25 May Monday

കുവൈത്തില്‍ ആദ്യ മരണം; ഗള്‍ഫില്‍ മരണം 42, രോഗികള്‍ 5,821

അനസ് യാസിന്‍Updated: Saturday Apr 4, 2020

മനാമ > ഗള്‍ഫില്‍ കൊറോണവൈറസ് ബാധിത മരണവും രോഗബാധിതരുടെ എണ്ണവും ഉയരുന്നു. ശനിയാഴ്ച ഉച്ചവരെ മൊത്തം ഗള്‍ഫ് രാജ്യങ്ങളിലെ രോഗ ബാധിതര്‍ 5,821 ആണ്. 43 പേര്‍ മരിച്ചു. ആറ് രാജ്യങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏറ്റവും കൂടുതല്‍ സൗദിയിലാണ്-25.

കുവൈത്തിലെ ആദ്യ കോവിഡ് മരണം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം 62 പേര്‍ക്ക് പുതുതായി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 479 ആയി. 11 പേര്‍് ശനിയാഴ്ച രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 93 ആയി ഉയര്‍ന്നു.

ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ സൗദിയിലാണ്. വെള്ളിയാഴ്ച രാത്രിവരെയുള്ള കണക്ക് പ്രകാരം 2,039 പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. വെള്ളിയാഴ്ച മാത്രം നാലു പേര്‍ മരിച്ചു. ഇതില്‍ മദീനയില്‍ മരിച്ചത് കണ്ണൂര്‍ പാനൂര്‍ സ്വദേശി പാലക്കണ്ടിയില്‍ ഷെബ്നാസാ(29)ണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

യുഎഇയില്‍ ഇതുവരെ ഒന്‍പത് പേര്‍ മരിച്ചു. 51 കാരനായ ഏഷ്യന്‍ പൗരനാണ് അവസാനമായി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മരിച്ച ഇദ്ദേഹത്തിന് വിട്ടുമാറാത്ത അസഖങ്ങളും വൃക്ക് രോഗവും ഉണ്ടായിരുന്നതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇദ്ദേഹം മലയാളിയാണെന്ന് സ്ഥിരീകരിക്കാത്ത  റിപ്പോര്‍ട്ടുകളുണ്ട്.

യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം 1264 ആയി. വെള്ളിയാഴ്ച രാത്രി 240 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. 108 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഒമാനില്‍ ശനിയാഴ്ച 25 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗികള്‍ 277 ആയി. കോവിഡ് ബാധിതനായ സ്വദേശി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.  61 പേര്‍ക്ക് രോഗം ഭേദമായി.

ബഹ്റൈനില്‍ ശനിയാഴ്ച 15 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 285 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 97 പേര്‍ ഇന്ത്യക്കാരാണ്. 399 പേര്‍ക്ക് രോഗം ഭേദമായി. ബഹ്റൈനില്‍ മൂന്നു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും രോഗം സ്ഥിരീകരിച്ചു. 36 ഉം 28 ഉം പ്രായമുള്ള രണ്ട് ബഹ്റൈനി വനിതകളില്‍നിന്നാണ് കുട്ടിക്ക് രോഗം പിടിപ്പെട്ടതെന്ന് സംശയിക്കുന്നു. ഇതടക്കം 47 കുട്ടികള്‍ക്ക് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഖത്തറില്‍ രോഗബാധിതരുടെ എണ്ണം 1,075 ആയി. വെള്ളിയാഴ്ച രാത്രി 126 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. രോഗവിമുക്തി നേടിയവരുടെ എണ്ണം 93 ആയി ഉയര്‍ന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 28,413 പേര്‍ക്ക പരിശോധന നടത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്കെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണെന്ന് മന്ത്രാലയം അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top