02 July Thursday

കൊറോണ വൈറസ്: ഗള്‍ഫില്‍ നിയന്ത്രണങ്ങള്‍ തുടരും

അനസ് യാസിന്‍Updated: Wednesday Apr 22, 2020

മനാമ > കൊറോണവൈറസ് വ്യാപനം തടയാനായി ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിച്ച നിയന്ത്രണങ്ങള്‍ റമദാനിലും തുടരും.
മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ഒമാന്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മെയ് എട്ടുവരെ നീട്ടി. റമദാനില്‍ പള്ളികളിലെയും മജ്‌ലിസുകളിലെയും ഇഫ്താറും വിവിധ പരിപാടികളും വിലക്കി.

കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ സൗദിയില്‍ റമദാനില്‍ പുറത്തിറങ്ങാനുള്ള സമയം രാവിലെ ഒന്‍പതുമുതല്‍ വൈകീട്ട് അഞ്ചുവരെയാക്കി. സൗദിയില്‍ റിയാദടക്കം ഏഴു പട്ടണങ്ങളിലും നാലു ഗവര്‍ണറേറ്റുകളിലും 24 മണിക്കൂര്‍ കര്‍ഫ്യൂവാണ്. മറ്റിടങ്ങളില്‍ ഉച്ചക്ക് മൂന്നു രാത്രി കാല കര്‍ഫ്യൂവും. 

മക്ക, മദീന ഹറമുകളില്‍ റമദാനിലെ തറാവീഹ് നമസ്‌കാരം മുറപോലെ നടക്കുമെന്ന് ഹറം കാര്യാലയം പ്രസിഡണ്ട് അറിയിച്ചു. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഹറമുകളിലേക്ക് പ്രവേശനമുണ്ടാകില്ല. ഹറമുകളില്‍ ഇഅ്തികാഫ് (ഭജനമിരിക്കല്‍) അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

ബഹ്‌റൈനില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. സിനിമാശാലകള്‍, ജിംനേഷ്യം, നീന്തല്‍കുളങ്ങള്‍, സലൂണ്‍ എന്നിവ അടച്ചിടുന്നത് മെയ് ഏഴു വരെ നീട്ടി. റമദാനില്‍ ഇഫ്ത്താര്‍, ഗബ്ക, മജ്‌ലിസ് സംഗമങ്ങള്‍, പൊതു സ്ഥലങ്ങളിലെ നോമ്പുതുറ, റോഡരികിലെ ഇഫ്താര്‍ കിറ്റ് വിതരണം എന്നിവ വിലക്കി. പരിമിത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തുളള ഇഫ്താര്‍ നടത്താം. ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. സക്കാത്ത് വിതരണവും ശേഖരണവും ഓണ്‍ലൈന്‍ വഴിയാക്കും. ആളുകളുമായി നേരിട്ട് ഇടപെടുന്ന വാണിജ്യ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സേവനം മാത്രമാണ് ലഭ്യമാകുക. പൊതു സ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടന്നതിനുള്ള വിലക്ക് തുടരും.

കുവൈത്തില്‍ ഏപ്രില്‍ 26 വരെ അനുവദിച്ച പൊതു അവധി മെയ് 28 വരെ നീട്ടി. റമദാന്‍ ഒന്ന് മുതല്‍ കര്‍ഫ്യൂ സമയം വൈകീട്ട് നാല് മുതല്‍ രാവിലെ എട്ടുവരെയാക്കി പുനഃക്രമീകരിച്ചു.
ഖത്തറില്‍ റസ്‌റ്റൊറണ്ടുകളും കഫേകളും ഉപഭോക്താള്‍ക്ക് നേരിട്ട് ഭക്ഷണം പാര്‍സലായി നല്‍കുന്നത് നിരോധിച്ചു. പകരം, ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിച്ചുകൊടുക്കണം.

കൊേറാണവൈറസ് ബാധിച്ച് ഗള്‍ഫില്‍ ബുധനാഴ്ച ഒന്‍പത് പ്രവാസികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. പുതുതായി 2,542 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച് രോഗികള്‍ 33,995 ആയി.  ഇതില്‍ 204 പേര്‍ മരിച്ചു.

 


പ്രധാന വാർത്തകൾ
 Top