ബ്രസൽസ്
ശക്തമായ പകർപ്പവകാശനിയമത്തിന് അംഗീകാരം നൽകി യൂറോപ്യൻ യൂണിയൻ. ഇനിമുതൽ പകർപ്പവകാശമോ അനുമതിയോ ഇല്ലാതെ സംഗീതം, സാഹിത്യം, വാർത്ത തുടങ്ങിയ സൃഷ്ടികൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കാൻ കഴിയില്ല. ഇതോടെ ഫെയ്സബുക്ക്, ഗൂഗിൾ തുടങ്ങിയ ടെക്ക് ഭീമൻമാർക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടിവരിക.
സംഗീത സിനിമാ നിർമാതാക്കൾക്ക് മാത്രമല്ല, പത്രങ്ങൾക്കും മാഗസിനുകൾക്കും പുതിയ നിയമം ബാധകമാകും. രണ്ട് വർഷംമുമ്പ് യൂറോപ്യൻ കമീഷൻ നിർദേശിച്ച നിയമങ്ങൾക്ക് തിങ്കളാഴ്ചയാണ് യൂറോപ്യൻ യൂണിയന്റെ അംഗീകാരം ലഭിച്ചത്.
ഇയുവിലുള്ള രാജ്യങ്ങൾക്ക് പുതിയ നിയമം അനുസരിച്ച് അവരുടെ നിയമങ്ങൾ ഭേദഗതിചെയ്യാൻ രണ്ട് വർഷത്തെ സമയം ലഭിക്കും. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് പ്രതിസന്ധിയിലാകും. വ്യത്യസ്ത കലാസൃഷ്ടികൾ ഉപയോഗിക്കുന്നതിന് മുൻകൂർ കരാർ യുട്യൂബ് വാങ്ങണം.