15 July Wednesday
അമേരിക്കയിലെ വ്യവസ്ഥാപരമായ മനുഷ്യാവകാശ പ്രശ്‌നമാണ്‌ പുറത്തുവരുന്നതെന്ന്‌ റഷ്യ

‘എനിക്ക്‌ ശ്വാസംമുട്ടുന്നു’ ; അലയടിച്ച്‌ പ്രതിഷേധം ; വിവിധ രാജ്യങ്ങളിലെ യുഎസ്‌ എംബസികളിലേക്ക്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ജോർജ്‌ ഫ്ലോയിഡിനെ കൈവിലങ്ങണിയിച്ച്‌ റോഡിൽകിടത്തിയ മാതൃകയിൽ കിടന്ന്‌ പെൻസിൽവാനിയയിലെ വിൽക്കസ്‌ബെയറിൽ പ്രതിഷേധിക്കുന്ന പ്രക്ഷോഭകർ


ലണ്ടൻ
അമേരിക്കയിലെ വർണവെറിയൻ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ ശ്വാസം മുട്ടിമരിച്ച കറുത്തവംശക്കാരൻ ജോർജ്‌ ഫ്‌ളോയ്‌ഡിന്റെ അന്ത്യവാക്കുകൾ ലോകമെങ്ങും അലയടിക്കുന്നു. വർഗ–-വർണ വ്യത്യാസമില്ലാതെ അതിരില്ലാത്ത ഐക്യദാർഢ്യവുമായി വിവിധ രാജ്യങ്ങളിലെ പ്രക്ഷോഭകർ വിളിച്ചുപറയുന്നു: ‘എനിക്ക്‌ ശ്വാസം മുട്ടുന്നു’.

ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലൻഡിലെ അമേരിക്കൻ കോൺസുലേറ്റിന്‌ മുന്നിലും ലണ്ടനിൽ യുഎസ്‌ എംബസിക്ക്‌ മുന്നിലും പ്രതിഷേധത്തിന്‌ ഒരേസ്വരം. അമേരിക്കൻ പൊലീസുകാർ ഫ്‌ളോയ്‌ഡിനെ വിലങ്ങണിയിച്ച്‌ വഴിയിൽ കിടത്തിയതുപോലെ ഓക്‌ലൻഡിൽ കോൺസുലേറ്റിന്‌ മുന്നിൽ ന്യൂസിലൻഡുകാർ കൈ പിറകിൽ കെട്ടി കമിഴ്‌ന്നുകിടന്നു.  ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ തീരുമാനിച്ച പ്രതിഷേധം വലതുപക്ഷത്തിന്റ ആക്രമണഭീഷണിയെ തുടർന്ന്‌ സംഘാടകർ ഉപേക്ഷിച്ചു.

ഫ്രാൻസിൽ നാലുവർഷം മുമ്പ്‌ പൊലീസ്‌ കസ്‌റ്റഡിയിൽ മരിച്ച അഗാമ ട്രൗറി എന്ന 24കാരന്റെ ബന്ധുക്കൾ ചൊവ്വാഴ്‌ച അമേരിക്കൻ പ്രക്ഷോഭകർക്ക്‌ പിന്തുണയുമായി ഒത്തുകൂടാൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. ജർമനിയിലെ ബെർലിനിൽ യുഎസ്‌ എംബസിക്ക്‌ സമീപം പൊലീസ്‌ പ്രക്ഷോഭകരെ തടയാൻ ശ്രമിച്ചത്‌ ഏറ്റുമുട്ടലിനിടയാക്കി.

ലെബനൻ, മധ്യ ജെറുസലേം തുടങ്ങിയ അറബ്‌ നാടുകളിലും പ്രതിഷേധമുയർന്നു. ലെബനനിൽ ‘അമേരിക്ക റിവോൾട്‌സ്‌’ എന്ന ഹാഷ്‌ടാഗ്‌ ഒറ്റദിവസം കൊണ്ട്‌ ട്രെന്റിങ്ങിൽ ഒന്നാമതായി.  ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രതിഷേധം തണുപ്പിക്കാൻ അവിടങ്ങളിലെ അമേരിക്കൻ സ്ഥാനപതിമാർ നീതി ഉറപ്പുനൽകി.

കോവിഡിനെ പിന്തള്ളി അമേരിക്കയിലെ പ്രതിഷേധം ലോകമെങ്ങും മാധ്യമങ്ങളിൽ മുഖ്യവാർത്തയായി.  ചൈന, ഇറാൻ, റഷ്യ, ഉത്തര കൊറിയ എന്നിവിടങ്ങളിലും മാധ്യമങ്ങൾ അമേരിക്കയിലെ പ്രതിഷേധം വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട്‌ ചെയ്‌തു. അമേരിക്ക ഹോങ്കോങ്ങിൽ ചെയ്‌തതുപോലെ അമേരിക്കയിലെ പ്രക്ഷോഭത്തെ ചൈന പിന്തുണയ്‌ക്കേണ്ടതുണ്ടോ എന്ന്‌ ചൈനയിലെ ഗ്ലോബൽ ടൈംസിൽ എഡിറ്റർ ഹു ഷിജിൻ ചോദിച്ചു. അമേരിക്കയിലെ വ്യവസ്ഥാപരമായ മനുഷ്യാവകാശ പ്രശ്‌നമാണ്‌ പുറത്തുവരുന്നതെന്ന്‌ റഷ്യ പ്രതികരിച്ചു.

പ്രതിഷേധച്ചൂടേറ്റ്‌ പത്രപ്രവർത്തകരും
കറുത്ത വംശജനായ ജോർജ്‌ ഫ്ലോയ്‌ഡിന്റെ കൊലപാതകത്തെ തുടർന്ന്‌ അമേരിക്കയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ നിരവധി മാധ്യമപ്രവർത്തകർ‌ ആക്രമിക്കപ്പെട്ടു.പ്രതിഷേധക്കാർക്ക്‌ അനുകൂലമായി വാർത്ത നൽകുന്ന മാധ്യമപ്രവർത്തകരെ പൊലീസ്‌ തെരഞ്ഞുപിടിച്ച്‌‌ ആക്രമിക്കുന്നതായി ആക്ഷേപമുണ്ട്‌. പൊലീസിന്റെ‌  റബർ ബുള്ളറ്റേറ്റ്‌ സ്വതന്ത്ര ഫോട്ടോഗ്രാഫർ ലിൻഡ ടിരാഡോയുടെ ഇടതുകണ്ണിന്റെ കാഴ്‌ച നഷ്ടമായി. അതേസമയം, തീവ്ര വലതുപക്ഷ മാധ്യമങ്ങളുടെ പ്രതിനിധികളെ പ്രതിഷേധക്കാരും ആക്രമിച്ചു.

മാധ്യമപ്രവർത്തകർക്കെതിരെ പൊലീസും പ്രതിഷേധക്കാരും നടത്തിയ ആക്രമണത്തെ യുഎസ് ആസ്ഥാനമായ മാധ്യമ പ്രവർത്തക സംരക്ഷണസമിതി(സിപിജെ)  അപലപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top