Deshabhimani

നെതന്യാഹുവിന്റെ വേനൽക്കാല വസതിക്ക് നേരെ ഫ്ലാഷ് ബോംബ് ആക്രമണം

വെബ് ഡെസ്ക്

Published on Nov 17, 2024, 12:39 PM | 0 min read

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് നേരെ ഫ്ലാഷ് ബോംബ് ആക്രമണം. സീസറിയയിലുള്ള അവധിക്കാലവസതിയില്‍ ശനിയാഴ്ചയാണ് സംഭവം. നെതന്യാഹു കുടുംബാംഗങ്ങൾ ആരും തന്നെ ഈ സമയത്ത് വസതിയിൽ ഉണ്ടായിരുന്നില്ലെന്ന് ഇസ്രായേല്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെഎഎന്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമില്ല.

ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് സംഭവത്തെ അപലപിച്ചു. പോലീസ് കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് പറഞ്ഞു.

ഒക്ടോബർ 19 ന് നെതന്യാഹുവിന്റെ സീസറിയയിലുള്ള വസതിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ വധിച്ചതിന് പിന്നാലെയാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ലെബനനില്‍നിന്ന് വന്ന മൂന്ന് ഡ്രോണുകളില്‍ ഒന്ന് അവധിക്കാലവസതിയില്‍ പതിക്കുകയായിരുന്നു. ലബനാനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയിലെത്തിയത്.

നിലവിൽ നെതന്യാഹുവിനെ കാണാനെത്തുന്നവർ ഭൂഗർഭ അറയിലെ മുറിയിലാണു കൂടിക്കാഴ്ച നടത്തുന്നത്.  പ്രധാനമന്ത്രിയുടെ ഓഫീസിനു താഴെയുള്ള അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭൂഗർഭ അറയിലാണ് അദ്ദേഹം ദൈനംദിന യോഗങ്ങൾ ഉൾപ്പെടെ ചേരുന്നതെന്ന് ഇസ്രായേൽ മാധ്യമമായ 'ചാനൽ 12' റിപ്പോർട്ട് പറയുന്നു.
ഓഫിസിലുണ്ടാകുമ്പോൾ ഭൂരിഭാഗം സമയവും നെതന്യാഹു ഇവിടെത്തന്നെയാണു കഴിയുന്നതെന്നാണു വിവരം. ഇവിടെ സുരക്ഷ കൂട്ടുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ സമയം ഒരേ സ്ഥലത്ത് കഴിയരുതെന്നാണ് നെതന്യാഹുവിനോട് സുരക്ഷാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. പലയിടങ്ങളിലായി മാറിമാറിക്കഴിയാനും നിർദേശമുണ്ട്.
 



deshabhimani section

Related News

0 comments
Sort by

Home