14 July Tuesday

രോഷത്തീ പടരുന്നു; വിലങ്ങിട്ട്‌ വംശീയക്കൊല

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

കറുത്തവർഗക്കാരനായ ജോർജ്‌ ഫ്‌ളോയിഡിനെ നിഷ്‌ഠുരമായി കൊന്ന പൊലീസിനുനേരെ വൈറ്റ് ഹൗസിനുസമീപം പ്രതിഷേധിക്കുന്ന യുവതി

മിനിയാപൊളിസ്‌/വാഷിങ്‌ടൺ
നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച്‌ തെരുവിലിട്ട്‌ ശ്വാസം മുട്ടിച്ച്‌ കൊന്ന പൊലീസ്‌ നിഷ്ഠുരതയ്‌ക്കെതിരെ ആറ്‌ ദിവസം മുമ്പാരംഭിച്ച പ്രക്ഷോഭം അമേരിക്കയാകെ പടർന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയിൽ  പൊലീസ്‌ സ്‌റ്റേഷനുകളടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ചാമ്പലായി. വിവിധ സംസ്ഥാനങ്ങളിൽ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങൾക്കും കൊള്ളിവയ്‌പുകൾക്കും അയവില്ല.

28 വർഷം മുമ്പ്‌ റോഡ്‌നി കിങ് സംഭവത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഇത്തവണത്തേത്‌. ജോർജ്‌ ഫ്ലോയ്‌ഡ്‌ എന്ന 46കാരനാണ്‌ കഴിഞ്ഞ തിങ്കളാഴ്‌ച പൊലീസ്‌ അതിക്രമത്തിൽ കൊല്ലപ്പെട്ടത്‌. ഇതിനെതിരെ രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തിൽ ഭൂരിപക്ഷവും സമാധാനപരമാണ്‌. എന്നാൽ ചിലയിടങ്ങളിൽ യുവാക്കളുടെ രോഷം അണപൊട്ടി. അക്രമം തടയാൻ പ്രക്ഷോഭകരിൽ മുതിർന്നവരും ഇടപെടുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. പ്രതിഷേധത്തെ അടിച്ചമർത്താൻ ചില സംസ്ഥാനങ്ങളിൽ പൊലീസിന്‌ പുറമെ സൈന്യത്തിന്‌ കീഴിലുള്ള നാഷണൽ ഗാർഡ്‌സിനെയും ഇറക്കിയിട്ടുണ്ട്‌. 22 നഗരങ്ങളിലായി 1669 പേരെ അറസ്‌റ്റ്‌ ചെയ്‌തു. ഇൻഡ്യാനപൊളിസിൽ ഒരാൾ കൂടി വെടിയേറ്റ്‌ മരിച്ചതോടെ പ്രക്ഷോഭത്തിൽ മരിച്ചവർ മൂന്നായി.

ഉത്തര–-ദക്ഷിണ കാരലൈനകൾ, വിർജീനിയ, മിസിസിപ്പി എന്നീ നാല്‌ സംസ്ഥാനങ്ങളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടുള്ള ചരിത്രസ്‌മാരകങ്ങളും ആക്രമിച്ചു. വൈറ്റ്‌ഹൗസിന്‌ സമീപം ചവർവീപ്പയ്‌ക്ക്‌ തീപിടിച്ചു. ഇവിടെ പ്രസിഡന്റ്‌ ട്രംപിന്റെ പ്രിയ ചാനലായ ഫോക്‌സ്‌ ന്യൂസിന്റെ ലേഖകനെ ആൾക്കൂട്ടം ഓടിച്ചിട്ടടിച്ചു. മറ്റ്‌ പലയിടങ്ങളിലും മാധ്യമപ്രവർത്തകർക്ക്‌ നേരെ ഇരുഭാഗത്ത്‌ നിന്നും ആക്രമണമുണ്ടായി. പ്രക്ഷോഭകർക്ക്‌ പിന്തുണയുമായി ഹോളിവുഡിലെയും സംഗീതരംഗത്തെയും പ്രമുഖരും രംഗത്തിറങ്ങി. രണ്ട്‌ നടന്മാർക്ക് പൊലീസിന്റെ റബർ ബുള്ളറ്റേറ്റു. താരങ്ങൾക്ക്‌ ലാത്തിയടിയും ഏറ്റിട്ടുണ്ട്‌.

ഫിലാഡൽഫിയയിൽ 13 പൊലീസുകാർക്ക്‌ പരിക്കേറ്റു. നാല്‌ പൊലീസ്‌ വാഹനങ്ങൾ കത്തിച്ചു. മറ്റ്‌ ചില സ്ഥലങ്ങളിൽ പൊലീസുകാർക്ക്‌ പരിക്കുണ്ട്‌. ന്യൂയോർക്കിൽ രണ്ട്‌ പൊലീസ്‌ വാഹനങ്ങൾ പ്രതിഷേധക്കാർക്കിടയിലേക്ക്‌ ഓടിച്ചുകയറ്റി. ‌  അലാസ്‌കയിലെ ജൂനോയിൽ പൊലീസുകാരും ജനങ്ങൾക്കൊപ്പം പ്രതിഷേധ റാലിയിൽ പങ്കെടുത്തു. ഫിലാഡെൽഫിയയിൽ സിഗ്നലിൽ നിർത്തിയ ട്രക്ക്‌ വളഞ്ഞ ആളുകൾക്കിടയിലൂടെ ഡ്രൈവർ വാഹനം ഓടിച്ചപ്പോൾ ചിലർക്ക്‌ പരിക്കേറ്റു. സാൻ ഡീഗോയിൽ രണ്ട്‌ ബാങ്കുകൾ കത്തിച്ചു.

ലൊസ്‌ ആഞ്ചലസ്‌ കലാപം ഓർമിപ്പിക്കുന്ന ജനരോഷം
ലൊസ് ആഞ്ചലസിൽ 28 വർഷം മുമ്പ്‌ റോഡ്‌നി കിങ് എന്ന കറുത്ത വംശക്കാരനെ ക്രൂരമായി മർദിച്ച നാല്‌ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ ഉണ്ടായ അഞ്ച്‌ദിവസം നീണ്ട പ്രക്ഷോഭത്തെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഇപ്പോഴത്തെ പ്രക്ഷോഭം. അന്ന്‌ പ്രധാനമായും ലൊസ് ആഞ്ചലസിലാണ്‌ കറുത്തവരുടെ രോഷം പടർന്നതെങ്കിൽ ഇത്തവണ രാജ്യവ്യാപകമായി. എന്നാൽ നാശനഷ്‌ടങ്ങൾ അന്നായിരുന്നു കൂടുതൽ. 60 പേർ കൊല്ലപ്പെടുകയും 2000ലധികമാളുകൾ അറസ്‌റ്റ്‌ ചെയ്യപ്പെടുകയും ചെയ്‌ത 1992ലെ പ്രതിഷേധത്തിൽ 100 കോടി ഡോളറിന്റെ നഷ്ടം സ്വത്തുവകകൾക്ക്‌ ഉണ്ടായതായാണ്‌ കണക്കാക്കപ്പെടുന്നത്‌.

ഇത്തവണത്തെ പ്രക്ഷോഭത്തിൽ ഇൻഡ്യാനപൊളിസിലും മിനിയാപൊളിസിലും ഡിട്രോയിറ്റിലും ഓരോരുത്തരാണ്‌  ഇതുവരെ മരിച്ചത്‌. ജോർജിയ സംസ്ഥാനത്ത്‌ വ്യായാമ ഓട്ടത്തിലായിരുന്ന കറുത്തവംശക്കാരനായ ഫുട്‌ബോൾ താരം അഹ്‌മദൗ ആർബെറിയെ വെള്ളക്കാരനായ മുൻ പൊലീസുകാരനും മകനും ചേർന്ന്‌ വെടിവച്ചു കൊന്ന സംഭവത്തിൽ ജനരോഷം അടങ്ങിയ ഉടനെയാണ്‌ മിനിയാപൊളിസിൽ ജോർജ്‌ ഫ്ലോയ്‌ഡ്‌ കൊല്ലപ്പെട്ടത്‌. ആർബെറി കൊല്ലപ്പെട്ടത്‌  ഫെബ്രുവരിയിലാണെങ്കിലും മെയ്‌ ആദ്യവാരത്തിലാണ്‌ ഇത്‌ വംശീയ കൊലപാതകമാണെന്ന്‌ വ്യക്തമാക്കുന്ന വീഡിയോ പുറത്തായത്‌. തുടർന്നാണ്‌ മുൻ പൊലീസുകാരനും മകനും അറസ്‌റ്റിലായത്‌.


 

പ്രതിഷേധം പരക്കുമ്പോൾ കോവിഡ്‌ ആശങ്കയും
ജോർജ്‌ ഫ്ലോയിഡിന്റെ കൊലപാതകത്തിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിലുയരുന്ന പ്രതിഷേധം കോവിഡ്‌ ആശങ്ക സൃഷ്ടിക്കുന്നു. നിയന്ത്രണങ്ങളും അടിയന്തരാവസ്ഥയും ഇളവുചെയ്തതോടെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്നത്‌ കോവിഡ്‌ വ്യാപനസാധ്യത വർധിപ്പിക്കും എന്നാണ്‌ ഭീതി. ശനിയാഴ്‌ച പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തവർ ഈയാഴ്‌ച കോവിഡ്‌ പരിശോധന നടത്തണമെന്ന്‌ അറ്റ്‌ലാന്റ മേയർ കെയ്‌ഷ ലാൻസ്‌ ബോട്ടംസ്‌ നിർദേശങ്ങൾ നൽകി. അമേരിക്ക ഇപ്പോഴും മഹാമാരിയുടെ പിടിയിലാണെന്നും കറുത്തവരും തവിട്ടുനിറക്കാരും വലിയതോതിൽ അതിനിരയാവുന്നതായും അവർ പറഞ്ഞു. മാസ്കില്ലാതെ പ്രതിഷേധത്തിനെത്തുന്നവരിൽ ലക്ഷണമില്ലാത്ത അനേകം രോഗികൾ ഉണ്ടാകാമെന്ന്‌ ആരോഗ്യപ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചു.

ശ്രദ്ധ തിരിക്കരുതെന്ന്‌ ബൈഡൻ
ജോർജ്‌ ഫ്ലോയിഡ്‌ വധത്തിനിടെ ഉയരുന്ന പ്രതിഷേധം അക്രമാസക്തമാകുന്നതിനെ അപലപിച്ച്‌ ഡെമോക്രാറ്റിക് പാർടി‌ നേതാവ്‌ ജോ ബൈഡൻ. ‘പ്രതിഷേധം ഒരിക്കലും അതിന്റെ  കാരണത്തെ നിസാരമാക്കുന്നതാകരുത്‌. ജനങ്ങളുടെ ശ്രദ്ധ യഥാർഥ കാരണത്തിൽനിന്ന്‌ വ്യതിചലിക്കാൻ അനുവദിക്കരുത്‌.’ ബൈഡൻ പറഞ്ഞു. പ്രതിഷേധത്തിനിടെ  മാധ്യമപ്രവർത്തകർക്കുനേരെയും അക്രമസംഭവങ്ങളുണ്ടായി. വൈറ്റ്‌ഹൗസിനുപുറത്ത്‌‌ ഫോക്സ്‌ ന്യൂസ്‌ റിപ്പോർട്ടറെ പ്രതിഷേധക്കാർ ആക്രമിച്ചു. സൗത്ത്‌ കാരലൈനയിലെ കൊളംബിയയിൽ ടിവി റിപ്പോർട്ടറെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. മിനിയാപൊളിസിൽ മാധ്യമപ്രവർത്തകനുനേരെ പൊലീസ്‌ റബർ ബുള്ളറ്റ്‌ പ്രയോഗിച്ചു. പിറ്റ്‌സബർഗിലും ലൂയിവില്ലയിലും പ്രതിഷേധക്കാർ മാധ്യപ്രവർത്തകരെ ആക്രമിച്ചു. അറ്റ്‌ലാന്റയിലെ സിഎൻഎൻ ആസ്ഥാനത്ത്‌ നാശമുണ്ടായി.


പ്രധാന വാർത്തകൾ
 Top