30 November Monday

സൗദിയിൽ റിയാദും ജിദ്ദയും ദമാമുമടക്കം പ്രമുഖ നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ

അനസ് യാസിന്‍Updated: Tuesday Apr 7, 2020

മനാമ> മക്കയ്ക്കും മദീനക്കും പിന്നാലെ തലസ്ഥാനമായ റിയാദും ജിദ്ദയുമടക്കം കൂടുതല്‍ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും സൗദി 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. റിയാദ്, ദമാം, തബൂക്ക്, ദഹ്റാന്‍, ഹുഫൂഫ് എന്നീ നഗരങ്ങളിലും ജിദ്ദ, തായിഫ്, ഖതീഫ്, അല്‍ഖോബാര്‍ എന്നീ ഗവര്‍ണറേറ്റുകളിലും കര്‍ഫ്യൂ നിലവില്‍ വന്നു.

അനിശ്ചിത കാലത്തേക്കാണ് കര്‍ഫ്യൂ ചുമത്തിയത്.ഈ മേഖലകളില്‍ നിലവില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ആഭ്യന്തര മന്ത്രാലയം 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചത്. കര്‍ഫ്യൂ മേഖലകളില്‍ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ട്. താമസിക്കുന്ന പ്രദേശം വിട്ട് സഞ്ചരിക്കാന്‍ പാടില്ല.

പുറത്തുള്ളവര്‍ അവിടങ്ങളിലേക്ക് കടക്കാനും പാടില്ല. ഭക്ഷണം, വൈദ്യ സഹായം എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല. ഇത് താമസക്കാരന്‍ അവരുടെ പാര്‍പ്പിട മേഖലയില്‍ നിന്ന് തന്നെ വാങ്ങണം. രാവിലെ ആറിനും ഉച്ചക്ക് മൂന്നിനും ഇടയ്ക്കാണ് അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി. കാറില്‍ ഡ്രൈവര്‍ ഒഴികെ ഒരാളേ പാടുള്ളൂ.

ആശുപത്രികള്‍, ഫാര്‍മസികള്‍, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഗ്യാസ്, ബാങ്ക്, മെയിന്റനന്‍സ്
സര്‍വിസസ്, ജലവിതരണം, മാലിന്യ നീക്കം തുടങ്ങിയ അവശ്യ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ക്കും പ്ലമ്പിങ് ടെക്നീഷ്യന്മാര്‍, എയര്‍കണ്ടീഷന്‍ ടെക്നീഷ്യന്മാര്‍ എന്നിവരടക്കം ഈ മേഖലയിലെ ജോലിക്കാര്‍ക്കും കര്‍ഫ്യൂ ബാധകമല്ല. ഏതൊക്കെ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്നത് പ്രത്യേക സമിതി ചേര്‍ന്ന് അതത് സമയത്ത് തീരുമാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ വ്യാഴാഴ്ചയാണ് മക്കയിലും മദീനയിലും മുഴുവന്‍ സമയ കര്‍ഫ്യൂ ചുമത്തിയത്.

കൊറോണവൈറസ് വ്യാപനം തടയാനായാണ് പുതിയ നടപടി.തിങ്കളാഴ്ച സൗദിയില്‍ നാലു പേര്‍ മരിക്കുകയും 220 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ മരണം 38 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിതര്‍ 2,605 ആയി ഉയര്‍ന്നു. തലസ്ഥാനമായ റിയാദ്, ജിദ്ദ, മക്ക എന്നിവടങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top