20 March Wednesday

അടിയന്തരാവസ്ഥയ‌്ക്കെതിരെ യുഎസിൽ ഹർജി; വ്യാപക പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Feb 17, 2019

വാഷിങ‌്ടൺ > മെക‌്സിക്കൻ അതിർത്തിയിൽ മതിൽ നിർമിക്കാൻ പണം കണ്ടെത്താനായി അമേരിക്കയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ‌്ക്കെതിരെ നിരവധിപേർ രംഗത്ത‌്.
ടെക‌്സ‌ാസിലെ മൂന്ന‌് ഭൂ ഉടമകളും പരിസ്ഥിതി സംഘടനയും മെക‌്സിക്കൻ മതിൽ പ്രാവർത്തികമാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ഹർജി നൽകി. കൊളംബിയയിലെ ജില്ലാ കോടതിയിലാണ‌് ഹർജി നൽകിയത‌്. മതിൽ നിർമിച്ചാൽ തങ്ങളുടെ ഭൂമി വിഭജിക്കപ്പെടുമെന്ന‌ു കാണിച്ചാണ‌് തെക്കൻ ടെക‌്സാസിലെ ഭൂഉടമകൾ ഹർജി നൽകിയത‌്. കോടികൾ മുടക്കി നിർമിക്കുന്ന മതിൽ പരിസ്ഥിതി സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന‌ു കാണിച്ചാണ‌് പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ചത‌്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിൽ ആശങ്കയറിയിച്ച് അമേരിക്കൻ ബിഷപ്പുമാരും രംഗത്തെത്തി. സങ്കീർണതകളെ അഭിമുഖീകരിക്കേണ്ടത് മതിലുകൾ തീർത്തല്ല, മറിച്ച് പാലങ്ങൾ തീർത്തുകൊണ്ട് മനുഷ്യരെ സമന്വയിപ്പിച്ചാണെന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടാണ് ഈ വിഷയത്തിൽ തങ്ങൾക്കുമുള്ളതെന്ന‌് അമേരിക്കൻ കാത്തലിക്ക് മെത്രാൻ സമിതി (യുഎസ്‌സിസിബി) പ്രസ്താവനയിൽ പറഞ്ഞു. ധനവിനിയോഗബില്ലിൽ അമേരിക്കൻ കോൺഗ്രസ‌് മതിലിന‌് അനുവദിച്ചത് 137 കോടി ഡോളറാണ്. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളർ നൽകാൻ കഴിയില്ലെന്ന‌് കോൺഗ്രസ‌് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ മതിൽ നിർമിക്കുന്നതിന് ഇനിയും ഫണ്ട് ശേഖരിക്കുന്നതിനോട് തങ്ങൾക്ക് ഒരുതരത്തിലും യോജിക്കാൻ കഴിയില്ലെന്ന‌് മെത്രാൻ സമിതി പ്രസ‌്താവനയിൽ പറഞ്ഞു.
അനധികൃതകുടിയേറ്റക്കാരും മയക്കുമരുന്നു കച്ചവടക്കാരും അമേരിക്കയിൽ കടക്കുന്നത‌് തടയാൻ മെക്‌സിക്കൻ അതിർത്തിയിൽ മതിൽ കൂടിയേ തീരൂവെന്നാണ് ട്രംപിന്റെ വാദം.

എന്നാൽ, ട്രംപ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇത്ര സങ്കീർണമായ ഒരു സാഹചര്യം അമേരിക്കയിൽ നിലനിൽക്കുന്നില്ലെന്നും മെത്രാൻ സമിതി അഭിപ്രായപ്പെട്ടു. യുഎസ്- മെക്‌സിക്കൻ അതിർത്തിയിൽ മതിൽ തീർക്കുന്നതുവഴി മനുഷ്യർ തമ്മിൽ വേർതിരിക്കപ്പെടാനും വിരോധം സൃഷ്ടിക്കാനുമേ ഉപകരിക്കപ്പെടുകയുള്ളൂ. കൂടാതെ, മതിൽ നിർമിക്കുന്നതുവഴി അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ലാ ലോമിത ചാപ്പലിൽ മെക്‌സിക്കൻ വിശ്വാസികൾക്ക് പ്രവേശിക്കാൻ കഴിയില്ല, അത് മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യവുമാണെന്നും സമിതി ചൂണ്ടിക്കാട്ടി.അടിയന്തരാവസ്ഥയ‌്ക്കെതിരെ അമേരിക്കയിലെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ‌്. ട്രഷറി സ്തംഭനം ഒഴിവാക്കാനായി സെപ‌്തംബർ 30 വരെയുള്ള ഭരണച്ചെലവിനായി പാസാക്കിയ ഇടക്കാല ധനവിനിയോഗ ബിൽ ഒപ്പിട്ടശേഷമാണ‌് വെള്ളിയാഴ‌്ച പ്രസിഡന്റ‌് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

അതേസമയം, കോൺഗ്രസിന്റെ അധികാരത്തെ പരിമിതപ്പെടുത്താനുള്ള ട്രംപിന്റെ ശ്രമമാണ‌് ദേശീയ അടിയന്തരാവസ്ഥ എന്ന‌് പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ആരോപിച്ചു. ട്രംപ് കണക്കുകൂട്ടിയതിലും വളരെ കുറവ് തുകമാത്രം മതിൽ നിർമിക്കാൻ അനുവദിക്കുന്ന കോൺഗ്രസിനെ ഒഴിവാക്കി, അതിർത്തികളിലെ സുരക്ഷയും മയക്കുമരുന്ന് വ്യാപാരവും പറഞ്ഞ് മയക്കുവിരുദ്ധ, സൈനിക ഫണ്ടുകളിൽനിന്ന് കോടിക്കണക്കിനു പണം മതിലിനായി ഒഴുക്കാനാണ് ട്രംപിന്റെ നീക്കമെന്ന‌് അവർ പറഞ്ഞു. ട്രംപിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തെ ചെറുത്തുതോൽപ്പിക്കുമെന്നും ഡെമോക്രാറ്റുകൾ പ്രതികരിച്ചു.


പ്രധാന വാർത്തകൾ
 Top