02 July Thursday

കോവിഡ്‌ : ലക്ഷം കടന്നു ബ്രസീൽ ; മരണം 6,750 ; ജയിലിൽ കലാപം

വെബ് ഡെസ്‌ക്‌Updated: Monday May 4, 2020


ബ്രസീലിയ
ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ പേർക്ക്‌ കോവിഡ്‌ ബാധിച്ച ബ്രസീലിൽ രോഗികൾ ഒരു ലക്ഷം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കും പ്രസിഡന്റ്‌ ജെയ്‌മർ ബോൾസനാരോയുടെ വിവാദ നിലപാടുകൾക്കുമിടയിലാണ്‌ ബ്രസീലിൽ കോവിഡ്‌ വ്യാപിക്കുന്നത്‌. ലാറ്റിനമേരിക്കയിലെ മൊത്തം രോഗികളിൽ പകുതിയും ബ്രസീലിലാണ്‌. മരണം 6,750 കടന്നു.

താരതമ്യേന വൈകി കോവിഡ്‌ കടന്നുവന്ന രാജ്യമായിട്ടും  ചെറുക്കാൻ കഴിയാതെ ലാറ്റിനമേരിക്കയിലെ പ്രഭവകേന്ദ്രമാകുകയാണ്‌ ബ്രസീൽ. ഫെബ്രുവരി 25ന്‌ ആദ്യരോഗം സ്ഥിരീകരിച്ച ഇവിടെ ഒരു മാസം കഴിഞ്ഞാണ്‌ രോഗികൾ 1000 കടന്നത്‌. 10 ദിവസംകൊണ്ട്‌ ഏപ്രിൽ നാലിന്‌ രോഗികൾ പതിനായിരമായി. 24ന്‌ അമ്പതിനായിരത്തിൽപരവും അടുത്ത 10 ദിവസത്തിനുള്ളിൽ ഇരട്ടിച്ച്‌ ഒരു ലക്ഷവുമായി. മരണത്തിലും വലിയ വർധനയാണ്‌‌. ഏപ്രിൽ ഒമ്പതിന്‌ ആയിരത്തിൽ താഴെയായിരുന്ന മരണം ഞായറാഴ്‌ച 6,761 ആയി.

അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനൊപ്പം തുടക്കംമുതൽ നിഷേധാത്മക നിലപാടാണ്‌ തീവ്രവലതുപക്ഷവാദിയായ ബോൾസനാരോ സ്വീകരിച്ചത്‌. ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ തള്ളിയ ബോൾസനാരോ ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങളും അവഗണിച്ചു. കോവിഡ്‌ ചെറു പനിയാണെന്നും അടച്ചുപൂട്ടൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നുമായിരുന്നു വാദം. കോവിഡ്‌ നേരിടുന്നതിൽ കാര്യക്ഷമമായി പ്രവത്തനം നടത്തിയ ആരോഗ്യമന്ത്രി ലൂയിസ്‌ ഹെൻറിക്‌ മൻഡേറ്റയെ പുറത്താക്കി. ഐസൊലേഷൻ, അടച്ചുപൂട്ടൽ അടക്കം കർശന നടപടികൾ സ്വീകരിക്കണമെന്ന നിലപാട്‌ സ്വീകരിച്ച ഡോക്ടർകൂടിയായ മന്ത്രിയെയാണ്‌ പുറത്താക്കിയത്‌. ഇതിനു പിന്നാലെ ബോൾസനാരോയുടെ നിലപാടിൽ പ്രതിഷേധിച്ച്‌ നിയമമന്ത്രി സെർജിയോ മോറോ രാജിവച്ചു.

ലാറ്റിനമേരിക്കയിൽ ബ്രസീലിനു പിന്നിലുള്ള ഇക്വഡോറിൽ 1371 പേരാണ്‌ മരിച്ചത്‌. രോഗികൾ 27,464. മരണം ആയിരം കടന്ന  (1200) മറ്റൊരു രാജ്യം പെറുവാണ്‌. ഇവിടെ രോഗികൾ- 42,534.

ജയിലിൽ കലാപം
സന്ദർശകരെ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച്‌ ബ്രസീൽ ജയിലിൽ കലാപം. പുരക്യേക്വാറ ജയിലിൽ തടവുകാർ‌ ഏഴ്‌ സുരക്ഷാ ഉദ്യോഗസ്ഥരെ ‌ തടവിലാക്കി‌. അഞ്ചുമണിക്കൂറിനുശേഷം സ്ഥിതി സാധാരണനിലയിലെത്തിയതായി പൊതുസുരക്ഷാ സെക്രട്ടറിയറ്റ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ വിട്ടയച്ചതായും അധികൃതർ പറഞ്ഞു.

കോവിഡ്‌ ഭീഷണിയെത്തുടർന്ന്‌ മാർച്ച്‌ പകുതിമുതലാണ്‌ സന്ദർശകരെ വിലക്കിയത്‌. ജയിലിനുള്ളിൽ കോവിഡ്‌ വ്യാപിച്ചു എന്ന വാർത്ത വന്നിരുന്നു. എന്നാൽ, കുടുംബാംഗങ്ങൾക്ക്‌ ഇത്‌ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ബന്ധുക്കൾ കാണാൻ വരാത്തതിനെത്തുടർന്നുള്ള ഉൽക്കണ്ഠയാണ്‌ തടവുകാരുടെ കലാപത്തിന്‌ വഴിവച്ചതെന്ന്‌ ആമസോണിലെ ജയിൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്‌ റോസിനാൾഡോ സിൽവ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top