22 April Monday

ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 50 മരണം

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

ജക്കാർത്ത > ഇന്തോനേഷ്യയിലെ കിഴക്കൻ പാപ്വ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 50 പേർ മരിച്ചു. 59 പേർക്ക‌് പരിക്കേറ്റു. നിരവധി പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണെന്ന‌് അധികൃതർ അറിയിച്ചു. കിഴക്കൻ പാപ്വ തലസ്ഥാനമായ ജയ‌്പുരയ‌്ക്ക‌് സമീപമുള്ള സെന്റാനിയിലാണ‌് പ്രളയം കൂടുതൽ നാശം വിതച്ചത‌്. ശനിയാഴ‌്ച രാത്രി ആരംഭിച്ച കനത്ത മഴയെത്തുടർന്നാണ‌് മിന്നൽ പ്രളയമുണ്ടായത‌്.

മേഖലയിലെ നിരവധി വീടുകൾ പൂർണമായും തകർന്നെന്ന‌് ദേശീയ ദുരന്ത നിവാരണ അതോറിറ്റി വക്താവ‌് പ്യുർവോ നുഗ്രോഹോ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും നാശനഷ‌്ടങ്ങളുടെ കണക്ക‌് വരുംദിവസങ്ങളിലേ കണക്കാക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തമേഖലയിൽനിന്ന‌് ജനങ്ങളെ സുരക്ഷിത മേഖലയിലേക്ക‌് മാറ്റിക്കൊണ്ടിരിക്കുകയാണ‌്.  ജയ‌്പുരയിലെ ചെറുവിമാനത്താവളത്തിന്റെ റൺവേ പൂർണമായും തകർന്നു. ഗതാഗത സംവിധാനം താറുമാറായത‌് രക്ഷാപ്രവർത്തനത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട‌്. കഴിഞ്ഞ ജനുവരിയിൽ ഇന്തോനേഷ്യയിലെ സുലുവേസി ദ്വീപിലുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും 70 പേർ കൊല്ലപ്പെട്ടിരുന്നു.


പ്രധാന വാർത്തകൾ
 Top