25 May Monday

ട്രംപിന്റെ ‘സമാധാന’ പദ്ധതി ചവറ്റുകൊട്ടയിലെറിഞ്ഞു

അനസ് യാസിന്‍Updated: Monday Feb 10, 2020

മനാമ
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പശ്ചിമേഷ്യൻ ‘സമാധാന’ പദ്ധതിയുടെ പകർപ്പ്‌ ചവറ്റുകൊട്ടയിൽ എറിഞ്ഞ്‌ കുവൈത്ത് പാർലമെന്റ് സ്പീക്കറുടെ പ്രതിഷേധം. ജോർദാൻ തലസ്ഥാനമായ അമ്മാനിൽ ചേർന്ന അടിയന്തര അറബ് ഇന്റർ- പാർലമെന്ററി യൂണിയൻ യോഗത്തിലാണ് സ്പീക്കർ മർസൂഖ് അൽഗാനിം ട്രംപിന്റെ പദ്ധതിക്കെതിരെ ആഞ്ഞടിച്ചത്. അമേരിക്കൻ സമാധാന പദ്ധതി നിരാകരിക്കുന്നതായി 20 രാജ്യത്തെ സ്പീക്കർമാർ പങ്കെടുത്ത യോഗം ആവർത്തിച്ചു. പലസ്തീൻ ലക്ഷ്യത്തിന് ന്യായവും സമഗ്രവുമായ പരിഹാരം കാണുന്നതിൽനിന്ന് വ്യതിചലിക്കുന്ന ഏകപക്ഷീയമായ ഒന്നാണ് അമേരിക്കൻ പദ്ധതിയെന്നും യൂണിയൻ വ്യക്തമാക്കി.

അമേരിക്കൻ സമാധാന പദ്ധതി ചാപിള്ളയായാണ് പിറന്നതെന്ന് കുവൈത്ത് സ്പീർക്കർ യോഗത്തിൽ പറഞ്ഞു. ആയിരം ഭരണകൂടങ്ങൾ ശ്രമിച്ചാലും ഈ പദ്ധതി നടപ്പാക്കാൻ കഴിയില്ല. പദ്ധതിയോട് അന്താരാഷ്ട്രസമൂഹം ഐകകണ്‌ഠ്യേനയുള്ള എതിർപ്പാണ് പ്രകടിപ്പിച്ചത്.  അനുരഞ്ജകർ ശരിയായ സമാധാനത്തിനായി  ഇടപെടണം. അത് ജറുസലേം തലസ്ഥാനമായ പലസ്തീൻ രാഷ്ട്ര രൂപീകരണത്തലൂടെ മാത്രമേ സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.

പലസ്തീൻ പ്രശ്‌നത്തിൽ വിവിധ അന്താരാഷ്ട്ര പാർലമെന്ററി സംഘങ്ങളുടെ പിന്തുണ നേടാനായി കുവൈത്ത് സ്പീക്കർ, ഇറാഖ് സ്പീക്കർ മുഹമ്മദ് അൽ ഹാൽബൗസി, അൾജീരിയൻ ഡെപ്യൂട്ടി സ്പീക്കർ മാലിക് ഖാസെയ്‌രി എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു.


പ്രധാന വാർത്തകൾ
 Top