02 July Thursday

ട്രംപിന്റെ നുണകൾ പൊളിച്ചടുക്കി അമേരിക്കൻ വാർത്താ ഏജൻസി ; മാധ്യമങ്ങളെയും ആക്രമിച്ച്‌ ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 21, 2020


വാഷിങ്‌ടൺ
നുണകൾ പടച്ചുവിടുന്ന ഭരണാധികാരികളിൽ മുൻപന്തിയിലാണ്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. അധികാരത്തിലെത്തി രണ്ടു വർഷത്തിനിടെ ട്രംപ്‌  8000 തവണ നുണ പറഞ്ഞതായി വാഷിങ്‌ടൺ പോസ്റ്റ്‌ നേരത്തെ റിപ്പോർട്ട്‌ ചെയ്തിരുന്നു. കോവിഡ്‌ കാലത്തും ഇതിന്‌ മാറ്റമില്ല.  അത്തരം നുണകൾ വിശകലനം ചെയ്യുകയാണ്‌ അമേരിക്കൻ വാർത്ത ഏജൻസിയായ അസോസിയേറ്റ്‌ പ്രസ്(എപി).

അമേരിക്ക –- ചൈന
ചൈനയിൽ കോവിഡ്‌ ബാധിച്ച്‌  മരിച്ചവരുടെ എണ്ണം അമേരിക്കയിലെ മരണസംഖ്യയെക്കാൾ അധികമാണെന്നാണ്‌ ട്രംപ്‌ പറഞ്ഞത്‌. എന്നാൽ, ചൈനയിൽ കോവിഡ്‌ ബാധിച്ച്‌ 4600 പേരാണ്‌ മരിച്ചത്‌. അമേരിക്കയിൽ 42000 കടന്നു. കണക്ക്‌ എവിടെനിന്നെന്ന്‌ വെളിപ്പെടുത്താതെയാണ്‌ ട്രംപിന്റെ ആരോപണം. 

ലോകാരോഗ്യ സംഘടന
ലോകാരോഗ്യ സംഘടനയ്ക്ക്‌ ചൈനാ പക്ഷപാതമാണെന്നും അതിനാലാണ്‌ താൻ സംഘടനയ്ക്കുള്ള പണം വെട്ടിക്കുറച്ചതെന്നുമാണ്‌ ട്രംപിന്റെ വാദം. എന്നാൽ, ട്രംപ്‌ തന്നെ ചൈനയുടെ കോവിഡ്‌ പ്രതിരോധത്തെ അഭിനന്ദിച്ചിരുന്നു. ലോകാരോഗ്യ സംഘടന കോവിഡ്‌ മുന്നറിയിപ്പ്‌ തന്നില്ല എന്ന ആരോപണവും പൊള്ളയാണ്‌. അമേരിക്കക്കാരായ ഗവേഷകരും ഡോക്‌ടർമാരും പൊതു ആരോഗ്യപ്രവർത്തകരും ലോകാരോഗ്യ സംഘടനയിൽ പ്രവർത്തിക്കുന്നുണ്ട്‌. ഇവരും വിവരം അമേരിക്കൻ സർക്കാരിനെ അറിയിച്ചതാണ്‌.

മലമ്പനി മരുന്ന്‌
കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും കാര്യപ്രാപ്‌തിയുള്ളത്‌ മലമ്പനി മരുന്നിനാണെന്നാണ്‌ ട്രംപ്‌ അവകാശപ്പെടുന്നത്‌. എന്നാൽ, ഈ പ്രസ്‌താവനയ്ക്ക്‌ ഒരു ശാസ്‌ത്രീയ അടിത്തറയുമില്ല.

യാത്രാവിലക്ക്‌
ചൈനയിൽ നിന്നുള്ളവർക്ക്‌ യാത്രാവിലക്ക്‌ ഏർപ്പെടുത്തിയതിനാൽ പതിനായിരക്കണക്കിനാളുകളെ താൻ രക്ഷിച്ചുവെന്നാണ്‌ ട്രംപ്‌ അവകാശപ്പെടുന്നത്‌. എന്നാൽ, ഈ വാദവും പൊള്ളയാണെന്ന്‌ എപി ചൂണ്ടിക്കാട്ടുന്നു.

ട്രംപും സംസ്ഥാനങ്ങളും
അമേരിക്കയിൽ അടച്ചുപൂട്ടൽ നിർദേശങ്ങൾ പൂർണമായി എടുത്തുകളയാൻ തനിക്കാകുമെന്ന്‌ ട്രംപ്‌ പറഞ്ഞു. എന്നാൽ, ഈ വാദം ബാലിശമാണ്‌. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിന്‌ കഴിയുമെങ്കിലും സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്‌ ഗവർണർമാരും സംസ്ഥാന അധികാരികളുമാണ്‌. ഇത്‌ മറികടക്കാൻ ഭരണഘടനാപരമായി പ്രസിഡന്റിന്‌ അധികാരമില്ല.

കോൺഗ്രസ്‌
സഭ അവധി വച്ചില്ലെങ്കിൽ ഭരണഘടനാപരമായ അധികാരമുപയോഗിച്ച്‌ കോൺഗ്രസിന്റെ ഇരുസഭകളും നിർത്തിവയ്ക്കുമെന്ന്‌ ട്രംപ്‌ പറഞ്ഞിരുന്നു. എന്നാൽ, സെനറ്റും കോൺഗ്രസും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മാത്രമാണ്‌ പ്രസിഡന്റിന്‌ ഇതിനധികാരമുള്ളത്‌. അല്ലാതെ ചെയ്യാനാവില്ല.

മാധ്യമങ്ങളെയും ആക്രമിച്ച്‌ ട്രംപ്‌
അമേരിക്കയിലെ മാധ്യമങ്ങൾക്കെതിരെ വാളെടുത്ത്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. കോവിഡ്‌ പ്രതിസന്ധിയിൽ സർക്കാരിനെതിരെ വ്യാജവാർത്ത ചമയ്ക്കുകയാണ്‌ മുഖ്യധാരാ മാധ്യമങ്ങൾ എന്നാണ്‌ ട്രംപിന്റെ ആരോപണം. വാർത്തകളിൽ ഉറവിടം വ്യക്തമാക്കണമെന്നാണ്‌ ട്രംപിന്റെ ആവശ്യം.

‘ന്യൂയോർക്ക്‌ ടൈംസി’ന്റെ വൈറ്റ്‌ ഹൗസ്‌ ലേഖിക മാഗി ഹേബർമാനെ വ്യക്തിപരമായും ട്രംപ്‌ കുറ്റപ്പെടുത്തി. പുലിറ്റ്‌സർ പുരസ്‌കാരം ലഭിച്ച ഇവർ സിഎൻഎന്നിന്റെ രാഷ്‌ട്രീയ നിരീക്ഷക കൂടിയാണ്‌. തെരഞ്ഞെടുപ്പ്‌ നേട്ടത്തിന്‌ വേണ്ടിയാണ്‌ റിപ്പബ്ലിക്കൻ നേതാക്കൾ ചൈനയ്‌ക്കെതിരെ ആരോപണം ശക്തിപ്പെടുത്തുന്നതെന്ന്‌ ഹേബർമാൻ ജോനാഥൻ മാർട്ടിനുമൊത്ത്‌ എഴുതിയ ലേഖനത്തിൽ എഴുതിയിരുന്നു. ഇതുകൂടാതെ വൈറ്റ്‌ ഹൗസിലെ ജീവനക്കാരുടെ തലവൻ മാർക്ക്‌ മെഡൊസ്‌ ചുമതല ഏറ്റെടുത്ത്‌ രണ്ടാഴ്ചയ്ക്കിടെരണ്ടുതവണ ജീവനക്കാരുമായുള്ള കൂടിക്കാഴ്‌ചയിൽ  കരഞ്ഞതും റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത്‌ സത്യസന്ധതയില്ലാത്ത പത്രപ്രവർത്തനമാണെന്നും ഹേബർമാൻ മൂന്നാംകിട പത്രപ്രവർത്തകയാണെന്നുമാണ്‌ ട്രംപ്‌ ആരോപിച്ചത്‌. വാർത്തകളിൽ വിവരം എവിടെനിന്ന്‌ ലഭിച്ചു, ആരുടെ അഭിപ്രായമാണ്‌ എന്നിവ വെളിപ്പെടുത്തണമെന്നാണ്‌ ട്രംപിന്റെ ആവശ്യം. മാഗി ഹേബർമാൻ പുലിസ്റ്റർ സമ്മാനം തിരിച്ചുകൊടുക്കണമെന്നും ട്രംപ്‌ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top