Deshabhimani

ശ്രീലങ്കയിൽ കനത്തമഴ; നാല് മരണം, പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 27, 2024, 08:54 PM | 0 min read

കൊളംബോ> കനത്ത മഴയെത്തുടർന്ന്‌ ശ്രീലങ്കയിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു. നിരവധി പേരെ കാണാതായി.. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പെയ്ത കനത്ത മഴ ശ്രീലങ്കയിലെ 2.30 ലക്ഷത്തിലധികം ആളുകളെയാണ്‌ ബാധിച്ചത്‌.  

24 മണിക്കൂറിനുള്ളിൽ 75 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌.  ശ്രീലങ്കൻ തീരത്ത്‌ ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനും ദുരിതബാധിതർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും നൽകാനും കരസേനയും നാവികസേനയും സജ്ജരാണെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

മഴയെത്തുടർന്ന് ബുധനാഴ്ച രാവിലെ കൊളംബോയിലേക്കുള്ള ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.  ബണ്ഡാരനായകെ ഇന്റർനാഷണൽ എയർപോർട്ടിൽ (ബിഐഎ) എത്തേണ്ട ആറ് വിമാനങ്ങളാണ്‌  വഴിതിരിച്ചുവിട്ടത്‌.

ടോക്കിയോയിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ്, മാലെയിൽ നിന്ന് വന്ന എമിറേറ്റ്‌സ്, ചെന്നൈയിൽ നിന്ന് കൊളംബോയിലേക്കുള്ള ഇൻഡിഗോ വിമാനം എന്നിവയെല്ലാം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുവിട്ടു.

മാലെയിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനവും അബുദാബിയിൽ നിന്ന് കൊളംബോയിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനവും മട്ടല അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി അറിയിച്ചു.

അതേസമയം കിഴക്കൻ അമ്പാറ ജില്ലയിൽ  വെള്ളപ്പൊക്കത്തിൽ ഒഴുക്കിൽപ്പെട്ട ആറ് വിദ്യാർഥികളിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.  മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. മഴയെത്തുടർന്ന്‌ മലയോര മേഖലകളിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു.

3,102 കുടുംബങ്ങളിൽ നിന്നുള്ള 10,000 ത്തിലധികം ആളുകളെ 104 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി താമസിപ്പിച്ചിട്ടുണ്ടെന്ന്‌ ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ്‌ പെയ്‌തിരിക്കുന്നതെന്നും. മഴ തുടർന്നാൽ മണ്ണിടിച്ചിലിന്‌ സാധ്യതയുണ്ടെന്ന് നാഷണൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻബിആർഐ) അറിയിച്ചു.

 



deshabhimani section

Related News

0 comments
Sort by

Home