20 October Tuesday

യു എ ഇയിൽ തുല്യ ജോലിക്ക് സ്ത്രീക്കും പുരുഷനും തുല്യ വേതനം

കെഎൽ ഗോപിUpdated: Friday Sep 25, 2020

 
അബുദാബി> യുഎഇ ഫെഡറൽ നിയമം അനുസരിച്ച് സ്വകാര്യ മേഖലയിലും സ്ത്രീക്കും പുരുഷനും തുല്യവേതനം നൽകണമെന്ന ഉത്തരവ് യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ പുറത്തിറക്കി.  സെപ്റ്റംബർ 25 വെള്ളിയാഴ്ച മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വരും.

ഫെഡറൽ നിയമങ്ങളിൽ  ഭേദഗതി വരുത്തിക്കൊണ്ട് സ്വകാര്യ സ്ഥാപനങ്ങളിലും  തുല്യ ജോലിക്ക് സ്ത്രീക്കും പുരുഷനും തുല്യ വേതനം ഉറപ്പാക്കണം.  ഷെയ്ഖ് ഖലീഫയുടെ ഉത്തരവിന്റെ വിശദാംശങ്ങൾ യുഎഇയുടെ ഔദ്യോഗിക വാർത്ത ഏജൻസിയാണ് വ്യാഴാഴ്ച പുറത്തുവിട്ടത്.  

ലിംഗസമത്വം ഉറപ്പാക്കുകയും, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വേതനവും എല്ലാവർക്കും ഉറപ്പാക്കി തുല്യനീതി സംരക്ഷിക്കുകയും ചെയ്യുക എന്ന ചരിത്ര പ്രധാനമായ ലക്ഷ്യമാണ് ഇതിലൂടെ യു എ ഇ മുന്നോട്ടുവച്ചിട്ടുള്ളത്. 2020 ഓഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി പുറത്തിറക്കിയ ഫെഡറൽ നിയമം 6 ൽ ആണ് വേതനം നൽകുന്ന കാര്യത്തിലും ലിംഗസമത്വം ഉറപ്പാക്കുക എന്ന സുപ്രധാന ആശയം മുന്നോട്ടുവച്ചത്.

ലിംഗ നീതി ഉറപ്പാക്കുന്നതിൽ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഉയർന്ന മാനദണ്ഡങ്ങൾ പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രസവാനന്തര പരിചരണങ്ങൾക്ക്  ഭർത്താവിന് ശമ്പളത്തോടുകൂടിയ അഞ്ചുദിവസത്തെ ലീവ് സ്വകാര്യമേഖലയിലും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ആഗസ്റ്റിൽ യുഎഇ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു ഉത്തരവ് പുറത്തിറക്കുന്ന ആദ്യത്തെ ഗൾഫ് രാജ്യമാണ് യുഎഇ.

സാമൂഹികനീതിയും, തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തി തൊഴിൽ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി അഭിനന്ദനാർഹമായ തൊഴിൽ സാഹചര്യങ്ങളാണ് യുഎഇ ഉറപ്പാക്കുന്നത്. തൊഴിൽ രംഗത്തെ ചൂഷണങ്ങൾ നിരീക്ഷിക്കുന്നതിനും മറ്റും സർക്കാർ തലത്തിൽ തന്നെ ഇപ്പോൾ നിരവധി സംവിധാനങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top