16 January Saturday

ഉടനെ എത്തുമോ വാക്സിൻ ?

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020


ലണ്ടൻ
ലോകം കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട്‌ ഒരുവർഷം ആവാറായി. കൊറോണ വൈറസിനെയും രോഗത്തെയും പറ്റി ശാസ്ത്രലോകം ഇതിനകം ഏറെ അറിവ്‌ നേടി. വിവിധ രാജ്യങ്ങളിൽ വാക്സിനായി പഠനം നടക്കുന്നെങ്കിലും മുന്നണിയിലുള്ള അര ഡസൻ വാക്സിനുകളിലാണ്‌ പ്രതീക്ഷയത്രയും.

● ഓക്സ്‌ഫഡ്
ഓക്സ്‌ഫഡ്‌ സർവകലാശാലയുമായി ചേർന്ന്‌ ബ്രിട്ടീഷ്‌ കമ്പനി ആസ്‌ട്രാ സെനക്ക വികസിപ്പിക്കുന്ന വാക്സിൻ 90 ശതമാനം ഫലപ്രദം എന്നാണ്‌ വിവരം. വയോജനങ്ങളിലും സുരക്ഷിതമെന്ന്‌ തെളിഞ്ഞു. വലിയ പ്രത്യാഘാതങ്ങളുമില്ല. ഉടൻ അനുമതിക്ക്‌ അപേക്ഷിക്കും. അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ വാക്സിനായിരിക്കുമെന്ന്‌ അവകാശവാദം.

● കോവാക്‌

 മൂന്നാംഘട്ട പരീക്ഷണത്തിലുള്ള ചൈനയുടെ കൊറോണ വാക്‌(കോവാക്‌) സുരക്ഷിതമെന്ന്‌ തെളിഞ്ഞു. എന്നാൽ, വാക്സിൻ ലഭിച്ചവരിൽ കോവിഡിന്‌ എതിരായ പ്രതിവസ്‌തുക്കളുടെ അളവ്‌ കുറവെന്നത്‌ വെല്ലുവിളി. ബ്രസീലിൽ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോർട്ട്‌ ഡിസംബർ പകുതിയോടെ ലഭ്യമാകും. ചൈനയുടെ മറ്റ്‌ മൂന്ന്‌ വാക്സിനും പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണ്‌. സർക്കാർ സ്ഥാപനമായ സിനോഫാമും സിഎൻബിജി, സിനോവാക്‌ കമ്പനികളും വികസിപ്പിച്ച വാക്സിൻ ജൂലൈയിൽ പത്തുലക്ഷത്തോളം പേർക്ക്‌ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിരുന്നു.

● ഫൈസർ
അമേരിക്കൻ കമ്പനിയായ ഫൈസർ ഇന്റർനാഷണലിന്റെ വാക്സിൻ കോവിഡ്‌ പ്രതിരോധിക്കുന്നതിൽ 95 ശതമാനം ഫലപ്രദമെന്ന്‌ 18ന്‌ പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നു. കോവിഡ്‌ പോസിറ്റീവായ 170 പേരിലായിരുന്നു മൂന്നാംഘട്ട പരീക്ഷണം. മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട്‌ പുറത്തുവിട്ട ആദ്യ കമ്പനിയാണ്‌. അമേരിക്കയിൽ ഉപയോഗത്തിന്‌ ദിവസങ്ങൾക്കകം അനുമതിക്ക്‌ അപേക്ഷിക്കും.

● മൊഡേണ
യുഎസ്‌ കമ്പനിയായ മൊഡേണ ഇന്റർനാഷണലിന്റെ വാക്സിൻ പരീക്ഷണവും അന്തിമ ഘട്ടത്തിലേക്ക്‌. 94.5 ശതമാനം ഫലപ്രദമെന്ന്‌ ഇടക്കാല റിപ്പോർട്ട്‌. ഏതാനും ആഴ്ചയ്‌ക്കുള്ളിൽ അനുമതിക്ക്‌ അപേക്ഷിക്കാനാകും.

● സ്പുട്‌നിക്‌ വി
റഷ്യയുടെ സ്പുട്‌നിക്‌ വാക്സിൻ ഇടക്കാല റിപ്പോർട്ട്‌ പ്രകാരം  92 ശതമാനം വിജയം. മനുഷ്യരിലെ പരീക്ഷണം പുരോഗമിക്കുന്നു. ഇന്ത്യയിൽ പരീക്ഷണം ഉടൻ ആരംഭിക്കും. അന്താരാഷ്ട്ര വിപണിയിൽ 20 ഡോളറിൽ താഴെയായിരിക്കും വില. റഷ്യയിൽ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിലെ 10,000 പേർക്ക്‌ വാക്സിൻ നൽകിക്കഴിഞ്ഞു. റഷ്യയിലും പുറത്തുമായി അടുത്ത വർഷം 100 കോടി ഡോസ്‌ ഉൽപ്പാദിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ചൈനീസ്‌, ഇന്ത്യൻ കമ്പനികളുമായി കരാറായി.

● ജെ ആൻഡ്‌ ജെ

ഇടക്കാലത്ത്‌ തടസ്സങ്ങൾ ഉണ്ടായെങ്കിലും ജോൺസൺ ആൻഡ്‌ ജോൺസൺ വാക്‌സിൻ പരീക്ഷണം പുരോഗമിക്കുന്നു. അവലോകന റിപ്പോർട്ട്‌ ഈ വർഷം തന്നെ പ്രസിദ്ധീകരിക്കും.

വാക്സിൻ വന്നാലും ശ്രദ്ധിക്കണം
മഹാമാരിയെ അതിജീവിക്കാൻ വാക്സിൻമാത്രം പര്യാപ്തമാകില്ലെന്ന്‌ വൈറസിലെ രോഗകാരിയെ വേർതിരിച്ച ഇറ്റാലിയൻ ഗവേഷക മരിയ റൊസാരിയ കാപോബിയാൻകി. വാക്സിനെത്തിയാലും രോഗപ്പകർച്ച തടയാൻ ജനങ്ങളുടെ ജീവിതശൈലിയിലും പെരുമാറ്റത്തിലും മാറ്റമുണ്ടായേ തീരൂ എന്നും അവർ ഇറ്റാലിയൻ മാധ്യമത്തിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘നാം വാക്സിന്‌ വളരെയടുത്ത്‌ എത്തി. എന്നാൽ, വൈറസിനെ പൂർണമായും തുടച്ചുനീക്കാനാകുമോ എന്ന്‌ അറിയില്ല. പകർച്ച തടയുകയാണ്‌ ഏക മാർഗം,’ അവർ പറഞ്ഞു.

വിതരണത്തിന്‌ യൂണിസെഫ്‌ തയ്യാർ
കോവിഡ്‌ വാക്സിൻ എത്തിയാലുടൻ കാലതാമസമില്ലാതെ രാജ്യങ്ങളിൽ‌ എത്തിക്കാൻ മുന്നൊരുക്കവുമായി യൂണിസെഫ്‌. ഇതിനായി വ്യോമയാന, കപ്പൽ, ലോജിസ്റ്റിക്സ്‌ മേഖലയിലെ 350ൽപ്പരം കമ്പനികളുമായി സഹകരിക്കും. 92 രാജ്യത്തിൽ 200 കോടി ഡോസ്‌ വാക്സിൻ എത്തിക്കാനാവശ്യമായ നടപടിക്രമം പാൻ അമേരിക്കൻ ഹെൽത്ത്‌ ഓർഗനൈസേഷൻ, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ എന്നിവയുമായി യൂണിസെഫ്‌ ചർച്ച ചെയ്തു.

ലോകത്തെ ഏറ്റവും വലിയ വാക്സിൻ പ്രയോക്താവാണ്‌ യൂണിസെഫ്‌. നിലവിൽ നൽകുന്ന വാക്സിനുകൾക്കു പുറമെ, പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുന്ന രാജ്യങ്ങളിലും മേഖലകളിലും പ്രതിരോധമരുന്ന്‌ എത്തിക്കുന്നു. 100 രാജ്യത്തിൽ പ്രതിവർഷം 200 കോടി ഡോസ്‌ എത്തിക്കുന്നതിന്റെ അനുഭവസമ്പത്ത്‌ കോവിഡ്‌ വാക്സിൻ വിതരണത്തിലും നിർണായകമാകും. വാക്സിൻ നൽകാൻ 100 കോടി സിറിഞ്ച്‌ ശേഖരിക്കാൻ കഴിഞ്ഞ മാസം  ശ്രമം ആരംഭിച്ചു.

ലോകാരോഗ്യ സംഘടന പറയുന്നത്‌
വാക്സിൻ 70 ശതമാനമെങ്കിലും ഫലപ്രദമായിരിക്കണമെന്ന്‌ ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്നു. 50 ശതമാനമെങ്കിലും ഫലപ്രാപ്തി വേണമെന്നാണ്‌ യുഎസ്‌ എഫ്‌ഡിഎ ആവശ്യപ്പെടുന്നത്‌. അതായത്‌, വാക്സിൻ ലഭിച്ചവരിലെ രോഗസ്ഥിരീകരണനിരക്ക്‌ ലഭിക്കാത്തവരിലേതിന്റെ  പകുതിയേ ആകാവൂ. വാക്സിൻ ലഭിക്കുന്നവരിൽ രണ്ടുമാസമെങ്കിലും പ്രതിരോധശേഷി ഉണ്ടാകുന്നുവെന്ന്‌ ഉറപ്പാക്കിയാൽമാത്രമേ അനുമതിക്ക്‌ അപേക്ഷിക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top