05 April Sunday

'നേരത്തെ ചെയ്യേണ്ടതായിരുന്നു'; സുലൈമാനിയുടെ കൊലപാതകത്തില്‍ ട്രംപ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 5, 2020

വാഷിങ്‌ടൺ > അമേരിക്ക കൊലപ്പെടുത്തിയ ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനി നിരവധി നിരപരാധികളുടെ മരണത്തിന്‌ ഉത്തരവാദിയാണെന്നും ന്യൂഡൽഹിയിലും ലണ്ടനിലും ഭീകരാക്രമണത്തിന്‌ നീക്കം നടത്തിയിരുന്നതായും ഡോണൾഡ്‌ ട്രംപിന്റെ അവകാശവാദം. എന്നാൽ, ഡൽഹി, ലണ്ടൻ ആക്രമണത്തെക്കുറിച്ച്‌ കൂടുതൽ പ്രതികരണത്തിന്‌ ട്രംപ്‌ തയ്യാറായില്ല. ഇറാനുമായി നല്ല ബന്ധം തുടരുന്ന ഇന്ത്യയെക്കൂടി വിഷയത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാനാണ്‌  ട്രംപിന്റെ ശ്രമമെന്നാണ്‌ വിലയിരുത്തൽ.

സുലൈമാനി കഴിഞ്ഞ 20 വർഷമായി മധ്യപൗരസ്‌ത്യ ദേശത്തിന്റെ അസ്ഥിരീകരണത്തിനായി ‘ഭീകര’പ്രവർത്തനം നടത്തിവരികയായിരുന്നെന്ന്‌ ട്രംപ്‌ കൊലപാതകത്തിന്‌ ശേഷമുള്ള ആദ്യ പ്രതികരണത്തിൽ പറഞ്ഞു. ഇറാഖിൽ അമേരിക്കൻ സൈനികർ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടതിനും  ബാഗ്‌ദാദിലെ അമേരിക്കൻ എംബസി ആക്രമണത്തിനും പിന്നിൽ സുലൈമാനി ആയിരുന്നുവെന്ന്‌ ഫ്ലോറിഡയിലെ റിസോട്ടിൽ ട്രംപ്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഇന്നലെ ചെയ്‌തത്‌ നേരത്തെ ചെയ്യേണ്ടതായിരുന്നു.

സുലൈമാനിവധം ഇറാനുമായി യുദ്ധത്തിലേക്ക്‌ നയിക്കില്ല. യുദ്ധം ഇല്ലാതാക്കാനാണ്‌ കൊലപാതകം നടത്തിയത്‌. ഇറാൻ ജനതയോട്‌ അതിയായ ബഹുമാനമുണ്ട്‌. അവിടത്തെ ഭരണകൂടത്തെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും മേഖലയിലെ കടന്നുകയറ്റം ഇറാൻ ഭരണകൂടം അവസാനിപ്പിക്കണമെന്നും ട്രംപ്‌ ആവശ്യപ്പെട്ടു.

പ്രതിഷേധമിരമ്പി 

ബാഗ്‌ദാദ്‌ > ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയ ഇറാൻ സൈനിക കമാൻഡർ മേജർ ജനറൽ ഖാസിം സുലൈമാനിയുടെ വിലാപയാത്രയിൽ അമേരിക്കയ്‌ക്കെതിരായ പ്രതിഷേധവുമായി പതിനായിരങ്ങൾ. ശനിയാഴ്‌ച നടന്ന മയ്യത്ത്‌ നമസ്‌കാരത്തിൽ ഇറാഖ്‌ പ്രധാനമന്ത്രി ആദിൽ അബ്‌ദൽ മഹ്‌ദിയടക്കം നിരവധി രാഷ്ട്രീയ–-മതനേതാക്കൾ  പങ്കെടുത്തു. ചടങ്ങുകളിൽ  ഇറാഖിന്റെയും ഷിയാ സേനാ വിഭാഗങ്ങളുടെയും പതാകകളുമേന്തി  കറുത്ത വേഷത്തിലാണ്‌  ആളുകൾ എത്തിയത്‌.

ഇറാന്റെ വിശിഷ്ട സൈനികവിഭാഗമായ ഖുദ്‌സ്‌ സേനയുടെ തലവൻ ഖാസിം സുലൈമാനി, ഇറാഖ്‌ പാരാമിലിട്ടറി സേനയുടെ ഉപമേധാവി അബു മഹ്‌ദി അൽ മുഹന്ദിസ്‌ എന്നിവരുടെ സംസ്‌കാരച്ചടങ്ങിൽ മുഹന്ദിസിന്റെ സഹപ്രവർത്തകൻ ഹാദി അൽ അമേരി, ഷിയ നേതാവ്‌ അമ്മർ അൽ ഹക്കിം, മുൻ പ്രധാനമന്ത്രി നൂരി അൽ മാലിക്കി തുടങ്ങിയവർ പങ്കെടുത്തു. ബാഗ്‌ദാദിലെ കാദിമിയ ജില്ലയിലെ ഷിയ പള്ളിയിലേക്കാണ്‌ ശവമഞ്ചങ്ങൾ ആദ്യം വഹിച്ചത്‌.  ഇവിടെ ഒത്തുകൂടിയ ആയിരങ്ങൾ ‘അമേരിക്കയ്‌ക്ക്‌ അന്ത്യം’ എന്ന്‌ ആർത്തുവിളിച്ചു.

അമേരിക്കൻ എംബസിയടക്കം വിദേശരാജ്യങ്ങളുടെ നയതന്ത്ര ഓഫീസുകളും സർക്കാർ ഓഫീസുകളും നിറഞ്ഞ അതീവ സുരക്ഷാമേഖല(ഗ്രീൻ സോൺ)യിലേക്ക്‌ ജനക്കൂട്ടം ശവമഞ്ചവുമായി ഔദ്യോഗിക ചടങ്ങുകൾക്കായി നീങ്ങി. ഹുറിയ ചത്വരത്തിൽ ജനം ഒത്തുകൂടി. വൈകിട്ടോടെ മയ്യത്ത്‌ നമസ്‌കാരത്തിനായി ഷിയ കേന്ദ്രമായ കർബലയിലേക്ക്‌ മൃതദേഹങ്ങൾ  കൊണ്ടുപോയി. പിന്നീട്‌ ഷിയ പുണ്യനഗരമായ നജഫിൽ എത്തിച്ച്‌ മുഹന്ദിസിന്റെയും മറ്റ്‌ ഇറാഖികളുടെയും മൃതദേഹം അവിടെ കബറടക്കി.

സുലൈമാനിയടക്കം ഇറാൻകാരുടെ മൃതദേഹങ്ങൾ കബറടക്കത്തിനായി ഞായറാഴ്‌ച തെഹ്‌റാനിലേക്ക്‌ കൊണ്ടുപോകും. ഇറാനിൽ മൂന്നുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌. കൊല്ലപ്പെട്ടവരിൽ ഇറാൻ ഖുദ്‌സ്‌ സേനയിലെ അഞ്ചുപേരും സുലൈമാനിയുടെ മരുമകനും
ഉൾപ്പെടുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top