02 December Monday

മുൾമുനയിൽ പശ്ചിമേഷ്യ ; ലബനൻ അതിർത്തിയിലേക്ക്‌ കൂടുതൽ ഇസ്രയേൽ സൈന്യം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

ടെൽ അവീവ്‌/ ബെയ്‌റൂട്ട്‌
ഹിസ്‌ബുള്ള മേധാവി ഹസൻ നസറള്ളയുടെ വധത്തോടെ പശ്ചിമേഷ്യയിലാകെ യുദ്ധഭീതി രൂക്ഷമായ സാഹചര്യത്തിൽ ലബനൻ അതിർത്തിയിലേക്ക്‌ മൂന്ന്‌ ബ്രിഗേഡ്‌ റിസർവ്‌ പട്ടാളക്കാരെക്കൂടി വിന്യസിച്ച്‌ ഇസ്രയേൽ. കഴിഞ്ഞ ദിവസം രണ്ട്‌ ബ്രിഗേഡ്‌ സൈനികരെ  വിന്യസിച്ചിരുന്നു. കൂടുതൽ ടാങ്കുകളും കവചിത വാഹനങ്ങളും അതിർത്തി ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്‌. ഐക്യരാഷ്ട്ര സംഘടനയുടെയും അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളുടെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ്‌ ഇസ്രയേൽ ലബനനിലേക്ക്‌ ആക്രമണം വ്യാപിപ്പിക്കുന്നത്‌.

ലബനനെ മറ്റൊരു ഗാസയാക്കരുതെന്ന്‌ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്‌ കഴിഞ്ഞ ദിവസവും അഭ്യർഥിച്ചിരുന്നു. എന്നാൽ, ആക്രമണം അവസാനിപ്പിക്കില്ലെന്ന്‌ യു എൻ പൊതുസഭാ സമ്മേളനത്തിൽത്തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. ആക്രമണം അതിരൂക്ഷമായിട്ടും ഫലപ്രദമായി ഇടപെടാതെ അമേരിക്ക നോക്കിനിൽക്കുന്നതിന്‌ പിന്നിലും പശ്ചിമേഷ്യയെ യുദ്ധക്കളമാക്കി ഇറാന്റെ ആണവപദ്ധതികൾ തകർക്കുകയെന്ന ലക്ഷ്യമാണെന്ന ആരോപണവും ശക്തമാണ്‌.

ഇറാനിൽവച്ച്‌ അന്നത്തെ ഹമാസ്‌ മേധാവി ഇസ്മയിൽ ഹനിയയെ വധിച്ചതും പ്രകോപനലക്ഷ്യത്തോടെതന്നെ. വെള്ളിയാഴ്ചത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷണറി ഗാർഡ്‌ ഡെപ്യൂട്ടി കമാൻഡറുമുണ്ട്‌. അതിനിടെ, ശനിയാഴ്ചയും ബെയ്‌റൂട്ടും ബെകാ താഴ്‌വരയും ലക്ഷ്യമാക്കി ശക്തമായ ആക്രമണം തുടരുകയാണ്‌ ഇസ്രയേൽ. 11 പേർ കൊല്ലപ്പെട്ടു. 108 പേർക്ക്‌ പരിക്കേറ്റു. ഒരാഴ്ചയ്ക്കിടെ 1030 പേരാണ്‌ ലബനനിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌.  

ഇസ്രയേലിലും ജാഗ്രതാ നിർദേശം
ഹിസ്‌ബുള്ള പ്രത്യാക്രമണം നടത്തുമെന്ന ആശങ്കയിൽ ഇസ്രയേലിലും കനത്ത ജാഗ്രതാ നിർദേശം. ആയിരത്തിലധികം പേർ ഒത്തുചേരുന്നതിന്‌ വിലക്ക്‌ ഏർപ്പെടുത്തി. ടെൽ അവീവിൽ ഉൾപ്പെടെ നിരവധി തവണ വ്യോമാക്രമണ മുന്നറിയിപ്പ്‌ സൈറൺ മുഴങ്ങി.  നസറള്ളയെ വധിച്ചെന്ന ഇന്റലിജൻസ്‌ റിപ്പോർട്ട്‌ എത്തിയ ഉടൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ന്യൂയോർക്ക്‌ സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top