14 July Tuesday

കത്തുന്ന പ്രതിഷേധം ; ഡിട്രോയിറ്റിൽ യുവാവ്‌ കൊല്ലപ്പെട്ടു,സിഎൻഎൻ ആസ്ഥാനവും നിരവധി വാഹനങ്ങളും ആക്രമിക്കപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

മിനിയാപൊളിസ്‌/അറ്റ്‌ലാന്റ
പ്രതിഷേധത്തിനിടെ ഡിട്രോയിറ്റിൽ യുവാവ്‌ കൊല്ലപ്പെട്ടു, അറ്റ്‌ലാന്റയിൽ സിഎൻഎൻ ആസ്ഥാനവും നിരവധി വാഹനങ്ങളും ആക്രമിക്കപ്പെട്ടു, ന്യൂയോർക്കടക്കം ഡസൻകണക്കിന്‌ അമേരിക്കൻ നഗരങ്ങളിലും പ്രതിഷേധം ഇരമ്പുന്നു, വാഹനങ്ങളും കടകളും കത്തിച്ചു; മിനെസൊട്ടയിൽ ജോർജ്‌ ഫ്ലോയ്‌ഡ്‌ എന്ന കറുത്തവർഗക്കാരൻ പൊലീസുകാരുടെ വംശീയവെറിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ മിനിയാപൊളിസ്‌ നഗരത്തിൽനിന്ന്‌ രാജ്യമെങ്ങും ജനരോഷം പടരുകയാണ്‌. കറുത്തവംശക്കാർ വൻതോതിൽ പങ്കെടുക്കുന്ന പ്രതിഷേധത്തിൽ വെള്ളക്കാരെയും കാണാം.

തിങ്കളാഴ്‌ചയാണ്‌ ജോർജ്‌ ഫ്ലോയ്‌ഡ്‌ കൊല്ലപ്പെട്ടത്‌. തെരുവിൽ കാറിൽനിന്ന്‌ പിടിച്ചിറക്കി വിലങ്ങുവച്ച്‌ റോഡിൽ വീഴ്‌ത്തി ഡെറിക്‌ ഷോവിൻ എന്ന പൊലീസുകാരൻ മുട്ടുകാൽ കഴുത്തിലമർത്തി ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു. ഷോവിനെ വെള്ളിയാഴ്‌ച രാവിലെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും അയാൾക്കൊപ്പം ജോലിയിൽനിന്ന്‌ പിരിച്ചുവിട്ട മറ്റ്‌ മൂന്ന്‌ പൊലീസുകാരെ പിടിച്ചിട്ടില്ല. കഴിഞ്ഞ നാല്‌ രാത്രിയിൽ അമേരിക്കൻ തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവർ ചിലയിടങ്ങളിൽ പൊലീസിന്റെ വംശീയ അതിക്രമങ്ങളിൽ കൊല്ലപ്പെട്ടവരുടെ നീണ്ട പട്ടിക കൈയിലേന്തിയിരുന്നു.

തോക്കിനുമുമ്പിൽ തോൽക്കില്ല  അമേരിക്കയിലെ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ്‌ ഫ്ളോയിഡിനെ പൊലീസ്‌ മൃഗീയമായി കൊന്നതിനെതിരെ സാൻജോസിൽ പൊലീസിനുമുന്നിൽ മുട്ടുകുത്തി പ്രതിഷേധിക്കുന്ന പ്രക്ഷോഭക

തോക്കിനുമുമ്പിൽ തോൽക്കില്ല അമേരിക്കയിലെ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ്‌ ഫ്ളോയിഡിനെ പൊലീസ്‌ മൃഗീയമായി കൊന്നതിനെതിരെ സാൻജോസിൽ പൊലീസിനുമുന്നിൽ മുട്ടുകുത്തി പ്രതിഷേധിക്കുന്ന പ്രക്ഷോഭക


 

ഡിട്രോയിറ്റിൽ പ്രതിഷേധക്കാർക്ക്‌ നേരെ ഒരു എസ്‌യുവിയിൽ(വാഹനം) നിന്നുണ്ടായ വെടിവയ്‌പിൽ ഒരു പത്തൊമ്പതുകാരനാണ്‌ കൊല്ലപ്പെട്ടത്‌. അറ്റ്‌ലാന്റയിൽ സിഎൻഎൻ ആസ്ഥാനത്തെ ജനൽ ചില്ലുകൾ തകർത്തതിന്‌ പുറമെ നിരവധി കാറുകളും നശിപ്പിക്കപ്പെട്ടു. ഹൂസ്‌റ്റൺ, വാഷിങ്‌ടൺ ഡിസി എന്നിവിടങ്ങളിലെല്ലാം അക്രമസംഭവങ്ങളുണ്ടായി. മിനിയാപൊളിസിൽ ഒരു ജാപ്പനീസ്‌ റസ്‌റ്റോറന്റും വെൽസ്‌ ഫാർഗോ ബാങ്കും ഒരു ഓഫീസ്‌ ഡിപ്പോയും മറ്റും ആക്രമിക്കപ്പെട്ടു. പലയിടത്തും സായുധ പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഡസൻകണക്കിനാളുകൾ അറസ്‌റ്റിലായി. ചിലയിടങ്ങളിൽ നാഷണൽ ഗാർഡ്‌സ്‌ സേനയെ രംഗത്തിറക്കിയിട്ടുണ്ട്‌. ജോർജിയ സംസ്ഥാനത്ത്‌ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സൈനിക പൊലീസിനെ ജാഗ്രതയിൽ നിർത്താൻ പെന്റഗൺ സൈന്യത്തോട്‌ ഉത്തരവിട്ടിട്ടുണ്ട്‌. ഇതിനിടെ കൊള്ളയുണ്ടായാൽ വെടിവയ്‌പുമുണ്ടാവും എന്ന സന്ദേശത്തിന്‌ ട്വിറ്ററിന്റെ നടപടി നേരിട്ട തന്റെ ട്വീറ്റ്‌ തെറ്റിദ്ധരിക്കപ്പെട്ടതാണ്‌ എന്ന് പ്രസിഡന്റ്‌ ട്രംപ്‌ അവകാശപ്പെട്ടു.


പ്രധാന വാർത്തകൾ
 Top