15 June Tuesday

ട്രംപിനെ രക്ഷിക്കാൻ ക്ലിന്റനെ ക്രൂശിച്ചവരും; വാദിക്കാൻ പീഡനക്കേസ്‌ പ്രതിയും

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

വാഷിങ്‌ടൺ > ലോകം ഉറ്റുനോക്കുന്ന കുറ്റവിചാരണയിലേക്ക്‌ അമേരിക്കൻ സെനറ്റ്‌ കടക്കാൻ രണ്ടു ദിവസം അവശേഷിക്കെ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ തന്റെ ഭാഗം വാദിക്കാൻ പ്രഗത്ഭരുടെ നിരയെ രംഗത്തിറക്കി. ബിൽ ക്ലിന്റൻ–-മോണിക്ക ലെവിൻസ്‌കി ബന്ധം അന്വേഷിച്ച കെന്നത്ത്‌ സ്‌റ്റാർ, ഹാർവാഡ്‌ സർവകലാശാലയിൽ നിയമ പ്രൊഫസറായിരുന്ന അലൻ ദെർഷോവിറ്റ്‌സ്‌, ക്ലിന്റൻ ദമ്പതികൾക്കെതിരെ വൈറ്റ്‌വാട്ടർ റിയൽ എസ്‌റ്റേറ്റ്‌ കേസ്‌ അന്വേഷണം നയിച്ച റോബർട്ട്‌ റേ തുടങ്ങിയവർ അടങ്ങുന്ന എട്ടംഗസംഘത്തിൽ ശ്രദ്ധേയമായ അസാന്നിധ്യം ട്രംപിന്റെ അഭിഭാഷകനായ റൂഡി ജ്യൂലിയാനിയാണ്‌. ട്രംപിന്റെ പ്രിയ ടെലിവിഷൻ ചാനലായ ഫോക്‌സിൽ പതിവായി സംവാദങ്ങൾക്ക്‌ എത്തുന്നവരാണ്‌ സ്‌റ്റാറും ദെർഷോവിറ്റ്‌സും.

ഇംപീച്ച്‌മെന്റിൽ ട്രംപ്‌ ടീമിൽ പ്രധാന പങ്ക്‌ വൈറ്റ്‌ഹൗസ്‌ കോൺസൽ പാറ്റ്‌ സിപോളനും ട്രംപിന്റെ സ്വന്തം അഭിഭാഷകൻ ജേയ്‌ സെകുലോവുമായിരിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ട്രംപിനു വേണ്ടി റഷ്യൻ ഇടപെടലുണ്ടായിയെന്ന ആരോപണത്തിൽ സ്‌പെഷ്യൽ കോൺസൽ റോബർട്ട്‌ മുള്ളറുടെ അന്വേഷണത്തിൽ സെകുലോവ്‌ ട്രംപിനെ പ്രതിനിധാനംചെയ്‌തിരുന്നു. മുൻ ഫ്ലോറിഡ അറ്റോർണി ജനറൽ പാംബോണ്ടി, മുള്ളർ അന്വേഷണത്തിൽ ട്രംപിന്റെ സംഘത്തിലുണ്ടായിരുന്ന ജെയ്‌ൻ റാസ്‌കിൻ, കഴിഞ്ഞ 15 വർഷത്തിലധികമായി വിവിധ കേസിൽ ട്രംപിനു വേണ്ടി ഹാജരായിട്ടുള്ള നിയമസ്ഥാപനം കസോവിറ്റ്‌സ്‌ ബെൻസൻ ടോറസിലെ, എറിക്‌ ഡി ഹെർഷ്‌മാൻ എന്നിവരാണ്‌ സെനറ്റിലെ യുദ്ധത്തിൽ ട്രംപിനു വേണ്ടി നിരക്കുന്ന മറ്റുള്ളവർ. ഉക്രെയ്‌നിലെ ഗൂഢാലോചനകളിലൂടെ ട്രംപിനെ ഇംപീച്ച്‌മെന്റിലേക്ക്‌ തള്ളിയിട്ടത്‌ ജ്യൂലിയാനിയാണെന്ന്‌ വൈറ്റ്‌ഹൗസിൽ പലരും കരുതുന്നതാണ്‌ അദ്ദേഹത്തിന്‌ തടസ്സമായത്‌.

വാദിക്കാൻ പീഡനക്കേസ്‌ പ്രതിയും

ട്രംപിനു മുമ്പ്‌ ഇംപീച്ച്‌മെന്റ്‌ നേരിടേണ്ടിവന്ന പ്രസിഡന്റ്‌ ബിൽ ക്ലിന്റന്റെ വിചാരണയിൽ നിർണായക പങ്കുവഹിച്ചയാളാണ്‌ കെന്നത്ത്‌ സ്‌റ്റാർ. വൈറ്റ്‌ഹൗസ്‌ ഇന്റേൺ (ട്രെയ്‌നി) ആയിരുന്ന മോണിക്ക ലെവിൻസ്‌കിയുമായി ബന്ധപ്പെട്ട്‌ ക്ലിന്റനെതിരെ ഉയർന്ന ലൈംഗികാപവാദത്തെക്കുറിച്ച്‌ കെന്നത്ത്‌ സ്‌റ്റാർ നടത്തിയ അന്വേഷണമാണ്‌ അമേരിക്കൻ സെനറ്റിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ഇംപീച്ച്‌മെന്റിലെ പ്രതിനായകനായി ക്ലിന്റനെ മാറ്റിയത്‌.
ക്ലിന്റൻ ദമ്പതികളും ഉൾപ്പെട്ട വൈറ്റ്‌വാട്ടർ കേസ്‌ അന്വേഷണം 1990കളിൽ ആരംഭിച്ചപ്പോഴും അന്വേഷണച്ചുമതല സ്‌റ്റാറിനായിരുന്നു. കൂടാതെ മുൻ യുഎസ്‌ സോളിസിറ്റർ ജനറലും ഫെഡറൽ സർക്യൂട്ട്‌ കോടതി ജഡ്‌ജിയുമായിരുന്നു. 2000ൽ സ്‌റ്റാർ ചുമതലയിൽനിന്ന്‌ ഒഴിവായപ്പോഴാണ്‌ റോബർട്ട്‌ റേ വൈറ്റ്‌വാട്ടർ അന്വേഷണം നയിച്ചത്‌.

ദെർഷോവിറ്റ്‌സിനെ ട്രംപിന്റെ നിയമസംഘത്തിൽ ഉൾപ്പെടുത്തിയതിൽ വൈറ്റ്‌ഹൗസിൽ തന്നെ ഭിന്നതയുണ്ട്‌. ആദ്യം തുടർച്ചയായ ട്വീറ്റുകളിലൂടെ സംഘത്തിലെ തന്റെ പങ്കാളിത്തം പരസ്യപ്പെടുത്തിയ ദെർഷോവിറ്റ്‌സ്‌ പിന്നീട്‌ മയപ്പെടുത്തി. ഭരണഘടന സംബന്ധിച്ച വാദത്തിന്‌ മൊത്തം ഒരു മണിക്കൂറോ മറ്റോ മാത്രമാകും തന്റെ സാന്നിധ്യമെന്നാണ്‌ പിന്നീട്‌ അദ്ദേഹം വ്യക്തമാക്കിയത്‌.

കെന്നത്ത്‌ സ്‌റ്റാറും ദെർഷോവിറ്റ്‌സും അടുത്തകാലത്ത്‌ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വാർത്തകളിലും ഇടംനേടി. ഫുട്‌ബോൾ കളിക്കാർക്കെതിരെ ഉയർന്ന ആരോപണവുമായി ബന്ധപ്പെട്ട്‌ സ്‌റ്റാറിനെ ബെയ്‌ലർ സർവകലാശാലയുടെ പ്രസിഡന്റ്‌ പദവിയിൽനിന്ന്‌ നീക്കുകയായിരുന്നു. കൂടുതൽ ഗുരുതരമാണ്‌ ദെർഷോവിറ്റ്‌സിന്റെ കേസ്‌. ലൈംഗിക കടത്തുകേസിൽ വിചാരണ കാത്തിരിക്കെ ജയിലിൽ ആത്മഹത്യ ചെയ്‌ത കോടീശ്വരൻ ജെഫ്രി എപ്‌സ്‌റ്റീനുമായി ദെർഷോവിറ്റ്‌സിന്‌ ബന്ധമുണ്ടായിരുന്നു. ദെർഷോവിറ്റ്‌സും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ്‌ എപ്‌സ്‌റ്റീന്റെ ഇരകളിൽ ഒരാളായ വിർജീനിയ റോബർട്‌സ്‌ ജ്യൂഫർ പറഞ്ഞത്‌. ഇതുസംബന്ധിച്ച്‌ നിയമയുദ്ധത്തിലാണ്‌ ദെർഷോവിറ്റ്‌സ്‌.

ട്രംപിനെതിരെ കൂടുതൽ തെളിവ്‌

പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരെ കൂടുതൽ രേഖകൾ ഡെമോക്രാറ്റുകൾ പുറത്തുവിട്ടു. റൂഡി ജ്യൂലിയാനിയുടെ അടുപ്പക്കാരനായ ഫ്ലോറിഡയിലെ ബിസിനസുകാരൻ ലെവ്‌ പാർനസിൽനിന്നുള്ള ഫോട്ടോകളും സന്ദേശങ്ങളും ശ്രവ്യരേഖകളും ഇതിലുൾപ്പെടുന്നു. ജ്യൂലിയാനി നടപ്പാക്കിവന്ന സമാന്തര വിദേശനയത്തിൽ ട്രംപിനെ കണ്ണിയാക്കുന്നതാണ്‌ പുതിയ തെളിവുകൾ.

ജ്യൂലിയാനിക്കും ട്രംപിനും ട്രംപിന്റെ മകൻ ഡോൺ ജൂനിയറിനും മറ്റും ഒപ്പമുള്ള പാർനസിന്റെ ചിത്രങ്ങളും ട്രംപിന്റെ വിശ്വസ്‌തനായ പ്രതിനിധി സഭാംഗം ഡെവിൻ ന്യൂണസിന്റെ സ്‌റ്റാഫംഗവുമായി പാർനസ്‌ കൈമാറിയ സന്ദേശങ്ങളും പുതിയ തെളിവുകളിൽപ്പെടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top