11 August Tuesday
ഫ്‌ളോയിഡിന്റെ സംസ്കാരം ഇന്ന്‌

ജോർജ്‌ ഫ്‌ളോയിഡ്‌ കൊലപാതകം : ലോകമെമ്പാടും പ്രതിഷേധം; സംസ്കാരം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 9, 2020

ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ ലണ്ടനിലെ വെസ്റ്റ്‌മിനിസ്റ്ററിൽ നടന്ന പ്രതിഷേധത്തിൽ പ്രക്ഷോഭകയെ നേരിടുന്ന പൊലീസ്‌ ഫോട്ടോ: പിടിഐ


ന്യൂയോർക്ക്‌ 
വർണവെറിക്കെതിരെ ഞായറാഴ്ചയും ലോകമെമ്പാടും പ്രതിഷേധ റാലികൾ. ന്യൂയോർക്കിലെ മാൻഹട്ടണിൽ ട്രംപ്‌ ഇന്റർനാഷണലിനു മുന്നിൽ പ്രതിഷേധക്കാർ സമാധാനപരമായി റാലി നടത്തി. സ്ഥിതിഗതികൾ ശാന്തമായതിനെത്തുടർന്ന്‌ ന്യൂയോർക്കിൽ ഏർപ്പെടുത്തിയ കർഫ്യൂ മേയർ ബിൽ ഡി ബ്ലാസിയോ പിൻവലിച്ചു.  ബ്രൂക്ക്‌ലിനിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചു. കർഫ്യൂ നീട്ടിക്കൊണ്ടുപോയാൽ ഹർജി കൊടുക്കുമെന്ന്‌ പൗരാവകാശ സംഘടനകൾ പറഞ്ഞിരുന്നു.

അതേസമയം, മിനിയപൊളിസിലെ പൊലീസിനെ പിരിച്ചുവിടണമെന്ന്‌ സിറ്റി കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു. ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടർന്നാണ്‌ ഇത്തരത്തിൽ കടുത്ത തീരുമാനം എടുക്കാൻ സിറ്റി കൗൺസിൽ തീരുമാനിച്ചത്‌. നേരത്തേ ന്യൂ ജേഴ്‌സിയിലെ കാംപഡനിലും കാലിഫോർണിയയിലെ കോംപ്‌ടണിലും സമാനമായ തീരുമാനമുണ്ടായിട്ടുണ്ട്‌. 

യൂറോപ്പിൽ വിവിധയിടങ്ങളിൽ റാലികൾ നടന്നു. ബ്രിസ്റ്റളിൽ അടിമക്കച്ചവടക്കാരനായ എഡ്വാർഡ്‌ കോൾസ്റ്റണിന്റെ പ്രതിമ സമരക്കാർ തകർത്തു. തലകീഴായി കെട്ടിത്തൂക്കിയശേഷം സമരക്കാർ പ്രതിമയുടെ കഴുത്തിൽ ചവിട്ടി നിന്നു. സെൻട്രൽ ലണ്ടനിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ഹോങ്കോങ്ങിലെ യുഎസ്‌ കോൺസുലേറ്റിന്‌ മുമ്പിലും പ്രതിഷേധം സംഘടിപ്പിച്ചു. റോമിലും മിലാനികളും പ്രതിഷേധ റാലികളുണ്ടായി. സ്‌പെയിനിലെ ബാഴ്‌സലോണയിൽ ആയിരക്കണക്കിന്‌ ആളുകൾ തെരുവിലിറങ്ങി. നിശ്ശബ്‌ദത വംശീയതയെ അനൂകൂലിക്കുന്നതിന്‌ തുല്യമാണെന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ്‌ ജനങ്ങൾ തെരുവിലിറങ്ങിയത്‌. ജർമനിയിൽ വീണ്ടും ഫുട്‌ബോൾ ടീമംഗങ്ങൾ മുട്ടുകുത്തിനിന്ന്‌ ജോർജ്‌ ഫ്‌ളോയിഡിന്‌ ആദരമർപ്പിച്ചു.

ഫ്‌ളോയിഡിന്റെ സംസ്കാരം ഇന്ന്‌
ഹൂസ്റ്റൺ
മിനിയാപൊളിസ്‌ പൊലീസിന്റെ വർണവെറിക്ക്‌‌ ഇരയായ ജോർജ്‌ ഫ്‌ളോയിഡിന്റെ സംസ്‌കാരം ചൊവ്വാഴ്ച. ശനിയാഴ്ചയാണ്‌ ഫ്‌ളോയിഡിന്റെ മൃതദേഹം ഹൂസ്‌റ്റണിലെത്തിച്ചത്‌.
അമ്മയെ അടക്കിയതിനു സമീപമായാണ്‌ ഫ്‌ളോയിഡിനെയും അടക്കുന്നതെന്ന്‌‌ കുടുംബാംഗങ്ങൾ അറിയിച്ചു. ഡെമൊക്രാറ്റിക്ക്‌ പ്രസിഡന്റ്‌ സ്ഥാനാർഥി ജോ ബൈഡൻ ഹൂസ്റ്റണിലെത്തി കുടുംബത്തെ സന്ദർശിച്ചു. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെങ്കിലും മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ സന്ദേശം കൈമാറും. തിങ്കളാഴ്ച മൃതദേഹം പൊതുദർശനത്തിന്‌ വച്ചിരുന്നു. ഒരേസമയം 15 പേരെയാണ് പള്ളിയിൽ കയറാൻ അനുവദിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top