19 October Saturday

എണ്ണ വില കുതിക്കുന്നു; 20 ശതമാനം വര്‍ധന

അനസ് യാസിന്‍Updated: Tuesday Sep 17, 2019

മനാമ >  ഡ്രോണ്‍ ആക്രമണങ്ങളെ തുടര്‍ന്ന് സൗദി എണ്ണയുല്‍പ്പാദനം പകുതിയായി കുറച്ചതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ തുടങ്ങി. അസംസ്‌കൃത എണ്ണവില 20 ശതമാനം വര്‍ധിച്ച് ബാരലിന് 71 ഡോളര്‍ വരെ എത്തി. മൂന്നു പതിറ്റാണ്ടിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്.

 എണ്ണ വില 80 ഡോളര്‍ വരെ വര്‍ധിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സൗദി അരാംകോ പ്ലാന്റുകളിലെ ഉല്‍പാദനം ഉടന്‍ സാധാരണ നിലയിലാകുമെന്നും വിതരണത്തെ ബാധിക്കില്ലെന്നും ഊര്‍ജമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഉല്‍പ്പാദനം പൂര്‍വ്വ സ്ഥിതിയിലാകാന്‍ പ്രതീക്ഷിച്ചതിലേറെ കാലതാമസമെടുത്തേക്കാമെന്ന ആശങ്ക വിപണിയില്‍ പ്രകടമാണ്. മഴുവന്‍ ഉല്‍പ്പാദന ശേഷിയിലെത്താന്‍ ദിവസങ്ങള്‍ എടുത്തേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


 എണ്ണ വിതരണം പുനസ്ഥാപിക്കുന്നതു നീണ്ടുപോയാല്‍ പ്രതിസന്ധി മറികടക്കാന്‍ കരുതല്‍ ശേഖരം ഉപയോഗിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇതിനായി യുഎസ് ഊര്‍ജവകുപ്പ് നടപടി തുടങ്ങി.


 ശനിയാഴ്ച പുലര്‍ച്ചെയാണ് സൗദി കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈഖിലെ എണ്ണ ശുദ്ധീകരണ ശാലക്കും ഖുറൈ്സിലെ എണ്ണ പാടത്തിനും നേരെ യെമനിലെ ഹുതി മിലിഷ്യകള്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാണ് അബ്ഖൈഖിലേത്. സൗദിയിലെ രണ്ടാമത്തെ ഏറ്റവും വലിയ എണ്ണ പാടമാണ് ഖുറൈസിലേത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

 അരാംകോയുടെ 50 ശതമാനം എണ്ണ ഉല്‍പ്പാദനം ഇതോടെ നിലച്ചു. ഇത് പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതിയെ ബാധിച്ചു. പെട്രോളിയം മാത്രമല്ല, പ്രകൃതി വാതക കയറ്റുമതിയും 50 ശതമാനമായി ഇടിഞ്ഞു.


പ്രധാന വാർത്തകൾ
 Top