ന്യൂയോർക്ക്
വൈറ്റ് ഹൗസിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ വാർത്താസമ്മേളനം എബിസി, സിബിഎസ്, എൻബിസി തുടങ്ങിയ ആഗോള മാധ്യമങ്ങൾ തത്സമയത്തിനിടെ നിർത്തിവച്ചു. തെരഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള അട്ടിമറി ശ്രമം നടന്നുവെന്ന നുണപ്രചാരണം ട്രംപ് നടത്തിയപ്പോഴാണ് ചാനലുകൾ തത്സമയ സംപ്രേഷണം നിർത്തിവച്ചത്. ഡെമോക്രറ്റുകൾ അനധികൃത വോട്ട് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം തട്ടിയെടുക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
തെളിവൊന്നുമില്ലാതെയായിരുന്നു ഇത്. എംഎസ്എൻബിസിയാണ് ആദ്യം സംപ്രേഷണം അവസാനിപ്പിച്ചത്. അമേരിക്കൻ പ്രസിഡന്റിനെ തിരുത്തേണ്ട അസാധാരണമായ സാഹചര്യമാണെന്ന് വാർത്താ അവതാരകൻ ബ്രയാൻ വില്യംസ് പറഞ്ഞു. പിന്നാലെ എൻബിസിയും എബിസി ന്യൂസും തത്സമയ സംപ്രേഷണം അവസാനിപ്പിച്ചു.
ബൈഡനിലേക്ക് ചാഞ്ഞ ജോർജിയയിൽ തെരഞ്ഞെടുപ്പ് സംവിധാനം ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായിരുന്നു എന്നായിരുന്നു ഒരു പച്ചക്കള്ളം. എന്നാൽ റിപബ്ലിക്കനായ ബ്രയാൻ കെംപ് ആണ് സംസ്ഥാന ഗവർണർ. തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ചത് റിപബ്ലിക്കനായ സംസ്ഥാന ‘സ്റ്റേറ്റ് സെക്രട്ടറി’ ബ്രാഡ് റാഫെൻസ്പെർജർ ആണെന്ന് വാർത്താ ഏജൻസി അസോസിയേറ്റ്ഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഓരോ നുണയും അതിന്റെ യഥാർത്ഥ വസ്തുതയും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പെൻസിൽവേനിയയിൽ പോളിങ്ങ് കഴിഞ്ഞ് മൂന്ന് ദിവസം കൂടി ബാലറ്റ് സ്വീകരിക്കാൻ ഡെമോക്രാറ്റിക് നേതാക്കൾ അനുവദിച്ചിട്ടുണ്ട് എന്നായിരുന്നു ട്രംപിന്റെ ഒരു വാദം. എന്നാൽ സംസ്ഥാനത്തെ സുപ്രീം കോടതിയാണ് അതനുവദിച്ചതെന്നും യുഎസ് സുപ്രീം കോടതി അത് പരിശോധിച്ചതാണെന്നും അസോസിയേറ്റഡ് പ്രസ് ചൂണ്ടിക്കാട്ടി.
നുണപ്രചാരണം തടഞ്ഞ് ഫെയ്സ്ബുക്കും
ട്രംപ് അനുകൂലികളുടെ വ്യാജപ്രചാരണം നിരോധിച്ച് ഫെയ്സ്ബുക്കും.”വോട്ട്കൊള്ള’ എന്ന പേരിൽ ട്രംപ് അനുകൂലികൾ ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രചാരണമാണ് അക്രമത്തിന് ഇടയാക്കുമെന്നതിനാൽ തടഞ്ഞത്. ഡെമോക്രാറ്റുകൾ, റിപ്പബ്ലിക്കന്മാരുടെ തെരഞ്ഞെടുപ്പ് ഫലം മോഷ്ടിക്കുകയാണെന്നും ട്രംപ് അനുകൂലികൾ പ്രചരിപ്പിച്ചിരുന്നു. ചിലർ അക്രമത്തിനും ആഹ്വാനംചെയ്തു. ‘സ്റ്റോപ്പ് ദ സ്റ്റീൽ’ എന്ന പേജിലൂടെയായിരുന്നു വ്യാജ പ്രചാരണം.
മൂന്നരലക്ഷം പേരാണ് ഈ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഇത്തരത്തിൽ നിരവധി ചെറുഗ്രൂപ്പുകൾ വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്. ഇതെല്ലാം നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..