Deshabhimani

മധ്യപൗരസ്ത്യദേശം യുദ്ധഭീതിയിൽ; വിദേശികൾ ലബനൻ വിടണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 11:27 PM | 0 min read

ബെയ്‌റൂട്ട്‌/ ഗാസ സിറ്റി> അയൽരാജ്യങ്ങളിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണങ്ങൾക്ക് തിരിച്ചടി ആസന്നമായതോടെ മധ്യപൗരസ്ത്യദേശം യുദ്ധഭീതിയിൽ. ഹിസ്ബുള്ള ഞായറാഴ്ച വടക്കൻ ഇസ്രയേൽ ലക്ഷ്യമാക്കി റോക്കറ്റാക്രമണം നടത്തി. ഇസ്രയേലിന്റെ മിസൈൽ കവചസംവിധാനം അവയെ തടുക്കുന്ന ദൃശ്യം അന്താരാഷ്ട്രമാധ്യമങ്ങൾ പുറത്തുവിട്ടു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. പിന്നാലെ, ഗാസ മുനമ്പിൽ അഭയാർഥി ക്യാമ്പുകളായി പ്രവർത്തിക്കുന്ന രണ്ട്‌ സ്കൂളുകളിൽ ഇസ്രയേൽ ബോംബിട്ടു. നിരവധി കുട്ടികളടക്കം 30 പേർ കൊല്ലപ്പെട്ടു.

തിങ്കൾ രാവിലെയോടെ ഇറാൻ ഇസ്രയേലിലേക്ക്‌ ആക്രമണം നടത്തുമെന്ന വിലയിരുത്തലിലാണ്‌ അമേരിക്ക. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്‌, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ലബനനിലുള്ള പൗരരോട്‌ രാജ്യം വിടണമെന്ന്‌ ആവശ്യപ്പെട്ടു. ഇന്ത്യയും കാനഡയും ഉൾപ്പെടെ 12 രാജ്യങ്ങൾ ലബനനിലെ സ്വന്തം പൗരർക്ക്‌ ജാ​​ഗ്രതാ നിർദേശം നൽകി.

സംഘർഷം മറ്റ്‌ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമമാണ്‌ ഇസ്രയേൽ നടത്തുന്നത്‌. ഈജിപ്ത്‌, ലബനൻ, സിറിയ, ഇറാഖ്‌ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇസ്രയേൽ ആക്രമണം നടത്തി. ലബനനിൽ മാത്രം ഇക്കാലയളവിൽ 542 പേർ കൊല്ലപ്പെട്ടു. ഇറാനിലെത്തിയ ഹമാസ്‌ നേതാവ്‌ ഇസ്മയിൽ ഹനിയയെയും ലബനനിൽവച്ച്‌ ഹിസ്‌ബുള്ള നേതാവ്‌ ഫുവാദ്‌ ഷുക്കൂറിനെയും വധിച്ചതിന് തിരിച്ചടി നൽകാനുള്ള നീക്കത്തിലാണ് ഇറാനും ഹിസ്ബുള്ളയും.



deshabhimani section

Related News

View More
0 comments
Sort by

Home