05 July Sunday

പൗരത്വ ഭേദഗതി നിയമം അപകടകരം: യൂറോപ്യൻ യൂണിയൻ

സ്വന്തം ലേഖകൻUpdated: Tuesday Jan 28, 2020

ന്യൂഡൽഹി > ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം അപകടകരവും ഭിന്നിപ്പ്‌ സൃഷ്ടിക്കുന്നതുമാണെന്ന്‌ യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ പ്രമേയങ്ങള്‍. ഇടതുപക്ഷംമുതല്‍ മധ്യവലതുപക്ഷ പാര്‍ടികളിൽ വരെയുള്ള എംപിമാരുടെ കൂട്ടായ്‌മകളാണ്‌ മോഡിസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന അഞ്ച്‌ പ്രമേയം കൊണ്ടുവന്നത്. 751 അംഗ പാർലമെന്റില്‍ അഞ്ചു കൂട്ടായ്മയിലായി 559 അംഗങ്ങളുണ്ട്. പ്രമേയങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിൽ ചർച്ചചെയ്‌ത്‌ വോട്ടിനിടും. ഇന്ത്യ–-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രസൽസ്‌ സന്ദർശിക്കാനിരിക്കെയാണ്‌ നീക്കം.

മുസ്ലിങ്ങള്‍ പൗരത്വം തെളിയിക്കേണ്ടിവരും

ഇടതുപക്ഷം, ഗ്രീൻ, യൂറോപ്യൻ ഫ്രീ അലയൻസ്‌ എന്നീ പാർടികളുടെ രണ്ട്‌ കൂട്ടായ്‌മ അവതരിപ്പിച്ച പ്രമേയങ്ങൾ പൗരത്വ ഭേദഗതി നിയമത്തെ അപകടകരമായ വ്യതിയാനമായി ചൂണ്ടിക്കാട്ടി.
പൗരത്വഭേദഗതി നിയമവും എൻആർസിയും ചേർന്ന്‌ ഇന്ത്യയിലെ 20 കോടി മുസ്ലിങ്ങളെ അവരുടെ പൗരത്വം തെളിയിക്കേണ്ട അവസ്ഥയിലെത്തിക്കും. അല്ലാത്തപക്ഷം അവർ രാജ്യമില്ലാത്തവരായി മാറും.
ലോകത്തെ ഏറ്റവും വലിയ അഭയാർഥിപ്രതിസന്ധിക്ക്‌ ഇത്‌ കാരണമാകുമെന്ന്‌ ഇടതുപക്ഷ, ഗ്രീൻ പാർടികളുടെ 41 എംപിമാർ പ്രമേയത്തിൽ മുന്നറിയിപ്പ്‌ നൽകി.പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലിങ്ങളെ ഒഴിവാക്കിയത്‌ മോശം ഫലം സൃഷ്ടിക്കുമെന്നും ഇന്ത്യയുടെ  രാജ്യാന്തരപ്രതിച്ഛായയും  ആഭ്യന്തരസ്ഥിരതയും  തകരുമെന്നും  മധ്യവലതുപക്ഷമായ യൂറോപ്യൻ പീപ്പിൾസ്‌‌ പാർടിയിലെ 182 എംപിമാര്‍  പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

പ്രമേയത്തില്‍ ജെഎൻയു അക്രമവും

സോഷ്യലിസ്‌റ്റ്‌, ഡെമോക്രാറ്റിക്‌ പാർടികളുടെ കൂട്ടായ്‌മയും (എസ്‌ ആൻഡി) പൗരത്വഭേദഗതി നിയമം വിവേചനപരവും അപകടകരവുമാണെന്ന്‌  ‌ചൂണ്ടിക്കാട്ടി. പൗരത്വത്തിന്‌ മതം മാനദണ്ഡമാക്കിയ ഇന്ത്യയുടെ നടപടിയെ 154 എംപിമാർ അടങ്ങുന്ന എസ്ആൻഡ്‌ ഡി  അപലപിച്ചു. ലിബറൽ കൂട്ടായ്‌മയുടെ പ്രമേയവും ഇതേ വികാരം പ്രകടിപ്പിച്ചു. ജെഎൻയു ആക്രമണവും പ്രമേയങ്ങളിൽ പരാമർശിച്ചു. പൗരത്വഭേദഗതി നിയമത്തെ പിന്തുണച്ച്‌ യാഥാസ്ഥിതിക പാർടികളുടെ പ്രമേയവും വന്നിട്ടുണ്ട്‌.
ഐക്യരാഷ്ട്ര സംഘടനയുടെ 1992ലെ പ്രഖ്യാപനത്തിനും  ഇന്ത്യ–-യൂറോപ്യൻ യൂണിയൻ തന്ത്രപ്രധാന പങ്കാളിത്ത കർമപദ്ധതിക്കും വിരുദ്ധമാണ്‌ പൗരത്വ ഭേദഗതി നിയമമെന്ന്‌  എംപിമാർ പറയുന്നു.  എന്നാല്‍, നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന്‌ കേന്ദ്രസർക്കാർ പ്രതികരിച്ചു.


പ്രധാന വാർത്തകൾ
 Top