20 July Saturday

ഗ്രീൻ കാർഡ്‌ മാതൃകയിൽ സൗദിയില്‍ പ്രവാസികള്‍ക്ക് പ്രത്യേക താമസപദ്ധതി

അനസ് യാസിൻUpdated: Monday Jun 24, 2019

മനാമ> സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാനായി സൗദി പ്രത്യേക ദീർഘകാല താമസപദ്ധതി ആരംഭിച്ചു. എട്ടുലക്ഷം റിയാൽ ഫീസിൽ സ്ഥിരതാമസാനുമതിയും ഒരുലക്ഷം റിയാലിന് പുതുക്കാവുന്ന ഒരുവർഷം കാലാവധിയുള്ള താമസാനുമതിയുമാണ‌് പുതിയ പദ്ധതിയിലുള്ളത‌്. കഴിഞ്ഞമാസം മന്ത്രിസഭ അംഗീകരിച്ച പദ്ധതി ഞായറാഴ്ചയാണ് ഔദ്യോഗിക ഓൺലൈൻ പോർട്ടലിൽ ലഭ്യമായത്. സ്വതന്ത്രമായ സഞ്ചാരം, വസ്തുവകകൾ സ്വന്തമാക്കാനുള്ള അനുവാദം, രാജ്യത്ത് ബിസിനസ് ചെയ്യാനുള്ള അവകാശം എന്നിവ പുതിയ താമസാനുമതി വിദേശികൾക്ക് ഉറപ്പുനൽകുന്നു.

നിലവിൽ സ്‌പോൺസർ ഇല്ലാതെ ഒരാൾക്കും രാജ്യത്ത് കഴിയാനാകില്ല. ഈ സംവിധാനത്തിൽ വിദേശത്തൊഴിലാളിക്ക് രാജ്യം വിടണമെങ്കിൽ സ്‌പോൺസർ എക്‌സിറ്റ്, റീ എൻട്രി വിസ നൽകിയിരിക്കണം.

എന്നാൽ, പുതിയ താമസപദ്ധതിയിൽ വിസ ലഭിക്കുന്നവർ തന്നെയായിരിക്കും അവരുടെ സ്‌പോൺസർ. നിർദിഷ്ട കാർഡ് പദ്ധതിയിലൂടെ വർഷത്തിൽ 10 ബില്യൺ റിയാലിൽ കുറയാത്ത വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഗ്രീൻ കാർഡ് മാതൃകയിലാണ് സൗദി പദ്ധതി നടപ്പാക്കുന്നത്. ഇതുവഴി കുടിയേറ്റക്കാർക്ക് പത്തുവർഷത്തേക്ക‌് രാജ്യത്ത് സ്ഥിരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യാം. അതുകഴിഞ്ഞാൽ കാർഡ് പുതുക്കാം.

ഇതിനുപുറമെ വിദേശപ്രതിഭകൾക്ക് ദീർഘകാലതാമസത്തിന‌് ഗോൾഡൻ കാർഡും സൗദി പരിഗണിക്കുന്നുണ്ട്. ഇതിനാവശ്യമായ നടപടികൾക്ക് തൊഴിൽ, സാമൂഹികവികസന മന്ത്രാലയം ഈ വർഷം ഏപ്രിലിൽ തുടക്കമിട്ടു. സമാനമായ ദീർഘകാല താമസപദ്ധതി ഗോൾഡ് കാർഡ് എന്ന പേരിൽ ഈയിടെ യുഎഇയും ആരംഭിച്ചിട്ടുണ്ട്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top