19 January Sunday

നയതന്ത്രകേന്ദ്രങ്ങളുടെ എണ്ണം: അമേരിക്കയെ പിന്തള്ളി ചൈന

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019

ബീജിങ്‌
ലോകമാകെയുള്ള നയതന്ത്രകാര്യാലയങ്ങളുടെ എണ്ണത്തിൽ ഇതാദ്യമായി അമേരിക്കയെ മറികടന്ന്‌ ചൈന. ഈ വർഷത്തെ കണക്കനുസരിച്ച്‌ ചൈനയ്‌ക്ക്‌ ആഗോളമായി 276 നയതന്ത്രകേന്ദ്രമാണുള്ളത്‌. അമേരിക്കയ്‌ക്കുള്ളതിനേക്കാൾ മൂന്നെണ്ണം അധികം. സിഡ്‌നി കേന്ദ്രമായ ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തിലാണ്‌ ഈ കണ്ടെത്തൽ. നയതന്ത്രകാര്യാലയങ്ങളുടെ എണ്ണത്തിൽ ഇന്ത്യ  12–-ാം സ്ഥാനത്താണ്‌.

ചൈനയുടെ നയതന്ത്രകാര്യാലയങ്ങളിൽ 169 എംബസിയും 96 കോൺസുലേറ്റുമുണ്ട്‌. കൂടാതെ, എട്ട്‌ സ്ഥിരം ദൗത്യ കാര്യാലയവും മൂന്ന്‌ ദൗത്യ കാര്യാലയവുമാണുള്ളത്‌. അമേരിക്കയ്‌ക്ക്‌ 168 എംബസിയും 88 കോൺസുലേറ്റും ഒമ്പത്‌ സ്ഥിരം ദൗത്യ കാര്യാലയവും മറ്റ്‌ എട്ട്‌ ദൗത്യ കാര്യാലയവുമാണുള്ളത്‌. ചൈനയുടെ വർധിച്ച ആഗോളബന്ധത്തെ കാണിക്കുന്നതാണ് ഇതെന്ന്‌ പഠനം ചൂണ്ടിക്കാട്ടുന്നു. 2016ൽ മൂന്നാംസ്ഥാനത്തായിരുന്ന ചൈന ഫ്രാൻസിനെ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളി അടുത്തവർഷം രണ്ടാംസ്ഥാനം സ്വന്തമാക്കിയിരുന്നു.

ചൈനയ്‌ക്കും ജപ്പാനും പിന്നിൽ ഏഷ്യയിൽ മൂന്നാംസ്ഥാനം ഇന്ത്യക്കുണ്ട്‌. എംബസികളും ഹൈക്കമീഷനുകളുമായി 123 സ്ഥാനപതി കാര്യാലയവും 54 കോൺസുലേറ്റുമാണ്‌ ഇന്ത്യക്കുള്ളത്‌. കൂടാതെ, നാലുവീതം സ്ഥിരം ദൗത്യ കാര്യാലയവും മറ്റ്‌ പ്രതിനിധി കാര്യാലയവുമുണ്ട്‌. ആഗോളമായി നാലാംസ്ഥാനത്തുള്ള ജപ്പാന്‌ 151 എംബസി, 61 കോൺസുലേറ്റ്‌, 10 സ്ഥിരം ദൗത്യ കാര്യാലയം, 21 മറ്റ്‌ പ്രതിനിധി കാര്യാലയം എന്നിങ്ങനെയുണ്ട്‌. ഏഷ്യയിൽ ആറാം സ്ഥാനവും ആഗോളമായി 28–-ാം സ്ഥാനവുമുള്ള പാകിസ്ഥാന്‌ 85 എംബസി/ ഹൈക്കമീഷനും 30 കോൺസുലേറ്റും രണ്ട്‌ സ്ഥിരം ദൗത്യ കാര്യാലയവുമാണുള്ളത്‌. 61 രാജ്യമാണ്‌ സൂചികയിലുള്ളത്‌.
എംബസികൾ രാജ്യങ്ങളുടെ രാഷ്‌ട്രീയതാൽപ്പര്യങ്ങൾ നിറവേറ്റുമ്പോൾ കോൺസുലേറ്റുകൾ അവയുടെ സാമ്പത്തിക സഹകരണ ബന്ധങ്ങളെ കാണിക്കുന്നു.

ഏറ്റവുമധികം നയതന്ത്രകാര്യാലയങ്ങളുള്ളത്‌ അമേരിക്കയിലാണ്‌. സൂചികയിലുള്ള എല്ലാ രാജ്യങ്ങൾക്കുമായി 342 എംബസികളോ കോൺസുലേറ്റുകളോ അമേരിക്കയിലുണ്ട്‌. ഇതിൽ രണ്ടാംസ്ഥാനത്തുള്ള ചൈനയിൽ പട്ടികയിലെ 61 രാജ്യങ്ങളുടേതായി 256 നയതന്ത്ര കാര്യാലയമുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top