26 May Tuesday

മക്കയിലും മദീനയിലും പൂര്‍ണ സമയ കര്‍ഫ്യൂ; സൗദിയില്‍ കൊറോണ മരണം 21

അനസ് യാസിന്‍Updated: Friday Apr 3, 2020



മനാമ
കൊറോണ വ്യാപനം തടയാനായി മക്കയിലും മദീനയിലും മുഴുവന്‍ സമയം കർഫ്യൂ ഏർപ്പെടുത്തി. നിലവിൽ 15 മണിക്കൂറായിരുന്നു കർഫ്യൂ. അഞ്ചു പേർകൂടി മരിച്ചതോടെ സൗദിയില്‍ കൊറോണ മരണം 21 ആയി. പുതുതായി 165 പേർക്ക് രോഗം  സ്ഥിരീകരിച്ചു. ആകെ 1885 രോ​ഗികള്‍. 328 പേർ രോഗമുക്തരായി.  മക്കയിലും മദീനയിലും ജിദ്ദയിലുമാണ് വ്യാഴാഴ്ച ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.

മക്കയിലും മദീനയിലും ആശുപത്രിയിൽ പോകാനും ഭക്ഷ്യസാധനങ്ങൾ വാങ്ങാനും പകല്‍ ആറുമുതൽ മൂന്നുവരെ സമയം അനുവദിച്ചു. ഈ സമയങ്ങളിൽ വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരെമാത്രമേ അനുവദിക്കൂ. ഫാർമസി, സൂപ്പർമാർക്കറ്റ്, പെട്രോൾ പമ്പുകൾ, ബാങ്ക് സർവീസുകൾ എന്നിവ ഒഴികെ എല്ലാ വാണിജ്യസ്ഥാപനങ്ങളും അടച്ചു.

ബഹ്‌റൈനിൽ 66 പ്രവാസി തൊഴിലാളികൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശ തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ബഹ്‌റൈനിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 290 ആയി. മൂന്നുപേർ അത്യസന്ന നിലയിലാണ്. രാജ്യത്ത് ഇതുവരെ 341 പേർ രോഗമുക്തരായി കുവൈത്തിൽ 14 ഇന്ത്യക്കാർ ഉൾപ്പെടെ 25 പേർക്കും  ഒമാനിൽ 21 പേർക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. യുഎഇയിൽ കൊറോണ ബാധിച്ച് രണ്ടുപേർകൂടി മരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top