23 April Friday

കോവിഡ്‌ 2022ലേക്ക്‌ നീണ്ടേക്കും‌: ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

ജനീവ > ഈ വർഷംതന്നെ ലോകം കോവിഡ്‌ മുക്തമാകുമെന്ന പ്രതീക്ഷ യാഥാർഥ്യത്തിന്‌ നിരക്കാത്തതെന്ന്‌ ലോകാരോഗ്യ സംഘടന. ഫലപ്രദമായ വാക്സിനുകൾ  എത്തിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണത്തിൽ വലിയ കുറവുണ്ടാകും. രോഗവ്യാപനം കുറയ്‌‌ക്കുന്നതിലാകണം ലോകത്തിന്റെയാകെ ശ്രദ്ധയെന്നും ഡബ്ല്യൂഎച്ച്‌ഒയുടെ അടിയന്തരഘട്ട പദ്ധതികളുടെ ഡയറക്ടർ മൈക്കിൾ റയാൻ പറഞ്ഞു.

ഇതുവരെയുള്ള പഠനത്തിൽ നിലവിൽ നൽകിക്കൊണ്ടിരിക്കുന്ന വാക്സിനുകൾ രോഗവ്യാപനത്തെ ചെറുക്കാൻ സഹായിക്കുന്നതായി കണ്ടെത്തി. രോഗാതുരത കുറയ്ക്കാനും ഇവ സഹായിക്കുന്നു. ഇപ്പോൾ വൈറസിനെ ഏറെക്കുറെ വരുതിയിലാക്കാനായിട്ടുണ്ട്‌. വാക്സിനുകൾ എത്തിയെന്ന്‌ കരുതി അലംഭാവം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ വിതരണത്തിൽ മുൻഗണന കൃത്യമായി പാലിക്കണമെന്ന്‌ ഡബ്ല്യൂഎച്ച്‌ഒ ഡയറക്ടർ ജനറൽ ടെഡ്രോസ്‌ അഥാനം ഗബ്രിയേസസ് പറഞ്ഞു. സമ്പന്ന രാജ്യങ്ങളിൽ വയോധികരെ അവഗണിച്ച്‌ ചെറുപ്പക്കാർക്ക്‌ വാക്സിൻ നൽകുന്നത്‌ ദു:ഖകരമാണ്‌. ഓരോ രാജ്യത്തെയും സാഹചര്യം വിലയിരുത്തിയാണ്‌ വാക്സിൻ നൽകേണ്ടത്‌. പരസ്പരം മത്സരിക്കേണ്ട വിഷയമല്ല.

കഴിഞ്ഞ എഴ്‌ ആഴ്ചയിലെ കണക്ക്‌ വിലയിരുത്തുമ്പോൾ കഴിഞ്ഞയാഴ്ച കോവിഡ്‌ കേസുകളിൽ വർധനയുണ്ടായി. ഇതിന്റെ കാരണം വ്യക്തമല്ല. മാനദണ്ഡങ്ങളിൽ അയവ്‌ വന്നതും കാരണമായേക്കാം–- അദ്ദേഹം പറഞ്ഞു.

അമേരിക്കയിൽ കോവിഡിന്റെ‌ *നാലാം വ്യാപനം ഉണ്ടായേക്കാമെന്ന്‌

വാഷിങ്‌ടൺ > നിലവിൽ പടരുന്ന അതിവ്യാപനശേഷിയുള്ള കോവിഡ്‌ വൈറസ്‌ അമേരിക്കയിൽ നാലാം വ്യാപനത്തിന്‌ കാരണമായേക്കാമെന്ന്‌ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷൻ മേധാവി ഡോ. റോഷെൽ വലെൻസ്കി. ഔദ്യോഗിക കണക്ക്‌ പ്രകാരം കഴിഞ്ഞയാഴ്ച ഒറ്റ ദിവസം 70,000 പുതിയ കോവിഡ്‌ കേസുണ്ടായി. അതേദിനം 2000നടുത്ത്‌ മരണവും റിപ്പോർട്ട്‌ ചെയ്തു. ഈയവസ്ഥയിൽ ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം ഗുരുതരമായ അവസ്ഥയുണ്ടാക്കുമെന്നും അവർ പറഞ്ഞു. അമേരിക്കയിൽ അഞ്ച്‌ കോടിയിലധികമാളുകൾക്ക്‌ വാക്‌സിൻ നൽകിയിട്ടും രോഗ വ്യാപനം കുറയാത്തത്‌ ആശങ്കക്കിടയാക്കിയിട്ടുണ്ട്‌.

യുകെയിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ്‌ അമേരിക്കയിൽ വ്യാപിക്കുന്നുണ്ട്‌. ഈ മാസത്തോടെ അമേരിക്കയിൽ ഏറ്റവും കൂടുതൽ പടരുന്നത്‌ ‘യുകെ വൈറസാ’കുമെന്ന്‌ വിദഗ്‌ധർ മുന്നറിയിപ്പ്‌ നൽകിയിരുന്നു. വേൾഡോമീറ്റർ കണക്ക്‌ പ്രകാരം അമേരിക്കയിൽ ചൊവ്വാഴ്ച വൈകിട്ടുവരെ 2,93,14,254 പേർ കോവിഡ്‌ ബാധിതരായി. 5,27,226 പേർ മരിച്ചു. ചികിത്സയിലുള്ളവർ 89,69,496.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top