29 February Saturday

യുഎഇയിൽ കൊറോണ രോഗബാധ സ്‌ഥിരീകരിച്ചു

അനസ് യാസിന്‍Updated: Wednesday Jan 29, 2020

ദുബായ്‌>  യുഎഇയില്‍ ആദ്യ കൊറോണവൈറസ് ബാധ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊറോണ വൈറസിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ മരിച്ച ചൈനീസ് നഗരമായ വുഹാനില്‍ നിന്നും യുഎഇയില്‍ എത്തിയ നാലംഗ കുടുംബത്തിനാണ് രോഗ ബാധ. ഇവര്‍ പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അമ്മ, അച്ഛന്‍, ഒന്‍പതുവയസുള്ള മകള്‍, അമ്മൂമ്മ എന്നിവരടങ്ങുന്ന ചൈനക്കാരായ കുടുംബം അവധി ആഘോഷിക്കാനായി ജനുവരി 16നാണ് യുഎയില്‍ എത്തിയത്. പനി ബാധിച്ചതിനെതുടര്‍ന്ന് 23ന് അമ്മൂമ്മയെ പ്രദേശിക ആശുപത്രിയില്‍ കാണിച്ചു. തുടര്‍ന്ന് പരിശോധനയിലാണ് കുടുംബാംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ഹുസൈന്‍ അല്‍ റാന്ത് പറഞ്ഞു.

 ഏത് വിമാനതാളത്തിലാണ് ഇവര്‍ എത്തിയതെന്നും ഇവര്‍ എവിടെയാണ് താമസിച്ചിരുന്നതെന്നും എവിടെയാണ് ചികിത്സിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. ഇവര്‍ എത്തിയ വിമാനത്തിലെ മറ്റ് യാത്രക്കാര്‍ക്ക് സ്‌ക്രീനിംഗ് നടത്തേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവര്‍ മറ്റുള്ളവരുമായി ഇടപഴകിയിരുന്നോ എന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.

 രോഗം കണ്ടെത്തിയതോടെ കുടുംബത്തെ മറ്റുള്ളവരില്‍ നിന്നും മാറ്റി നിര്‍ത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവര്‍ക്ക് ആവശ്യമായ എല്ലാ പരിചരണങ്ങളും ലഭിക്കുന്നുണ്ടെന്നും ആരോഗ്യ നിലയില്‍ ആശങ്കവേണ്ടെന്നും ഡോ. ഹുസൈന്‍ പറഞ്ഞു. കൊറോണ വൈറസുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ കുടുങ്ങരുതെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് ബാധ ഉണ്ടെങ്കില്‍ പരിഭ്രാന്തരാകരുതെന്നും വൈദ്യപരിശോധനയും ചികിത്സയും യുഎഇയില്‍ സൗജന്യമാണെന്നും അദ്ദേഹം പറഞ്ഞു.

 ശാസ്ത്രീയ മാനദണ്ഡങ്ങളും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരവുമുള്ള എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രണ്ടു ലക്ഷത്തോളം ചൈനക്കാര്‍ യുഎഇയില്‍ കഴിയുന്നുണ്ട്. ഇതില്‍ വലിയൊരു ഭാഗവും കഴിയുന്നത് ദുബായിലാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top