഖലയില്‍ ബ്രിട്ടന് എച്ച്എംഎസ് മോണ്‍ട്രോസ് എന്ന യുദ്ധ കപ്പലുണ്ട്. ഇതിനു പുറമേ കഴിഞ്ഞ 13ന് എച്ച്എംഎസ് ഡങ്കന്‍ എന്ന കപ്പല്‍ മേഖലയിലേക്ക് അയച്ചിരുന്നു. ഇത് അടുത്ത ദിവസം എത്തുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമേയാണ് മൂന്നാമത്തെ കപ്പലും അയക്കുന്നത്.

യൂറോപ്യന്‍ യൂണിയന്റെ ഉപരോധം വകവയ്ക്കാതെ സിറിയയിലേക്ക് എണ്ണ കയറ്റുന്നതായി ആരോപിച്ച് ഇറാന്റെ എണ്ണക്കപ്പല്‍ രണ്ടാഴ്ച മുന്‍പ് ബ്രിട്ടീഷ് നാവികസേന തടഞ്ഞുവച്ചിരുന്നു. ടാങ്കര്‍ ഇപ്പോള്‍ ജിബ്രാള്‍ട്ടര്‍ തീരത്ത് നങ്കൂരമിട്ടിരിക്കയാണ്. എണ്ണടാങ്കര്‍ സിറിയയിലേക്ക് ഉള്ളതല്ലെന്നും ഉടന്‍ വിട്ടയക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ഇത്തരം നീക്കം തുടരുകയാണെങ്കില്‍  ബ്രിട്ടീഷ് ടാങ്കറുകള്‍ തടായാന്‍ സാധിക്കുമെന്ന്  ഇറാന്‍ സൈനിക കമാന്‍ഡര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ച് ബ്രിട്ടീഷ് എണ്ണടാങ്കറിനെ തടയാന്‍ ഇറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബ്രിട്ടന്‍ രംഗത്തെത്തി. എന്നാല്‍, ആരോപണം ഇറാന്‍ തള്ളി.

അതിനിടെ, ഹോര്‍മുസ കടലിടിക്കിനു സമീപംവെച്ച് ഷിപ്പ് ട്രാക്കിംഗ് മാപ്പില്‍ നിന്നും എണ്ണ ടാങ്കര്‍ എംടി റിഹാ അപ്രത്യക്ഷമായതില്‍ ദുരൂഹത തുടരുന്നു. കപ്പലില്‍ 25 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇറാന്‍ സമുദ്ര ഭാഗത്തേക്ക് കെട്ടിവലിച്ചുകൊണ്ടുപോകുന്നതായി കണ്ട ടാങ്കര്‍ ഇറാന്‍ പിടികൂടി കൊണ്ടു പോകുകയാണോ അതോ രക്ഷപ്പെടുത്തി കൊണ്ടുപോകുകയാണോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, അപല്‍ സന്ദേശം പുറപ്പെടുവിച്ച കപ്പലിനെ തങ്ങളുടെ സമുദ്ര ഭാഗത്തേക്ക് കെട്ടിവലിച്ചുകൊണ്ടുവരികയായിരുന്നുവെന്ന് ഇറാന്‍ നാവിക സേന അറിയിച്ചു. ഏതാണ് കപ്പല്‍ എന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, കാണാതായ ടാങ്കറര്‍ ആയിരിക്കുമിതെന്ന നിഗമനത്തിലാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ ടാങ്കര്‍ കാണാതായത്. യുഎഇയിലെ കെആര്‍ബി പെട്രോചെം എന്ന കമ്പനി ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top