20 October Tuesday

ലോകത്ത്‌ കോവിഡ്‌ കവർന്നത്‌ 10 ലക്ഷം പേരെ ; പല രാജ്യങ്ങളിലും പരിശോധന അപര്യാപ്‌തം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


വാഷിങ്‌ടൺ
ലോകത്ത്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നു. ആദ്യമായി രോഗം സ്ഥിരീകരിച്ച്‌ ഒമ്പത്‌ മാസത്തിനകമാണ്‌ രോഗികൾ 10 ലക്ഷമായത്‌. യുഎസിലെ ജോൺ ഹോക്‌പിൻസ്‌ സർവകലാശാലയുടെ കണക്ക്‌ പ്രകാരം മരണം 10,03,168 ആണ്‌. അതേസമയം, മരണസംഖ്യ ഇതിലും കൂടുതലാണെന്ന്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) പറഞ്ഞു. മഹാമാരികളിൽ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയില്ലെന്ന്‌ ഡബ്ല്യുഎച്ച്‌ഒ അത്യാഹിതവിഭാഗം വിദഗ്‌ധൻ മൈക്ക്‌ റിയാൻ പറഞ്ഞു.

നിലവിൽ പ്രതിദിനം 5000 മരണമാണ്‌ സ്ഥിരീകരിക്കുന്നത്‌. പല രാജ്യങ്ങളിലും പരിശോധന അപര്യാപ്‌തമാണ്‌. കണക്കുകൾ മറച്ചുവയ്‌ക്കുകയും ചെയ്യുന്നുണ്ട്‌.  യുഎസ്‌ അടക്കം വിവിധ രാജ്യങ്ങളിൽ കോവിഡിന്റെ രണ്ടാംവരവിലാണ്‌. അതിനാൽ  മരണം ഇനിയും വർധിക്കും‌.

യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌, ബ്രസീൽ പ്രസിഡന്റ്‌ ബോൾസ്‌നാരോ എന്നിവരടക്കമുള്ള ഭരണാധികാരികൾ സ്വീകരിച്ച കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരായ നിലപാടുകൾ രോഗവ്യാപനത്തിന്‌ കാരണമായെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാണിച്ചു. കോവിഡ്‌മൂലം തൊഴിലില്ലായ്‌മ, പട്ടിണി തുടങ്ങിയവും വർധിച്ചു. മറ്റു പല രോഗങ്ങൾക്ക്‌ ചികിത്സ ലഭിക്കാതെയും നിരവധി പേർ മരിക്കുന്നു. ലോകത്ത്‌ മരിക്കുന്നവരിൽ അഞ്ചിൽ ഒരാൾ അമേരിക്കയിലാണ്‌. കഴിഞ്ഞ രണ്ടാഴ്‌ചയിൽ  50ൽ 27 സംസ്ഥാനത്തും വ്യാപനത്തിന്റെ തോത്‌ കൂടുതലാണ്‌.

ഇന്ത്യയിൽ നഗരങ്ങളിൽനിന്ന്‌ ഗ്രാമങ്ങളിലേക്ക്‌ രോഗം വ്യാപിക്കുന്നത്‌ സ്ഥിതി രൂക്ഷമാക്കുകയാണ്‌. ആശുപത്രി സൗകര്യങ്ങളുടെ പര്യാപ്‌തത മരണം ഉയർത്തിയേക്കാമെന്നാണ്‌ വിലയിരുത്തുന്നത്‌.

യുഎസിനു പുറമെ യൂറോപ്പിലും കോവിഡിന്റെ രണ്ടാം വരവ്‌ വ്യാപനം തീവ്രമാക്കുകയാണ്‌.  വ്യാപനം രൂക്ഷമാകുന്നതിനെ നേരിടാൻ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളും യൂറോപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്‌. തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിലുണ്ടായ നിയന്ത്രണങ്ങൾ നഷ്ടമായി.  നവംബറിൽ തെരഞ്ഞെടുപ്പ്‌ നടത്താനൊരുങ്ങുന്ന മ്യാൻമറിൽ ആഴ്‌ചയിൽ രോഗികൾ ഇരട്ടിക്കുകയാണ്‌.  കോവിഡിന്റെ രണ്ടാംവരവുണ്ടായാൽ പൊതു ആരോഗ്യസംവിധാനം മോശമായ രാജ്യത്ത്‌ സ്ഥിതി സങ്കീർണമാകുമെന്ന് മ്യാൻമറിനെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന‌ ചിയാങ് മായ് പറഞ്ഞു.

രോഗം നിയന്ത്രിക്കാൻ പരിശോധന വർധിപ്പിക്കുകമാത്രമാണ്‌ വഴിയെന്നും ഇതിനായി സാമ്പത്തികമായി ദരിദ്രരാജ്യങ്ങൾക്ക്‌ 12 കോടി അതിവേഗ ടെസ്റ്റിങ്‌ കിറ്റുകൾ നൽകുമെന്ന്‌ ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു. ആകെ രോഗികൾ: 3,36,82,430. മുക്തർ: 2,49,88,963.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top