17 October Thursday

ഫോണി: മരിച്ചവരുടെ എണ്ണം 29 ആയി; ബംഗ്ലാദേശിൽ ഭവനരഹിതരായത‌് 1000 പേർ

വെബ് ഡെസ്‌ക്‌Updated: Sunday May 5, 2019

ഭുവനേശ്വർ/ന്യൂഡൽഹി> ഫോണി ചുഴലിക്കാറ്റിൽ ഒഡിഷയിൽ മരിച്ചവരുടെ എണ്ണം 29 ആയി. ചുഴലിക്കാറ്റ‌് തകർത്തെറിഞ്ഞ തീരമേഖലയിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഗതാഗതത്തടസ്സം നീക്കി. തകർന്ന വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിക്കുകയാണ‌് വലിയ വെല്ലുവിളി. വൻനാശമുണ്ടായ പുരിയിലും ഭുവനേശ്വറിലും കെട്ടിടങ്ങളുടെയും മരങ്ങളുടെയും അവശിഷ്ടം കൂടിക്കിടക്കുകയാണ‌്. സുരക്ഷിതകേന്ദ്രങ്ങളിലേക്ക‌് മാറിയവർ തിരികെ എത്താൻ തുടങ്ങി. വൈദ്യുതിയും കുടിവെള്ള സൗകര്യവുമാണ‌് ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത‌്.

ദുരന്തമേഖലയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജ‌് തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ‌് സർക്കാർ. വീട‌് പൂർണമായി നശിച്ചവർക്ക‌് 95,100 രൂപയും 52,000 രൂപയും ചെറിയ തകരാർ സംഭവിച്ചതിന‌് 3200  രൂപയും നൽകും. വീട‌് പൂർണമായി നഷ്ടപ്പെട്ടവർക്ക‌് 50 കിലോ അരിയും 2000 രൂപയും പ്ലാസ‌്റ്റിക‌് ഷീറ്റും എത്തിച്ചുനൽകുമെന്ന‌് മുഖ്യമന്ത്രി നവീൻ പട‌്നായിക‌് അറിയിച്ചു. ഖുർദ, ഘട്ടക്ക‌്, കെന്ദ്രപാര, ജഗത‌്സിങ്പുർ എന്നിവിടങ്ങളിൽ ചെറിയ രീതിയിൽ ബാധിച്ചവർക്ക‌് ഒരു മാസത്തെ അരിയും 500 രൂപയും നൽകും.

പുരിയിലും ഭുവനേശ്വറിലും ജലവിതരണം പുനഃസ്ഥാപിക്കുന്നുണ്ട‌്. അടുത്ത 15 ദിവസത്തേക്ക‌് പാകംചെയ‌്ത ഭക്ഷണം വിതരണം ചെയ്യും. മൂന്നു ദിവസമായി മേഖല പൂർണമായും ഇരുട്ടിലാണ‌്. മൊബൈൽ ടവറുകൾ കടപുഴകിയതിനാൽ മൊബൈൽ സംവിധാനം താറുമാറായി. 10,000 ഗ്രാമത്തിലും 52 ടൗണിലും നവീകരണം നടത്തണം. കിഴക്കൻ തീര റെയിൽവേ റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. ഹൗറ–-ചെന്നൈ സർവീസുകൾ ആരംഭിച്ചു. ഭുവനേശ്വർ–-തിരുപ്പതി, വിശാഖപട്ടണം ഇന്റർസിറ്റി, ഭുവനേശ്വർ–-ന്യൂഡൽഹി രാജധാനി എക‌്സ‌്പ്രസ‌് സർവീസുകൾ ആരംഭിച്ചു.

930 മൊബൈൽ ബേസ‌് സ‌്റ്റേഷൻ
ചുഴലിക്കാറ്റിൽ താറുമാറായ മൊബൈൽ ഫോൺ സർവീസുകൾ പുനരാരംഭിക്കാൻ മൊബൈൽ ഫോൺ കമ്പനികൾ ഒഡിഷയിൽ പ്രത്യേക ബേസ‌് സ‌്റ്റേഷനുകൾ ആരംഭിക്കും. ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ‌് ജിയോ കമ്പനികൾ 930 ബേസ‌് സ‌്റ്റേഷനുകൾ ആരംഭിക്കും.ബംഗാളിൽ 206 കേന്ദ്രവും തുറക്കും. ബിഎസ‌്എൻഎൽ പുരിയിൽ മൊബൈൽ, ലാൻഡ‌്ഫോൺ സേവനങ്ങൾക്കായി പ്രത്യേക കേന്ദ്രം തുറക്കും. 1938 എന്ന ഹെൽപ‌് ലൈൻ നമ്പർ നിലവിൽ പ്രവർത്തിക്കുന്നുണ്ട‌്.

തമിഴ‌്നാട‌് 10 കോടി നൽകി
ചുഴലിക്കാറ്റിൽ നാശം സംഭവിച്ച ഒഡിഷയിൽ പുനരധിവാസത്തിനായി തമിഴ‌്നാട‌് 10 കോടി രൂപ നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ‌് സംഭാവന. മറ്റു സംസ്ഥാനങ്ങളും ഒഡിഷയ‌്ക്ക‌് പണം നൽകുന്നുണ്ട‌്. വീടുകൾ, കെട്ടിടം,  കൃഷി, ബോട്ടുകൾ, മത്സ്യബന്ധനോപകരണങ്ങൾ, കന്നുകാലിസമ്പത്ത‌് എന്നിങ്ങനെ എല്ലാ മേഖലയിലും പുനർനവീകരണം ആവശ്യമാണ‌്.

അവശിഷ്ടങ്ങൾ നീക്കി ശുചീകരണം നടത്തുകയാണ‌് ഏറ്റവും വലിയ വെല്ലുവിളിയെന്ന‌് സ‌്പെഷ്യൽ റിലീഫ‌് പ്രോജക്ടിന്റെ ചുമതല വഹിക്കുന്ന ബിഷ‌്ണുപാദ സേഥി പറഞ്ഞു. സഹായിച്ചത‌് ഉപഗ്രഹങ്ങൾ നൽകിയ വിവരങ്ങൾ
ഫോണി ചുഴലിക്കാറ്റിനെതിരെ മുന്നൊരുക്കം നടത്താനും കാറ്റിന്റെ ഗതിയും തീവ്രതയും കൃത്യമായി അറിയിക്കാനും സഹായിച്ചത‌് ഇന്ത്യ വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹങ്ങൾ. അഞ്ച് ഉപഗ്രഹങ്ങളാണ് ഫോണി കൊടുങ്കാറ്റിനെ നിരീക്ഷിച്ചത്. ഐഎസ്ആർ ഒ ഉപഗ്രഹങ്ങൾ കൃത്യമായ വിവരങ്ങൾ കൺട്രോൾ റൂമിൽ എത്തിച്ചു.  കാലാവസ്ഥാപ്രവചനവും മുന്നൊരുക്കവും രക്ഷിച്ചത് ആയിരങ്ങളുടെ ജീവനാണ്.

വിവരങ്ങൾ തത്സമയം ലഭ്യമാക്കിയത് ഇൻസാറ്റ് 3ഡി, ഇൻസാറ്റ് 3ഡിആർ, സ്കാറ്റ്സാറ്റ് 1, ഓഷ്യൻ സാറ്റ് 2, മേഘ ട്രോപ്പിക്വസ് എന്നീ ഉപഗ്രഹങ്ങളാണ്. കാറ്റിന്റെ തീവ്രത, സ്ഥാനം, വേഗത, മഴയുടെ സാധ്യത എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കി. ഐഎംഡിയുടെ കൃത്യമായ പ്രവചനത്തിൽ ആന്ധ്രപ്രദേശ‌്, ഒഡിഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്ന‌് 11.5 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. ഇതുമൂലം വലിയ തോതിലുള്ള ആൾനാശം ഒഴിവാക്കാൻ സാധിച്ചു. ഇതിനെ യുഎൻ  പ്രകീർത്തിച്ചിട്ടുണ്ട്. സ്കാറ്റ് സാറ്റ്1, ഓഷ്യൻ സാറ്റ് 2 എന്നിവയാണ് നിർണായകമായ സമുദ്രനിരപ്പ്, കാറ്റിന്റെ വേഗതയും ദിശയും എന്നിവ സംബന്ധിച്ച വിവരം നൽകിയത്.

ബംഗ്ലാദേശിൽ ഭവനരഹിതരായത‌് 1000 പേർ
രണ്ടു ദിവസമായി നാശം വിതച്ച ഫോണി ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ തകർന്നത‌് 1000 വീട‌്. ശനിയാഴ‌്ച ശക്തമായി വീശിയ ചുഴലിക്കാറ്റ‌് ഞായറാഴ‌്ച ഉച്ചയോടെ ദുർബലമായി. ഫോണിയുടെ പ്രഭാവത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഞായറാഴ‌്ച നല്ല മഴ ലഭിച്ചു. ചുഴലിക്കാറ്റിന്റെ ശക്തി താരതമ്യേന കുറഞ്ഞതായി ബംഗ്ലാദേശ‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മൂന്നു ദിവസം ബംഗാൾ ഉൾക്കടലിന്റെ തീരങ്ങളെ വിറപ്പിച്ച ഫോണിശനിയാഴ‌്ചയാണ‌് ബംഗ്ലാദേശിലേക്ക‌് പ്രവേശിച്ചത‌്. മുൻകരുതലിന്റെ ഭാഗമായി ലക്ഷങ്ങളെ ഒഴിപ്പിച്ചെങ്കിലും 14 പേർ മരിച്ചു. നിരവധിപേർക്ക‌് പരിക്കേറ്റു. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിലാണ‌് കാറ്റ‌് ആഞ്ഞടിച്ചത‌്.


പ്രധാന വാർത്തകൾ
 Top