14 July Tuesday
സൗദിയില്‍ രോഗമുക്തി 64.96 ശതമാനം

ഗള്‍ഫില്‍ കോവിഡ്‌ കേസുകള്‍ രണ്ട് ലക്ഷം കടന്നു; ഇന്ന് മാത്രം 23 മരണം

അനസ് യാസിന്‍Updated: Thursday May 28, 2020
 
മനാമ>  ഗള്‍ഫില്‍ കൊറോണവൈറസ് കേസുകള്‍ രണ്ട് ലക്ഷം കടന്നു. ബുധനാഴ്ച രാത്രിവരെ ആറു ഗള്‍ഫ് രാജ്യങ്ങളിലായി 2,00,730 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 939 പേര്‍ മരിച്ചു. 95,941 പേര്‍ക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 5,640 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും 23 പേര്‍ മരിക്കുകയും ചെയ്തു. ആറ് ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ച കോവിഡിനെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. 
 
ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളും മരണങ്ങളും സൗദിയിലാണ്. രാജ്യത്ത് ഇതുവരെ 78,541 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 425 പേര്‍ മരിച്ചു. പശ്ചിമേഷ്യയില്‍ ഏറ്റവും ഉയര്‍ന്ന രോഗമുക്തി സൗദിയിലാണ്. 64.96 ശതമാനമാണ് രോഗമുക്തി. ആകെ രോഗികളില്‍ 51,022 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ബുധനാഴ്ച 14 പേര്‍ മരിക്കുകയും 1,815 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. 2,572 പേര്‍ക്കാണ് ബുധനാഴ്ച രോഗമുക്തി. 
 
കൊറോണവൈറസ് കേസുകളില്‍ ജിസിസിയില്‍ രണ്ടാം സ്ഥാനത്ത് ഖത്തറാണ്. ഇതുവരെ 48,947 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 30 പേര്‍ മരിച്ചു. 13,283 പേര്‍ സുഖം പ്രാപിച്ചു. ബുധനാഴ്ച 1,740 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. 1,439 പേര്‍ക്ക് രോഗം ഭേദമായി. 
 
യുഎഇയില്‍ ഇതുവരെ 31,969 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 255 പേര്‍ മരിച്ചു. 16,371 പേര്‍ക്ക് രോഗം ഭേദമായി. ബുധനാഴ്ച രണ്ടു പേര്‍ മരിക്കുകയും 883 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 
 
കോവിഡ് മരണ നിരക്കില്‍ സൗദിക്കും യുഎഇക്കും പിന്നില്‍ കുവൈത്താണ്. ഇതുവരെ 175 പേരാണ് മരിച്ചത്. 23,267 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4,976 പേര്‍ക്ക് രോഗം ഭേദമായി. ബുധനാഴ്ച 640 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. മൂന്നു പേര്‍ മരിച്ചു. 
 
ബഹ്‌റൈനില്‍ ഇതുവരെ 9,692 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5,152 പേര്‍ക്ക് രോഗം ഭേദമായി. ജിസിസിയില്‍ ഏറ്റവും കുറഞ്ഞ മരണനിരക്ക് ബഹ്‌റൈനിലാണ്. ഇതുവരെ 15 പേരാണ് മരിച്ചത്. ബുധനാഴ്ച കോവിഡ് ബാധിച്ച് പവാസി മരിച്ചു. 327 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. പകല്‍ 268 പേര്‍ക്കും രാത്രി 59 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 
 
ഒമാനില്‍ ഇതുവരെ 8,373 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 39 പേര്‍ മരിക്കുകയും ചെയ്തു. 2,177 പേര്‍ക്ക് രോഗമുക്തി. ബുധനാഴ്ച 67 കാരനായ പ്രവാസി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 255 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു.
 
 

പ്രധാന വാർത്തകൾ
 Top