Deshabhimani

ഇന്ത്യയടക്കമുള്ള ബ്രിക്സ്‌ രാജ്യങ്ങൾക്ക്‌ ഭീഷണിയുമായി ട്രംപ്‌: ഡോളറിനെ തൊട്ടാല്‍ മുടിപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:52 AM | 0 min read

വാഷിങ്‌ടൺ > അന്താരാഷ്‌ട്ര വിപണിയിൽ ഡോളറിന്റെ അധീശത്വം ചോദ്യംചെയ്യുന്ന രാജ്യങ്ങളെ 100 ശതമാനം നികുതി ചുമത്തി മുടിപ്പിക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി. അന്താരാഷ്ട്ര ഇടപാടുകളില്‍ ഡോളര്‍ ഒഴിവാക്കി അതതു രാജ്യത്തെ കറന്‍സിയില്‍ ഇടപാട് നടത്താനുള്ള ബ്രിക്‌സ്‌ രാജ്യങ്ങളുടെ നീക്കമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്‌.  ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ​ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, ഇത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയാണ്‌ ബ്രിക്‌സ്‌.  

‘‘ബ്രിക്‌സ്‌  പുതിയ കറൻസി ഇറക്കരുത്‌. ഡോളറിന്‌ പകരം മറ്റ്‌ കറൻസികളെ പിന്തുണയ്‌ക്കരുത്‌. ഉൽപ്പന്നങ്ങൾ അമേരിക്കൻ വിപണിയിൽ വിൽക്കാമെന്ന മോഹം ഇവർക്ക്‌ ഉപേക്ഷിക്കേണ്ടി വരും.   100 ശതമാനം വരെ നികുതി ചുമത്തും. അന്താരാഷ്ട്ര ഇടപാടുകളിൽ ഡോളറിനെ ഒഴിവാക്കാമെന്നത് ബ്രിക്‌സിന്റെ വ്യാമോഹമാണ്’’–- ട്രംപ് പറഞ്ഞു.

ബ്രിക്‌സ്‌ കൂട്ടായ്‌മയില്‍ പൊതുകറൻസി രൂപീകരിക്കാനുള്ള ചർച്ച സജീവമാണ്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പതിനഞ്ചാം ബ്രിക്‌സ്‌ ഉച്ചകോടിയിൽ ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവയാണ്‌ അന്താരാഷ്ട്ര ഇടപാടുകൾക്ക്‌ ഡോളർ ഇതര കറൻസിയെന്ന നിർദേശം മുന്നോട്ടുവച്ചത്‌. കഴിഞ്ഞ മാസം റഷ്യയിലെ കസാനിൽ  ചേർന്ന ബ്രിക്‌സ്‌ ഉച്ചകോടിയിലും ഇത്‌ ചർച്ചയായി. പ്രാദേശിക കറൻസികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രൂപയിലും റഷ്യയുടെ റൂബിളിലും ചൈനയുടെ യുവാനിലും ഇടപാടുകൾ നടത്താന്‍ നീക്കമുണ്ട്.

എന്നാല്‍, അമേരിക്കയോട്‌ ആശ്രിതത്വം പുലർത്തുന്ന നരേന്ദ്ര മോദി സർക്കാർ ഡോളറിനെതിരായ നീക്കം വേണ്ടെന്ന നിലപാടാണ്  സ്വീകരിച്ചത്. ഡോളറിനെ ആയുധമാക്കുന്നതിനെതിരെ ഉച്ചകോടിയിൽ റഷ്യ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ ആഞ്ഞടിച്ചിരുന്നു.  ചൈനയും ബദല്‍കറന്‍സിക്ക്‌ അനുകൂലമാണ്.

നിലവിൽ ലോകത്തെ വിദേശനിക്ഷേപത്തിന്റെ 58 ശതമാനവും ഡോളറിലാണ്‌. എണ്ണ വിൽപ്പനയുടെ ഭൂരിഭാഗത്തിനും ഡോളറാണ്‌ അടിസ്ഥാന കറൻസി. എന്നാൽ, ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാഷ്ട്രമായ സൗദി അറേബ്യ, അന്താരാഷ്ട്ര എണ്ണ വിൽപ്പനയിൽ ഡോളറിനെ അടിസ്ഥാന കറൻസിയാക്കിയ അമ്പതുവർഷത്തെ കരാർ പുതുക്കേണ്ടതില്ലെന്ന്‌  തീരുമാനിച്ചു. ശ്രീലങ്കയുൾപ്പെടെ പല രാജ്യങ്ങളും ഉഭയകക്ഷി ഇടപാടുകൾ ഇന്ത്യൻ രൂപയിലുൾപ്പെടെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്‌.



deshabhimani section

Related News

0 comments
Sort by

Home