23 September Saturday

ഒളിച്ചോടിയ പ്രസിഡന്റ് ; രജപക്സെ യു​ഗത്തിന്റെ അന്ത്യം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 13, 2022


കൊളംബോ
ശ്രീലങ്കയുടെ രാഷ്ട്രീയചരിത്രത്തില്‍ രജപക്സെ കാലത്തിന്റെ അവസാന നാളുകള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ശ്രീലങ്കയുടെ തെക്കന്‍ ജില്ലകളിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ ശക്തരായ രജപക്സെ കുടുംബം ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയരായത് 2005ല്‍ മഹിന്ദ രജപക്സെ പ്രസിഡന്റായതോടെയാണ്. ബുദ്ധ സിംഹള ഭൂരിപക്ഷത്തിന്റെ പിന്തുണയില്‍ അധികാരത്തിലെത്തിയ മഹിന്ദ 2009ല്‍ എല്‍ടിടിഇയെ തകര്‍ത്തപ്പോള്‍ തന്ത്രപ്രധാന ചുമതല ഇളയ അനുജന്‍ ​ഗോതബായയ്ക്കായിരുന്നു.

2015ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേനയോട് മഹിന്ദ തോറ്റു. 2019ല്‍ ​ഗോതബായയുടെ വിജയത്തോടെ രജപക്സെ വീണ്ടും അധികാരകേന്ദ്രമായി.  രാജ്യത്തെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് നയിച്ച തെറ്റുകളുടെ പരമ്പരയായിരുന്നു പിന്നീടുണ്ടായത്. 

ജനം തെരുവില്‍
2019 ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനം ടൂറിസത്തെ പ്രതികൂലമായി ബാധിച്ചു. വിവാ​​ദ വികസന പദ്ധതികളായ തുറമുഖം, വിമാനത്താവളം എന്നിവയ്ക്കുവേണ്ടി എടുത്ത വിദേശവായ്പകള്‍ തിരിച്ചയ്ക്കാനാകാതെവന്നു. അപ്പോഴും മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ ജനപ്രീതി ലക്ഷ്യമിട്ട് വലിയ നികുതിയിളവ് പ്രഖ്യാപിച്ചു. കോവി‍ഡ് അടച്ചിടലും രാസവള നിരോധനവും കൂടിയായപ്പോള്‍ സാമ്പത്തികത്തകര്‍ച്ച പൂര്‍ണമായി. ഭക്ഷ​ണം, പാചകവാതകം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ ക്ഷാമം സഹിക്കാതെ ജനം തെരുവിലിറങ്ങി.

രജപക്സെ യു​ഗത്തിന്റെ അന്ത്യം
ഏപ്രിലില്‍ കുടുംബത്തിന്റെ രാഷ്ട്രീയപതനം ആരംഭിച്ചു. രാജ്യവ്യാപക പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ധനമന്ത്രി ബേസില്‍ രജപക്സെയടക്കം മൂന്നു കുടുംബാം​ഗങ്ങള്‍ രാജിവച്ചു. പിന്നീട് പ്രധാനമന്ത്രി മഹിന്ദ രജപക്സെയും രാജിവച്ച് നാവിക ആസ്ഥാനത്ത് അഭയംതേടി. പ്രശ്നങ്ങള്‍ തണുക്കുമെന്നു കരുതി ​ഗോതബായ അധികാരത്തില്‍ തുടര്‍ന്നു. ‌എന്നാല്‍ സ്വന്തം ജനങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കുടുംബസമേതം പലായനം ചെയ്യേണ്ടിവന്നു ലങ്കന്‍ പ്രസിഡന്റിന്.

രാജ്യംവിട്ടിട്ടും പിടിവിടാതെ ഗോതബായ
ഈമാസം ഒമ്പതിന്‌ പ്രക്ഷോഭകർ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഗോതബായയും കുടുംബവും ഒളിച്ചോടി നാവികകേന്ദ്രത്തിൽ അഭയം പ്രാപിച്ചത്‌. അമേരിക്കയ്ക്ക്‌ കടക്കാനുള്ള ശ്രമം വിസ അപേക്ഷ നിരാകരിക്കപ്പെട്ടതോടെ വിഫലമായി. തുടർന്ന്‌ യുഎഇയിലേക്ക്‌ കടക്കാൻ നോക്കിയെങ്കിലും വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം നിസ്സഹകരിച്ചു. തുടർന്ന്‌ കപ്പലിൽ നാടുവിടാനായി ശ്രമം.

സുരക്ഷിതമായി രാജ്യം വിടാൻ അനുവദിച്ചാൽ മാത്രം രാജിയെന്ന ഉപാധിയും അവസാന നിമിഷം വച്ചു. ഇതും ഫലം കാണാതായതോടെയാണ്‌ വ്യോമസേനയുടെ പ്രത്യേക വ്യോമസനോ വിമാനത്തിൽ ബുധൻ പുലർച്ചെ മാലദ്വീപിലേക്ക്‌ കടന്നത്‌. അറസ്‌റ്റിലാകുന്നതിൽനിന്ന്‌ ശ്രീലങ്കൻ ഭരണഘടന പ്രസിഡന്റിന്‌ സംരക്ഷണം നൽകുന്നുണ്ട്. രാജിവച്ചും രാജ്യത്തുതുടർന്നാൽ ഈ സുരക്ഷ ഇല്ലാതാകും. ഭരണപക്ഷത്തിൽനിന്നുതന്നെ എതിർപ്പുള്ളതിനാൽ തടങ്കലിലാകുമെന്ന ഭീതിയുമുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top