11 December Wednesday

മക്ഡൊണാൾഡ്സിനെ ചുറ്റിപ്പറ്റി യുഎസ് തെരഞ്ഞെടുപ്പ്; ട്രംപിന്റെ ഫ്രഞ്ച് ഫ്രൈസ് വോട്ടാകുമോ?

ആനി അന്ന തോമസ്Updated: Tuesday Oct 22, 2024

വാഷിങ്ടൺ > കോളേജ് വിദ്യാർഥിയായിരുന്ന കാലത്ത് താൻ മക്ഡോണാൾഡ്സിൽ ജോലി ചെയ്തിട്ടുണ്ടെന്നായിരുന്നുവെന്ന് ഡെമോക്രാറ്റിക് പാർടിയുടെ പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ്. ഇത് കേട്ടപാടെ  മക്ഡോണാൾഡ്സിലെത്തി ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കി വിളമ്പി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. യുഎസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഇപ്പോൾ മക്ഡോണാൾഡ്സിനെ ചുറ്റിപ്പറ്റി കൂടിയാണ്. പ്രസിഡന്റ് സ്ഥാനാർഥികളായ കമലാ ഹാരിസിന്റെയും ഡോണൾഡ് ട്രംപിന്റെയും മക്ഡോണാൾഡ്സ് പരാമർശവും സന്ദർശനവുമെല്ലാം വൻ ചർച്ചകളാണ്.

കമലയും ട്രംപും പിന്നെ മക്ഡൊണാൾഡ്സും

1983ൽ, അതായത് 41 വർഷം മുമ്പ് ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കുമ്പോൾ മക്ഡൊണാൾഡ്സിന്റെ കാലിഫോർണിയയിലെ ഔട്ട്ലെറ്റിൽ ജോലി ചെയ്തിരുന്നുവെന്ന് കമലാ ഹാരിസ് പറഞ്ഞത് ആഗസ്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു. അമേരിക്കൻ മാധ്യമമായ എംഎസ്എൻബിസിയുടെ അഭിമുഖത്തിലും നിലവിലെ വൈസ് പ്രസിഡന്റുകൂടിയായ കമല ഇത് ആവർത്തിച്ചു. മക്ഡൊണാൾഡ്സിലെ ജോലി സാധാരണക്കാരായ അമേരിക്കക്കാരുടെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് ആധികാരികമായി മനസിലാക്കാൻ തന്നെ സഹായിച്ചുവെന്നായിരുന്നു കമല പറഞ്ഞത്. കുടുംബം നോക്കാനും വാടക കൊടുക്കാനും വേണ്ടി മക്‌ഡൊണാൾഡ്‌സ് പോലെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിരവധി അമേരിക്കക്കാരുണ്ടെന്നും രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ചെലവ് ചുരുക്കലിനും സാമ്പത്തിക സുരക്ഷയ്ക്കും മുൻഗണന നൽകുമെന്നും കമല പറഞ്ഞു.

പിന്നാലെ ഈ വിഷയത്തിൽ പ്രതികരിച്ച് ബിൽ ക്ലിന്റനും രംഗത്തുവന്നു. മക്ഡൊണാൾഡ്സിന്റെ ഔട്ട്ലെറ്റിൽ എത്തുന്ന എല്ലാവരെയും നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചിരുന്ന കമല ഇപ്പോഴിതാ അധികാരത്തിലെത്തുമ്പോഴും അതേ പുഞ്ചിരിയോടെ എന്ത് സഹായമാണ് വേണ്ടതെന്ന് മറ്റുള്ളവരോട് ചോദിച്ചുകൊണ്ടിരിക്കുന്നു എന്നായിരുന്നു ക്ലിന്റന്റെ കമന്റ്. ഇങ്ങനെപോയാൽ മക്ഡൊണാൾഡ്സിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ച പ്രസിഡന്റ് എന്ന തന്റെ റെക്കോർഡ് കമല മറികടക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.

എന്നാൽ കമല മക്ഡൊണാൾഡ്സിൽ ജോലി ചെയ്തിട്ടേയില്ലെന്നും പറയുന്നതെല്ലാം നുണയാണെന്നുമാണ് ട്രംപിന്റെ വാദം. താൻ സാധാരണക്കാരിയാണെന്നു കാണിക്കുകയും സഹതാപ തരംഗം ഉണ്ടാക്കുകയുമാണ് കമലയുടെ ലക്ഷ്യമെന്ന അഭിപ്രായക്കാരനാണ് ട്രംപ്. അങ്ങനെയങ്ങ് പറഞ്ഞ് അവസാനിപ്പിക്കാതെ സാധാരണക്കാരന്റെ ജീവിതം തനിക്കും വഴങ്ങുമെന്ന് കാണിച്ചുകൊടുക്കാനും മെനക്കെട്ടു. അതിനായി ഞായറാഴ്ച ട്രംപ് മക്ഡൊണാൾഡ്സിലെത്തി. തെരഞ്ഞെടുപ്പിൽ നിർണായകമായ പെൻസിൽവാനിയയിലെ ഔട്ട്ലെറ്റ് തന്നെയാണ് ട്രംപ് ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാൻ തെരഞ്ഞെടുത്തത്. ഏപ്രൺ കെട്ടി തനി പാചകക്കാരനായി ഡ്രൈവ് ത്രൂവിൽ ജോലി ചെയ്തു. ഫ്രഞ്ച് ഫ്രൈസ് പാചകം ചെയ്ത് കസ്റ്റമേഴ്സിനു വിതരണം ചെയ്തു. താൻ ഇപ്പോൾ മക്‌ഡൊണാൾഡ്സിൽ കമലയേക്കാൾ 15 മിനിറ്റ് കൂടുതൽ ജോലി ചെയ്തിട്ടുണ്ട് എന്ന കമന്റും പാസാക്കി. ഇതെല്ലാം ചിത്രീകരിച്ച് എക്സിൽ പങ്കുവയ്ക്കാനും ചർച്ചയാക്കാനും മറന്നില്ല.

കമല ഹാരിസ് മക്ഡൊണാൾസിൽ ജോലി ചെയ്തിരുന്നോ?

രാജ്യത്തെ ഇനി ആര് നയിക്കും എന്നതിനൊപ്പം തന്നെ അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവമായി ഉയരുന്ന ഒരു ചോദ്യം  കൂടിയുണ്ട്. ശരിക്കും കമല ഹാരിസ് മക്ഡൊണാൾഡ്സിൽ ജോലി ചെയ്തിരുന്നോ? മാധ്യമങ്ങൾ തിങ്കളാഴ്ചയും കമലയോട്  ഈ ചോദ്യം ചോദിച്ചു. കൂടുതൽ വിശദീകരണങ്ങൾക്കൊന്നും നിൽക്കാതെ 'യെസ് ഐ ഡിഡ്' എന്നു മാത്രമായിരുന്നു കമലയുടെ മറുപടി.

അഞ്ച് വർഷം മുമ്പ് പാർടി ക്യാമ്പയ്നിലാണ് മക്ഡൊണാൾഡ്സിലെ ജോലിയെക്കുറിച്ച് കമല ആദ്യത്തെ പൊതു പരാമർശം നടത്തിയത്. 2019 ൽ ലാസ് വെഗാസിൽ പണിമുടക്കിയ മക്‌ഡൊണാൾഡ്സ് തൊഴിലാളികളോടും താൻ മക്‌ഡൊണാൾഡ്സിൽ ജോലി ചെയ്തിരുന്നുവെന്ന് കമല പറഞ്ഞിട്ടുണ്ട്. അതിനുമുമ്പ് ക്യാമ്പയ്‌നുകളിലോ തന്റെ രണ്ട് ആത്മകഥാ പുസ്തകങ്ങളിലോ അത് പരാമർശിച്ചിട്ടില്ല. മക്ഡൊണാൾഡ്സിലെ ജോലിയെക്കുറിച്ച് കമലയുടെ അമ്മ വർഷങ്ങൾക്കു മുൻപ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കമല ഹാരിസിന്റെ സുഹൃത്തുക്കളിലൊരാളായ വാൻഡ കഗൻ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു.

എന്നാൽ ബിരുദം നേടി ഒരു വർഷത്തിനുള്ളിൽ അലമേഡ കൗണ്ടിയിലെ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ ക്ലാർക്കിന്റെ ജോലിക്കായി അയച്ച ബയോഡേറ്റയിൽ ഈ വിവരം ഉണ്ടായിരുന്നില്ലെന്നാണ് വാഷിങ്ടൺ ഫ്രീ ബീക്കൺ റിപ്പോർട്ട് ചെയ്തത്. അതിന് ശേഷം പലയിടത്തായി സമർപ്പിച്ചിട്ടുള്ള ബയോഡേറ്റകളിലൊന്നിലും മക്ഡൊണാൾഡ്സ് എന്ന സ്ഥാപനത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

ഈ അവ്യക്തതകൾ മുതലെടുത്താണ് കമല പറയുന്നത് കളവാണെന്ന് ട്രംപ് വാദിക്കുന്നത്. വർഷങ്ങളായി ഈ ജോലിയെക്കുറിച്ച് കമല നുണ പറയുകയാണെന്നും മക്‌ഡൊണാൾഡ്സുമായി സംസാരിച്ചപ്പോൾ കമല ഹാരിസ് ഇതുവരെ അവിടെ ജോലി ചെയ്തിട്ടില്ലെന്ന് വ്യക്തമായെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

എന്നാൽ ഇത് സംബന്ധിച്ച ചോദ്യങ്ങളോടൊന്നും മക്‌ഡൊണാൾഡ്സ് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ട് 1980കളിലെ രേഖകളൊന്നും ഇല്ല എന്നു മാത്രമാണ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ കമ്പനി പറയുന്നത്. അമേരിക്കയിൽ മക്‌ഡൊണാൾഡിന്റെ 13,500 ഔട്ട്‌ലെറ്റുകളുണ്ട്. എട്ടിൽ ഒരു അമേരിക്കക്കാരൻ ഇവിടെ ജോലി ചെയ്തിട്ടുണ്ടെന്നാണ് 2023 ഒക്ടോബറിൽ കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. ഇതിൽ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസും മുൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി പോൾ റയാനും ടെലിവിഷൻ താരം ജെയ് ലെനോയും ബ്രോഡ്‌വേ താരം ലിൻ-മാനുവൽ മിറാൻഡയും കമലാ ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫും അടക്കം നിരവധി പ്രമുഖരുണ്ട്.

മക്ഡൊണാൾസിന്റെ ചായ്‍വ് എങ്ങോട്ട്?

ഇത്രയൊക്കെയായ സ്ഥിതിക്ക് ഇനി മക്ഡോണാൾഡ്സിന്റെ ചായ് വ് എങ്ങോട്ടാകും. ഈ ആകാംക്ഷയ്ക്ക് വിരാമമിട്ടിരിക്കുകയാണ് കമ്പനി. ചുവപ്പുമല്ല നീലയുമല്ല, തങ്ങളുടേത് സ്വർണ നിറമാണെന്നാണ് മക്ഡോണാൾഡ്സ് പറയുന്നത്. തെരഞ്ഞെടുപ്പിൽ ആരോടും പ്രത്യേകിച്ച് ആഭിമുഖ്യമില്ലെന്ന് കമ്പനിക്കുള്ളിൽ ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ മക്ഡോണാൾഡ്സ് വ്യക്തമാക്കി. ഇത് വർഷങ്ങളായി തുടരുന്ന നിലപാടാണെന്നും ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അതു തന്നെ തുടരുമെന്നും ട്രംപിന്റെ റെസ്റ്റോറന്റ് സന്ദർശനത്തിന് പിന്നാലെ കമ്പനി വ്യക്തമാക്കി.

പ്രാദേശിക ഫ്രാഞ്ചൈസി ഉടമ ഡെറെക് ജികോമാന്റിനോയാണ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ അഭ്യർഥന പ്രകാരം റെസ്റ്റോറന്റ് വിട്ടുനൽകിയതെന്നും മക്ഡോണാൾഡ്സ് വിശദീകരിച്ചു. എന്നാൽ അതിന് ട്രംപിനൊപ്പം എന്ന അർഥമില്ല. തങ്ങളുടെ വാതിലുകൾ എല്ലാവർക്കു മുന്നിലും  തുറന്നിട്ടിരിക്കുന്നു എന്ന നയത്തിന്റെ ഭാഗം മാത്രമാണിതും. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഗവർണർ ടിം വാൾസ് എന്നിവരുൾപ്പെടെയുള്ള മറ്റ് രാഷ്ട്രീയ വ്യക്തികളെയും ഫ്രാഞ്ചൈസികൾ ക്ഷണിച്ചിട്ടുണ്ടെന്നും മക്‌ഡൊണാൾഡ് വ്യക്തമാക്കി.

ഇസ്രയേൽ അനുകൂല നിലപാട് പരസ്യമായി സ്വീകരിച്ചതിന്റെ പേരിലുണ്ടായ ബഹിഷ്കരണം ഈ വർഷം ആദ്യം മക്ഡൊണാൾഡ്സിന് വൻ നഷ്ടമുണ്ടാക്കിയിരുന്നു. എന്നാൽ അമേരിക്കൻ തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഇടം പിടിച്ചത് കമ്പനിക്ക് സൗജന്യ പരസ്യമായെന്നും നേട്ടമുണ്ടാകുമെന്നുമാണ് വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top