27 May Wednesday

കോവിഡ്‌ 19: ഒമാനില്‍ ആദ്യ മരണം, ഖത്തറിൽ 58 കാരന്‍ മരിച്ചു

അനസ് യാസിന്‍Updated: Wednesday Apr 1, 2020
മനാമ > കൊറോണവൈറസ് ബാധിച്ച് ഒമാനില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. തലസ്ഥാന നഗരമായ മസ്‌കത്തില്‍ നിന്നുള്ള 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു.
 
ചൊവ്വാഴ്ച രാജ്യത്ത് 11 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗബാധിതര്‍ 192 ആയി. ഇതില്‍ 34 പേര്‍ രോഗമുക്തി നേടി. ഇന്ന് മുതല്‍ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകള്‍ക്കിടയിലും യാത്രകള്‍ നിയന്ത്രിക്കപ്പെടും. പ്രവേശന കവാടങ്ങളില്‍ പൊലിസ്, സായുധ സേനാ ചെക്ക് പോയിന്റുകള്‍ ഉണ്ടാകും. സിവില്‍ ഐഡി പരിശോധിച്ചശേഷമേ പ്രവേശനം ഉണ്ടാകൂ. എല്ലാവരും ഐഡി കൈയില്‍ കരുതണമെന്ന് റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയാനായാണ് നടപടി. ബുധനാഴ്ച തീരുമാനം പ്രാബല്യത്തില്‍ വന്നു.
 
ഖത്തറില്‍ കോവിഡ് രോഗത്തെ തുടര്‍ന്ന് 58 കാരന്‍ മരിച്ചു. ഇദ്ദേഹം ഏത് രാജ്യക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ രാജ്യത്തെ കോവിഡ്‌ മൂലമുള്ള മരണം രണ്ടായി. പുതിയ 88 കേസ് കൂടി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 781 ആയി. പതിനൊന്ന് പേര്‍ക്ക് പുതുതായി രോഗം ഭേദമായി. ഇതോടെ രോഗവിമുക്തി നേടിയവര്‍ 62 ആയി. മൊത്തം 22349 പേരിലാണ് കോവിഡ് പരിശോധനകള്‍ നടത്തിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ചൊവ്വാഴ്ച സൗദിയില്‍ രണ്ടു പേരും യുഎഇയില്‍ ഒരാളും മരിച്ചിരുന്നു.
 
അതിനിടെ, അണുനശീകരണ പ്രവര്‍ത്തനം നടക്കുന്ന ദിവസങ്ങളില്‍ രാത്രി പുറത്തിറങ്ങാന്‍ നല്‍കിയിരുന്ന പ്രത്യേക പെര്‍മിറ്റ് യുഎഇ റദ്ദാക്കി. ഈ മാസം അഞ്ച് വരെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് ദേശീയ അണുനശീകരണ യജ്ഞം. ഈ സമയം ഇനി ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top