ഇസ്രയേലിന് നേരെ ഡ്രോൺ ആക്രമണം; ബഹുനില കെട്ടിടത്തിൽ സ്‌ഫോടനം
മനാമ> മധ്യ ഇസ്രയേൽ നഗരമായ യാവ്‌നെക്കുനേരെ യെമനിലെ ഹൂതി വിമിതരുടെ ഡ്രോൺ ആക്രമണം. നഗരത്തിലെ ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിൽ ഡ്രോൺ ഇടിച്ച് സ്‌ഫോടനം ഉണ്ടായതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. പെന്റ്ഹൗസ് അപ്പാർട്ട്‌മെന്റിന്റെ 15-ാം നിലയിലെ ബാൽക്കണിയിലാണ് ഡ്രോൺ ഇടിച്ചത്. തീപിടുത്തവും നാശനഷ്ടവും ഉണ്ടായാതായും സൈന്യം സ്ഥിരീകരിച്ചു. ആളാപയം ഇല്ലെന്നും അറിയിച്ചു.
ആയിരകണക്കിന് കിലോമീറ്റർ സഞ്ചരിച്ചാണ് ഡ്രോൺ ഇസ്രയേലിൽ കടന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തെൽ അവീവിനും അഷ്‌ദോദിനും ഇടയിലുള്ള നഗരമാണ് യാവ്‌നെ. അതേസമയം, ഹൂതികൾ ആക്രമണ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഡ്രോൺ നഗരത്തിന് മുകളിലൂടെ പറക്കുന്നതും കെട്ടിടത്തിൽ ഇടിച്ച് തീപിടിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെച്ചിട്ടുണ്ട്.
ഡ്രോൺ ഇസ്രയേൽ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്താനോ അതിനെ നേരിടാനോ വ്യോമ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞില്ല. ഡ്രോണിനെ വെടിവെച്ച് വീഴ്ത്താൻ ഒരു യുദ്ധവിമാനം പറന്നുയർന്നെങ്കിലും കഴിഞ്ഞില്ല. മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങാത്തതും നഗരവാസികളിൽ പരിഭ്രാന്തി പരത്തി. തുടർച്ചയായ മൂന്നാം ദിവസമാണ് ഹൂതികൾ ഇസ്രയേലിനെ ആക്രമിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഹൂതികൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. എന്നാൽ, അവ വെടിവെച്ചിട്ടതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഇസ്രയേൽ അധിനിവേശ യുദ്ധത്തിൽ പ്രതിഷേധിച്ച് ഹൂതികൾ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന് നേരെ പ്രയോഗിച്ചിട്ടുണ്ട്. ഒരു തവണ ആക്രമണത്തിൽ ടെൽ അവീവിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി ഇസ്രായേൽ രണ്ട് തവണ യെമനിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. വീണ്ടും ആക്രമണം നടത്താൻ ഇസ്രയേൽ പദ്ധതിയിടുന്നതായ റിപ്പോർട്ടുകൾ ഞായറാഴ്ച പുറത്തുവന്നതിനു പിന്നാലെയാണ് ഡ്രോൺ ആക്രമണം.
0 comments