13 November Wednesday

ട്രംപിനെതിരായ ഇംപീച്ച്മെ‍ന്റ് നീക്കം ശക്തമാക്കി; പോംപിയോ തെളിവ് ഹാജരാക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2019

വാഷിംഗ്‌ടൺ >   അമേരിക്കന്‍ പ്രസി‍ഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിന്റെ ഭാ​ഗമായ അന്വേഷണ നടപടികള്‍ ശക്തമാക്കി  ഡെമോക്രാറ്റുകൾ.  ട്രംപിന്റെ "ഉക്രയ്‌ന്‍ നടപടികളുടെ' രേഖകള്‍  ഒരാഴ്‌ചയ്‌ക്കുള്ളിൽ ഹാജരാക്കാന്‍ വിദേശ സെക്രട്ടറി  മൈക്‌ പോംപിയോക്ക്‌ യുഎസ്‍ ജനപ്രതിനിധിസഭയുടെ മൂന്ന് ഉപസമിതികളുടെ അധ്യക്ഷന്മാര്‍ കത്ത് നല്‍കി. ട്രംപിന്റെ നിയമവിരുദ്ധ നീക്കത്തെക്കുറിച്ച് വിദേശമന്ത്രാലയത്തിലെ ഉന്നതര്‍ക്ക് നേരിട്ട് അറിവുണ്ടായിരുന്നതായി ബോധ്യപ്പെട്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.

 പതിമൂന്ന് മാസത്തിനുശേഷം നടക്കേണ്ട പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ പാർടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാന്‍ സാധ്യതയുള്ള  മുൻ വൈസ്‌ പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന്‌ ഉത്തരവിടാൻ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ളാദിമിര്‍ സെലന്‍സ്കിയോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലാണ് ട്രംപിന് വിനയായത്.

 അമേരിക്കന്‍ ചാരസംഘടനയില്‍ പ്രധാനചുമതലയുള്ള ഉദ്യോ​ഗസ്ഥനാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. ഉക്രയ്‌ൻ പ്രസിഡന്റുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഡിജിറ്റല്‍ രേഖ നശിപ്പിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന വെളിപ്പെടുത്തല്‍ ഡെമോക്രാറ്റുകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് സംഭാഷണത്തിന്റെ വിവരങ്ങള്‍ വൈറ്റ് ഹൗസിന് പുറത്തുവിടേണ്ടിവന്നു. ട്രംപിനെതിരായ തെളിവായി അവ മാറി. 2016ല്‍ ഉക്രയ്‌നില്‍ നടത്തിയ ഇടപാടുകളുടെ പേരില്‍ ജോ ബൈഡനെ പ്രതിരോധത്തിലാക്കാനാണ് ട്രംപ് സമ്മര്‍ദം ചെലുത്തിയത്.

 ദിനംപ്രതി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ അമേരിക്കയുടെ ഉക്രയ്‌നിലെ പ്രത്യേകപ്രതിനിധി കുര്‍ട് വോള്‍കര്‍ സ്ഥാനം രാജിവച്ചു. ഇംപീച്ച്മെന്റിന് മുന്നോടിയായ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും നടപടികള്‍ വേ​ഗത്തിലാക്കുമെന്നും സ്പീക്കര്‍ നാന്‍സി പെലോസി പ്രതികരിച്ചു. എന്നാല്‍, തനിക്കെതിരെ നടപടിക്ക്‌ മുതിരുന്ന ഡെമോക്രാറ്റുകള്‍ക്ക് ഭ്രാന്താണെന്നാണ് ട്രംപിന്റെ പ്രതികരണം.


പ്രധാന വാർത്തകൾ
 Top