20 March Wednesday

നൈജീരിയ വെടിവയ‌്പ‌്; മരണം 130 ആയി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

അബുജ > നൈജീരിയയിലെ കഡുന സംസ്ഥാനത്ത‌് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 130 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതലും ‘ഫുലാനി’ മുസ്ലിം വിഭാഗത്തിൽപ്പെടുന്നവരാണ‌്. ‘അദാര’ ക്രിസ‌്ത്യൻ വിഭാഗവും ഫുലാനികളും നിരന്തരം സംഘർഷം നടക്കുന്ന കജുരു പ്രദേശത്താണ‌് സംഭവം. ഏതാനും പേരുടെ മരണം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. പൊലീസ‌് നടത്തിയ തെരച്ചിലിലാണ‌് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്ത‌ത‌്.

കൊല്ലപ്പെട്ടവരുടെ എണ്ണം കഡുന സംസ്ഥാന ഗവർണർ സ്ഥിരീകരിച്ചു. എന്നാൽ, ആക്രമണം പ്രത്യേകവിഭാഗത്തെ തുടച്ചുനീക്കാനുള്ള നീക്കമാണെന്ന‌് ഗവർണർ  നസീർ അഹ‌്മദ‌് എൽറുഫായി പ്രതികരിച്ചു. നൂറോളം തോക്കുധാരികൾ ഗ്രാമത്തിലെത്തി ആളുകളെ നിഷ്ഠൂരമായി കൊന്നൊടുക്കുകയായിരുന്നു. കണ്ണിൽക്കണ്ട എല്ലാ ആളുകളുടെയും തല വെട്ടിയെടുത്തെന്നും ചില കുടുംബങ്ങളിലെ മുഴുവൻ ആളുകളെയും ആക്രമികൾ കൊന്നുവെന്നും വിദേശമാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ്യുന്നു.
കഴിഞ്ഞ ഒക‌്ടോബറിൽ അദാരികൾക്ക‌ുനേരെ നടന്ന അക്രമത്തിന്റെ പ്രതികാര നടപടിയാണ‌് ഇപ്പോൾ നടക്കുന്ന അതിക്രമമെന്ന‌് നാട്ടുകാർ പറഞ്ഞു.

എന്നാൽ, സംഭവത്തിനു പിന്നിലെ കൃത്യമായ ഉദ്ദേശ്യം എന്തായിരുന്നു എന്ന‌് അന്വേഷിച്ചു വരികയാണെന്ന‌് പൊലീസ‌് പറഞ്ഞു. നിരവധിപേരെ പൊലീസ‌് അറസ്റ്റ‌് ചെയ്‌തു. സംഘർഷ സാധ്യതകൾ കണക്കിലെടുത്ത‌് ഇവരുടെ വിവരങ്ങൾ പൊലീസ‌് പുറത്തുവിട്ടിട്ടില്ല. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയരാജ്യമാണ‌് നൈജീരിയ. 250ഓളം വ്യത്യസ്‌ത മതവിഭാഗങ്ങളുള്ള നൈജീരിയയിൽ, മുസ്ലിങ്ങളും ക്രിസ‌്ത്യാനികളുമാണ‌് ഏറ്റവും കൂടുതൽ. ഭൂമിയുടെയും മറ്റു പ്രകൃതിവിഭവങ്ങളുടെയും  ഉപയോഗത്തിന്റെ പേരിൽ നിരന്തരം  ഈ പ്രദേശത്ത‌് ഫുലാനികളും അദാരികളും തമ്മിൽ മുമ്പും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട‌്.


പ്രധാന വാർത്തകൾ
 Top