18 February Monday

കെനിയയിലെ ഹോട്ടലിൽ ഭീകരാക്രമണം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

നയ‌്റോബി
കെനിയൻ തലസ്ഥാനമായ നയ‌്റോബിയിൽ ആഡംബര ഹോട്ടൽ സമുച്ചയത്തിൽ ഭീകരാക്രമണം. വെസ‌്റ്റ‌്‌ലാൻഡ‌് ജില്ലയിലെ ഡസിറ്റ‌്–-ഡി2 ഹോട്ടലിൽ രണ്ടുവട്ടം സ‌്ഫോടനം നടന്നതായും തുടർന്ന‌് വെടിയൊച്ച കേട്ടതായും വാർത്താ ഏജൻസി റിപ്പോർട്ട‌്ചെയ‌്തു. നാലംഗ സംഘമാണ‌് ആക്രമണം നടത്തിയതെന്ന‌ാണ‌് റിപ്പോർട്ട‌്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ അൽ ഷബാബ‌് ഏറ്റെടുത്തു.

സ്ഥലത്തെത്തിയ സുരക്ഷാസേന ആളുകളെ ഒഴിപ്പിച്ചു. നിരവധി പേർക്ക‌് പരിക്കേറ്റിട്ടുണ്ട‌്. കാർപാർക്കിലുണ്ടായിരുന്ന നിരവധി വാഹനങ്ങൾക്ക‌് തീപിടിച്ചു. 101 മുറികളുള്ള ഹോട്ടൽസമുച്ചയത്തിൽ നിരവധി റസ‌്റ്റോറന്റുകളും  സ്പായുമുണ്ട‌്. ആക്രമണത്തെ തുടർന്ന‌് ആളുകൾ പുറത്തേക്കോടി സമീപത്തെ കെട്ടിടങ്ങളിൽ അഭയംതേടി.

സൊമാലിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അൽ ഷബാബ‌് അടുത്തിടെ നിരവധി ഭീകരാക്രമണങ്ങൾ നടത്തി. 2013ൽ നയ‌്റോബിയിലെ വെസ‌്റ്റ‌്ഗേറ്റ് ഷോപ്പിങ‌് മാളിൽ നടത്തിയ ആക്രമണം 80 മണിക്കൂർ നീണ്ടു. 67 പേരാണ‌് അന്ന‌് കൊല്ലപ്പെട്ടത‌്. 2015ൽ ഗാരിസ്സ സർവകലാശാലയിൽ നടത്തിയ ആക്രമണത്തിൽ 150 പേർ കൊല്ലപ്പെട്ടു.


പ്രധാന വാർത്തകൾ
 Top