27 May Wednesday

സൗദിയില്‍ അഞ്ചുമരണം കൂടി; മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ

അനസ് യാസിന്‍Updated: Thursday Apr 2, 2020

മനാമ: കൊറോണവൈറസ് ബാധിച്ച് സൗദിയില്‍ വ്യാഴാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ 21 ആയി ഉയര്‍ന്നു. പുതുതായി 165 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1885 ആയി. 64 പേര്‍ക്ക് അസുഖം ഭേദമായി്. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവര്‍ 328 ആയി.

മക്കയിലും മദീനയിലും ജിദ്ദയിലുമാണ് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ അസുഖങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, മക്കയിലും മദീനയിലും കര്‍ഫ്യൂ 24 മണിക്കൂറാക്കി ദീര്‍ഘിപ്പിച്ചു. ഫാര്‍മസി, ഭക്ഷ്യ വസ്തുവില്‍പന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ബാങ്ക് സര്‍വീസുകള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം. താമസക്കാര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും ആശുപത്രികളിലേക്ക് പോകാനും രാവിലെ ആറു മുതല്‍ വൈകിട്ട് മൂന്നുവരെ സമയം അനുവദിച്ചിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങള്‍ക്ക് വാഹനമുപയോഗിക്കുന്നുവെങ്കില്‍ ്രൈഡവര്‍ക്ക് പുറമെ ഒരാളെ മാത്രമേ വാഹനത്തില്‍ അനുവദിക്കൂവെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ 25 പേര്‍ക്ക് പുതുതായി വൈറസ് ബാധ  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 342 ആയി. പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 14 പേര്‍ ഇന്ത്യക്കാരാണ്.

ഒമാനില്‍ 21 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 231 ആയി ഉയര്‍ന്നു. 57 പേര്‍ക്ക് രോഗം ഭേദമായി. 


 
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top