26 February Wednesday

മോഡിയുടെ മതദേശീയനയങ്ങൾ അപകടകരമെന്ന്‌ ജോർജ്‌ സോറോസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

ദാവോസ്‌ > ബിജെപി ഭരണത്തിൽ ഇന്ത്യയിൽ മതദേശീയവാദം തീവ്രമാകുന്നതിനെതിരെ അമേരിക്കൻ നിക്ഷേപകനും ജീവകാരുണ്യ സഹായദാതാവുമായ ജോർജ്‌ സോറോസ്‌. ലോക സാമ്പത്തികവേദിയിൽ നടത്തിയ പ്രഭാഷണത്തിലാണ്‌ സോറോസ്‌ ഇന്ത്യയിൽ വളരുന്ന സങ്കുചിത ദേശീയവാദം മൂലമുള്ള അപകടങ്ങൾ എടുത്തുപറഞ്ഞത്‌.

ദേശീയവാദം പിൻവാങ്ങുന്നതിന്‌ പകരം മുന്നോട്ടാണ്‌. ഏറ്റവും വലിയതും ഭീഷണവുമായ തിരിച്ചടി ഇന്ത്യയിലാണ്‌. അവിടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോഡി ഹിന്ദു ദേശീയവാദ രാഷ്‌ട്രമാണ്‌ സൃഷ്‌ടിക്കുന്നത്‌. അർധ സ്വയംഭരണ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന കശ്‌മീരിനുമേൽ ശിക്ഷാനടപടികൾ അടിച്ചേൽപ്പിക്കുകയാണ്. ദശലക്ഷക്കണക്കിന്‌ മുസ്ലിങ്ങൾക്ക്‌ പൗരത്വം നിഷേധിക്കുമെന്ന്‌ ഭീഷണിയുയർത്തുകയാണ്‌–-സോറോസ്‌ പറഞ്ഞു.

അമേരിക്കയിൽ ആത്മരതിയിൽ അഭിരമിക്കുന്ന പ്രസിഡന്റ്‌ ട്രംപ്‌ ലോകം തനിക്കുചുറ്റും കറങ്ങണം എന്നാണ്‌ ആഗ്രഹിക്കുന്നത്‌. പ്രസിഡന്റാവുക എന്ന സ്വപ്നം സത്യമായപ്പോൾ അദ്ദേഹത്തിന്റെ ആത്മരതി രോഗലക്ഷണത്തിന്റെ തലത്തിലെത്തിയിരിക്കുകയാണ്‌. ഭരണഘടന പ്രസിഡന്റിന്‌ നിശ്ചയിച്ചിട്ടുള്ള പരിധികൾ ലംഘിച്ചതിന്‌ ട്രംപ്‌ ഇപ്പോൾ ഇംപീച്ച്‌മെന്റ്‌ നേരിടുന്നതും സോറോസ്‌ ചൂണ്ടിക്കാട്ടി. സ്വേച്ഛാധിപതികളാലും ഭാവിയിൽ അങ്ങനെ ആകാവുന്നവരാലും ഭരിക്കപ്പെടുന്ന ലോകത്ത്‌ പൗരസമൂഹത്തിന്റെ ശോഷണം ചെറുക്കാൻ ഒരു പുതിയ സർവകലാശാലാ ശൃംഖലയ്‌ക്ക്‌ സോറോസ്‌ 100 കോടി ഡോളർ പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top